Thursday, February 09, 2012   11:46 AM IST
Supplements
Home>> News>> Kerala News
Kerala News
വെള്ളംകുടി മുട്ടി
Friday, August 06, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ജല അഥോരിറ്റിയുടെ ഉടമസ്ഥതയിലുള്ള പമ്പിങ് സ്റ്റേഷനുകളിലെ വൈദ്യുതി കണക്ഷനുകള്‍ വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചു. വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണു വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. അമ്പതില്‍പ്പരം സ്റ്റേഷനുകളില്‍ ഇതോടെ പമ്പിങ് നിലച്ചു. പലേടത്തും കുടിവെള്ളം മുടങ്ങി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്നം താല്‍ക്കാലികമായി പരിഹിരിച്ചു. രാത്രിയോടെ മിക്കയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു പമ്പിങ് തുടങ്ങി.

വാട്ടര്‍ അഥോറിറ്റിയുടെ വൈദ്യുതി കുടിശിക 150 കോടിയോടുത്തതിനെത്തുടര്‍ന്നാണു വൈദ്യുതി ബോര്‍ഡ് കടുത്ത നിലപാടു സ്വീകരിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കുടിശിക 111 കോടിയായിരുന്നു. ഓരോ മാസവും ശരാശരി 12 കോടി രൂപ കുടിശിക വരുത്തുന്നുണ്ട്. നേരത്തേ 2008 മാര്‍ച്ച് 31 വരെയുള്ള 700 കോടിയോളം രൂപയുടെ കുടിശിക പ്രശ്നം പരിഹരിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം 250 കോടി വാങ്ങിയ ബോര്‍ഡ് പലിശയും പിഴ പലിശയും ഒഴിവാക്കിയാണു പ്രശ്നം. അന്നു എല്ലാ മാസവും കൃത്യമായി പണം അടയ്ക്കാമെന്ന ഉറപ്പിലായിരുന്നു നടപടി. എന്നാല്‍ ഇതുവരെ ധാരണ പാലിക്കാന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞില്ല.

കുടിശിക ആവശ്യപ്പെട്ടു പല തവണ വൈദ്യുതി ബോര്‍ഡ് നോട്ടിസ് നല്‍കിയെങ്കിലും വാട്ടര്‍ അഥോറിറ്റിയോ ജലവവിഭവ വകുപ്പോ പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണു ബോര്‍ഡ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടുത്ത നിലപാടു സ്വീകരിച്ചത്. നേരത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ ഇതു വ്യക്തമാക്കിയിരുന്നു. കുടിശിക അടയ്ക്കാത്ത സര്‍ക്കാര്‍ വകുപ്പുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണു ബാലന്‍ മുന്നറിയിപ്പു നല്‍കിയിരുന്നത്.

കരമന, പിറ്റിപി നഗര്‍, തിരുവല്ല, തൊടുപുഴ, കോഴിക്കോട് മുക്കം പഞ്ചായത്തിലെ തോട്ടത്തില്‍ കടവ്, മാമ്പറ്റ, മുക്കം, കൊടിയത്തൂര്‍, കൂവപ്പാറ മാലാം കുന്ന് , കോട ഞ്ചേരി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങി പമ്പിങ് തടസപ്പെട്ടത്. ഇടുക്കിയിലും കണ്ണൂരിലും പത്ത് വീതം പമ്പിങ് സ്റ്റേഷനുകളിലെ വൈദ്യുതി ബന്ധമാണു വിച്ഛേദിച്ചത്.

പമ്പിങ് നിര്‍ത്തി വച്ചതോടെ ജലവിഭവ മന്ത്രി എന്‍.കെ. പ്രമേചന്ദ്രന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍, തദ്ദേശ വകുപ്പു മന്ത്രി പാലോളി മുഹമദ് കുട്ടി, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അടുത്ത മന്ത്രിസഭാ യോഗം വരെയെങ്കിലും സമയം വേണമെന്നായിരുന്നു പ്രേമചന്ദ്രന്‍റെ ആവശ്യം. കുടിശിക അടിയന്തരമായി അടയ്ക്കാമെന്നും മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണു വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code