ഉടല്‍ മണ്ണുക്ക് ഉയിര്‍ രജനിക്ക്
Saturday,
August 07,
2010
അനൂപ് മോഹന്‍
നാന്‍ എപ്പ വരുവേന്‍, എപ്പടി വരുവേന്നു യാര്ക്കും തെരിയാത്. ആനാല്‍, വരവേണ്ടിയ നേരത്തില്‍ കറക്റ്റാ വരുവേന്‍... സൂപ്പര്‍ഹിറ്റ് ഡയലോഗ് പോലെ കൊച്ചി നഗരത്തിന്‍റെ ഏതു ഭാഗത്തു വേണമെങ്കിലും കൃത്യസമയത്തു ഭാഗ്യവുമായി രജനീകാന്ത് പ്രത്യക്ഷപ്പെടാം. ഒരു മുച്ചക്രസൈക്കിളില്‍ രജനീകാന്തിന്‍റെ ചിത്രമുള്ള ഫ്ളെക്സ്ബോര്‍ഡുമായി ഒരാള്‍ ലോട്ടറി വില്‍ക്കുന്ന കാഴ്ച എല്ലാവരും കണ്ടിട്ടുണ്ടാകം. സൈക്കിളിന്‍റെ മുന്നിലും പിന്നിലുമുള്ള ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു, പടയപ്പ. ചിലപ്പോള്‍ മേനകയില്‍, സരിത തിയെറ്ററിനു മുന്‍വശത്ത്, തിരക്കുള്ള മാര്‍ക്കറ്റില്‍, രജനിയുടെ ഈ ലോട്ടറിവണ്ടി ഏതു നേരത്ത് എവിടെ പ്രത്യക്ഷപ്പെടുമെന്നു പറയാനാകില്ല. അത്തരമൊരു കാഴ്ചയുടെ കൗതുകമന്വേഷിച്ചു ചെന്നപ്പോള്‍ അറിഞ്ഞു, ലോട്ടറിക്കാരന്‍റെ രജനി ആരാധനയുടെ കഥകള്‍.
തിരുപ്പൂര്‍ സ്വദേശി എസ്. മുബാറക്കിനു രജനീകാന്തിനോടുള്ള ആരാധന മൂത്തത് എപ്പോഴാണെന്ന് ഓര്‍മയില്ല. ജനിച്ചതു തന്നെ രജനിയുടെ ഫാനായിട്ടാണെന്നു മുബാറക് പറയും. അല്ലെങ്കില്‍ രജനിയെ കാണാന്‍ സൈക്കിളില്‍ തിരുപ്പൂരില്‍ നിന്നു ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ എത്തില്ലായിരുന്നുവല്ലോ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഉടല്‍ മണ്ണുക്ക് ഉയിര്‍ രജനിക്ക് എന്ന തീവ്രാരാധനയുടെ അക്ഷരങ്ങള്‍ നിറഞ്ഞ ഫ്ളക്സ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു മുബാറക് ജന്മനാട്ടില്‍ നിന്നു യാത്ര തുടങ്ങി. രജനിയെ കാണാനുളള മോഹത്തിന്‍റെ ബലത്തില്‍ സൈക്കിള്‍ നീങ്ങി. ചെന്നൈയില്‍ രജനിയുടെ വീടിനു മുന്നിലെത്തുമ്പോള്‍ ഒമ്പതു ദിവസം പിന്നിട്ടിരുന്നു. ഗെയ്റ്റിനപ്പുറത്തേക്കു നോക്കി, തന്‍റെ ആരാധനാപുരുഷന്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നറിയാന്‍...
