ലിവര്‍പൂള്‍ ചൈനീസ് കമ്പനിക്ക്?
ലണ്ടന്‍
ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെ ചൈനീസ് ബിസിനസ് പ്രമുഖന്‍ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ കമ്പനിയായ ക്യുഎസ്എല്‍ സ്പോര്‍ട്സ് ലിമിറ്റഡ് ഉടമ കെന്നി ഹുവാങ്ങാണ് ലിവറില്‍ താത്പര്യം കാണിച്ചിരിക്കുന്നത്. ഏകദേശം 35 കോടി പൗണ്ട് നല്‍കാന്‍ ഹുവാങ് തയാറെന്നും റിപ്പോര്‍ട്ട്.
ഏപ്രില്‍ മുതല്‍ ലിവര്‍പൂള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. ഓഗസ്റ്റ് 31 ന് ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് കൈമാറ്റം നടന്നേക്കും. അവഗണിക്കാനാകാത്ത പ്രൊപ്പോസലാണ് ഹുവാങ് മുന്നോട്ടുവച്ചതെന്നും, ക്ലബ് അധികൃതര്‍ ഇതേക്കുറിച്ച് ചര്‍ച്ചയിലാണെന്നും സൂചന.
അമേരിക്കന്‍ ബിസിനസുകാരായ ടോം ഹിക്സിന്‍റെയും ജോര്‍ജ് ഗില്ലെറ്റിന്‍റെയും ഉടമസ്ഥതയിലാണ് ക്ലബ് ഇപ്പോള്‍. റോയല്‍ ബാങ്ക് ഒഫ് സ്കോട്ലന്‍ഡില്‍ ക്ലബ്ബിന് ഇരുപത്തിമൂന്നരക്കോടിയോളം പൗണ്ട് കടബാധ്യതയുണ്ട്. ക്ലബ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ബാങ്ക് അധികൃതരുമായി ഹുവാങ് ആഴ്ചകളായി ചര്‍ച്ച നടത്തുകയായിരുന്നു. എന്നാല്‍, ഹുവാങ്ങുമായി നേരിട്ടല്ല ചര്‍ച്ചകളെന്ന് ബാങ്ക് അറിയിച്ചു.
ക്ലബ്ബിന്‍റെ കടം വീട്ടാമെന്നും, മാനെജര്‍ റോയ് ഹോഡ്സന്‍റെ ആവശ്യാനുസരണം താരങ്ങളെ ക്ലബ്ബിലെടുക്കാന്‍ പണമിറക്കാമെന്നും ഹുവാങ് സമ്മതിച്ചെന്നാണു സൂചന. ക്ലബ്ബിനു വേണ്ടി പുതിയ സ്റ്റേഡിയം നിര്‍മിക്കാനും പദ്ധതി. ചൈനീസ് കായിക രംഗത്ത് ഹുവാങ് ഏറെ പരിചിതനാണ്. ബാസ്കറ്റ്ബോളിലും ബേസ്ബോളിലുമായിരുന്നു ഇത്രയും നാള്‍ അദ്ദേഹത്തിന്‍റെ നിക്ഷേപം. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ജോലി ചെയ്ത ആദ്യ ചൈനീസ് ഗ്രാജ്വേറ്റ് കൂടിയാണ് ഹുവാങ്.
Close...
Maximum Character Allowed -
4000