രണ്ടു ലക്ഷം കുട്ടികള്‍ കുറവ്
Wednesday,
August 04,
2010
തിരുവനന്തപുരം
സംസ്ഥാനത്തെ 11 ജില്ലകളിലെ സ്കൂളുകളില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികളുടെ കുറവ്. തിങ്കളാഴ്ച നടത്തിയ ഏകദിന പരിശോധനയിലാണു കുട്ടികളുടെ കുറവ് കണ്ടെത്തിയത്. ആറാം പ്രവൃത്തിദിവസം ശേഖരിച്ച കണക്കുകളിലാണ് ഇപ്പോള്‍ കുറവുവന്നത്. ഇതുകാരണം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 3,300 അധ്യാപക തസ്തികകള്‍ നഷ്ടപ്പെടും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കണക്കുകളുടെ ക്രോഡീകരണം പൂര്‍ത്തിയായില്ല.
ആറാം പ്രവൃത്തി ദിവസത്തെ ഏകദിന കണക്കെടുപ്പില്‍ 43,42,000 വിദ്യാര്‍ഥികള്‍ സ്കൂളുകളിലുണ്ടെന്നു കണക്കാക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച നടത്തിയ കണക്കെടുപ്പില്‍ രണ്ടുലക്ഷം പേരുടെ കുറവ് കണ്ടെത്തി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ആറാം പ്രവൃത്തിദിനത്തിനു ശേഷം നടത്തിയ കണക്കെടുപ്പില്‍ കുറവു വന്നിരുന്നു.
ജനസംഖ്യയിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളിലും വിദേശത്തും കുടുംബങ്ങള്‍ ചേക്കേറിയതും മറ്റു സിലബസുകളിലേക്കു മാറുന്നതുമാണു വിദ്യാര്‍ഥികളുടെ കുറവിനു കാരണങ്ങളെന്നു പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് മെട്രൊവാര്‍ത്തയോടു പറഞ്ഞു. എന്നാല്‍ ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പിലും ഇപ്പോഴത്തെ കണക്കെടുപ്പിലുമുണ്ടായ വ്യത്യാസം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ പ്രതികരിച്ചില്ല.
അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രധാനമായും കേന്ദ്ര സിലബസാണു പഠിപ്പിക്കുന്നത്. അനംഗീകൃത സ്കൂളുകളിലും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ആറാം പ്രവൃത്തിദിവസം പല മാനെജ്മെന്‍റ് സ്കൂളുകളും കണക്കെടുപ്പില്‍ തിരിമറി നടത്തിയിരുന്നു. ഇവരുടെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനംഗീകൃത സ്കൂളുകളിലെയും കേന്ദ്ര സിലബസുകള്‍ പഠിപ്പിക്കുന്ന സ്കൂളുകളിലെയും വിദ്യാര്‍ഥികളെ എയ്ഡഡ് സ്കൂളുകളിലെത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പില്‍ ഇത്തരമൊരു കള്ളക്കള്ളി നടന്നില്ല. ആറാം പ്രവൃത്തിദിവസത്തിനു ശേഷം വിദ്യാര്‍ഥികളുടെ കുറവുകൊണ്ട് അധ്യാപകരുടെ ജോലി നഷ്ടമാകില്ലെന്നു വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ടാണു മാനെജ്മെന്‍റ് സ്കൂളുകള്‍ തിരിമറി നടത്താതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കണക്കെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ സെന്‍ട്രല്‍ യു.പി. സ്കൂളിലെ ഹെഡ്മിസ്ട്രസിനെതിരേയും ഇവിടെ കണക്കെടുക്കാനെത്തിയ പിഎംജി സ്കൂളിലെ അധ്യാപകനെതിരേയുമാണു നടപടി സ്വീകരിച്ചത്. ആദ്യം കണക്കെടുക്കാനെത്തിയപ്പോള്‍ വേറെ സ്കൂളിലെ കുട്ടികളെ ഇവിടെ കണ്ടതിനാല്‍ കണക്കെടുക്കാന്‍ അധ്യാപകന്‍ തയാറായില്ല.
എഇഒയുടെ നിര്‍ദേശ പ്രകാരം പിന്നീട് വീണ്ടും എത്തിയെങ്കിലും ആ ദിവസം സ്കൂളിന് അവധി നല്‍കിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണു വിദ്യാഭ്യാസ വകുപ്പ് നടപടി യെടുത്തത്.
Close...
Maximum Character Allowed -
4000