സെക്യൂരിറ്റിയോട് രജനിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. രണ്ടു മണിക്കൂറോളം കാത്തിരുന്നു. അല്‍പ്പസമയത്തിനു ശേഷം, ഒരു സാധാരണക്കാരനെ പോലെ സ്റ്റൈല്‍ മന്നന്‍ മുബാറക്കിന്‍റെ അരികിലേക്കു വന്നു. മുബാറക്കിന്‍റെ നെഞ്ചിടിപ്പായിരുന്നു പശ്ചാത്തലസംഗീതം. മനസില്‍ ആഹ്ളാദത്തിന്‍റേയും അതിശയത്തിന്‍റെയും ആരവങ്ങള്‍. എന്തിനാ സൈക്കിളില്‍ ഇത്രദൂരം വന്നതെന്നു രജനിയുടെ ചോദ്യം. ഉങ്കളെ പാക്ക്റതുക്ക്, എന്ന് ആരാധനയോടെ മറുപടി. രജനി കൈപിടിച്ചു സംസാരിച്ചു. കാലിനു സുഖമില്ലാത്ത മുബാറക്കിന്‍റെ കൂടെ രജനി നിന്നു. കുറേ ചിത്രങ്ങളെടുത്തു. ഇന്നും മുബാറക്കിനു വിശ്വസിക്കാനായിട്ടില്ല ആ നിമിഷങ്ങള്‍. നിറഞ്ഞ മനസോടെയാണു മടങ്ങിയത്. വെറും കൈയോടെ മടക്കിയില്ല. പുതിയൊരു മുച്ചക്രസൈക്കിളും കുറച്ചു പണവും നല്‍കി രജനി. പിന്നെയും ഒരുപാടു തവണ പോയിരുന്നെങ്കിലും രജനിയെ കാണാന്‍ കഴിഞ്ഞില്ല. അധികം താമസമില്ലാതെ വീണ്ടും പോകണമെന്ന ആഗ്രഹത്തിലാണു മുബാറക്.
രജനീകാന്തിനെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും കൃത്യമായി ഈ മനസിലുണ്ട്. യെന്തിരന്‍റെ റിലീസ് സെപ്റ്റംബറില്‍ ആണ്, ആദ്യ ഷോ കാണണം മനസിലുറപ്പിച്ചു കഴിഞ്ഞു. പത്രങ്ങളില്‍ യെന്തിരനെക്കുറിച്ചു വന്ന വാര്‍ത്തകള്‍ വെട്ടിയെടുത്തു സൈക്കിളില്‍ ഒട്ടിച്ചിട്ടുണ്ട്. രജനിയുടെ മിക്ക സിനിമകളും ആദ്യ ഷോ തന്നെ കാണും. ഏറ്റവും ഇഷ്ടപ്പെട്ടത് ബാഷ. തിരുപ്പൂരിലെ തിയെറ്ററില്‍ ബാഷ കണ്ടത്, ഇരുന്നൂറു തവണ . ഇഷ്ടസിനിമ ബാഷയാണെങ്കിലും ഉപജീവനമാര്‍ഗമായി ലോട്ടറിക്കച്ചവടത്തിനു നല്‍കിയ പേര് പടയപ്പ.
കൊച്ചിയിലെത്തിയിട്ടു മൂന്നര വര്‍ഷം കഴിഞ്ഞു. പടയപ്പ ലോട്ടറീസ് സൈക്കിളുമായി നഗരത്തിലിറങ്ങും. ഭാഗ്യം വില്‍ക്കും. ചോദിക്കുന്നവരോടു രജനി ആരാധനയുടെ കഥകള്‍ വിവരിക്കും. കൊച്ചിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്താണു മുബാറക് താമസിക്കുന്നത്. ഭാര്യയും മകളും നാട്ടിലാണ്. അവിടെ, പാസദീപം രജനീകാന്ത് രസികര്‍ മണ്‍റത്തില്‍ അംഗമാണ് മുബാറക്ക്.
യെന്തിരന്‍റെ റീലീസ് ആകുമ്പോഴേക്കും രജനീകാന്തിന്‍റെ വലിയ ഫ്ളക്സ് വയ്ക്കണം, ജീവിതത്തിന്‍റെ മുച്ചക്രവണ്ടിയോടിക്കുമ്പോഴും ഈ ആരാധകന്‍ കാത്തിരിക്കുന്നു, അടുത്ത രജനി ചിത്രത്തിനായി. സിനിമ ഇറങ്ങാറാകുമ്പോള്‍ മാത്രമുള്ള ആരാധനയോ സ്നേഹമോ അല്ല ഇത്. മനസില്‍ നിന്നാണ് ആ വാക്കുകള്‍ പുറത്തു വരുന്നത്, ഉടല്‍ മണ്ണുക്ക്, ഉയിര്‍ രജനിക്ക്.
Close...
Maximum Character Allowed -
4000