ധാംബുള്ള
പഞ്ചദിന മത്സരങ്ങള്‍ക്കു തത്കാലം വിട. ക്രിക്കറ്റ് പ്രേമികള്‍ ഏകദിനങ്ങളുടെ ആവേശത്തിലേക്ക്. ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ മാറ്റുരയ്ക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഇന്ന് ധാംബുള്ളയില്‍ തുടക്കം. ഐസിസി റാങ്കിങ്ങിലെ രണ്ടാമന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. രത്നഗിരി സ്റ്റേഡിയത്തിലാണു മത്സരം.
ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്ന് ദിവസത്തെ മാത്രം വിശ്രമം ലഭിച്ച മഹേന്ദ്ര സിങ് ധോണിയും സംഘവും, പകരക്കാരന്‍ ക്യാപ്റ്റന്‍ റോസ് ടെയ്ലര്‍ നയിക്കുന്ന ബ്ലാക്ക് ക്യാപ്സിനെതിരേ സമ്മര്‍ദത്തിലാകും ഇറങ്ങുക. ഇന്ത്യയ്ക്ക് ഒരേയൊരു ട്രെയ്നിങ് സെഷന്‍ മാത്രം ലഭിച്ചപ്പോള്‍, രണ്ടു പരിശീലന മത്സരങ്ങളിലെ ആത്മവിശ്വാസവുമായാണ് കിവീസ് കളത്തിലിറങ്ങുക.
സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, പരുക്കേറ്റ ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ എന്നിവരുടെ അഭാവത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്കു തിരിച്ചടിയായി പേസര്‍ ഇഷാന്ത് ശര്‍മയും പരുക്കിന്‍റെ പിടിയില്‍. ഇന്നു പരാജയപ്പെട്ടാല്‍ ഐസിസി റാങ്കിങ്ങിലെ രണ്ടാം സ്ഥാനവും നഷ്ടമാകും. ഇന്നു ജയിച്ചാലാകട്ടെ, 118ല്‍ നിന്ന് 125 പോയിന്‍റിലെത്തി രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുമാകും.
ന്യൂസിലന്‍ഡ് സ്ക്വാഡിലും സീനിയര്‍ താരങ്ങളുടെ അഭാവം പ്രകടം. ക്യാപ്റ്റന്‍ ഡാനിയെല്‍ വെറ്റോറിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബ്രണ്ടന്‍ മക്കല്ലവും ഓപ്പണര്‍ ജെസി റൈഡറും ടീമിലില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജീവനില്ലാത്ത പിച്ചുകളില്‍ നിന്ന് വ്യത്യസ്തമാണ് ധാംബുള്ളയിലേതെന്നതു കിവി ബൗളര്‍മാര്‍ക്ക് ആശ്വാസം. പേസര്‍മാരെ ഏറെ സഹായിക്കുന്ന പിച്ചാണിത്.
ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷ കാക്കാനായ സുരേഷ് റെയ്നയുടെ ഫോമില്‍ ഇന്ത്യയ്ക്കു പ്രതീക്ഷ. ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഒഫ് ദ സീരീസ് ആയ വീരേന്ദര്‍ സേവാഗ് കിവീസിനു പ്രധാന വെല്ലുവിളി. മക്കല്ലം, റൈഡര്‍ എന്നിവരുടെ അഭാവത്തില്‍ ടെയ്ലര്‍ക്കു മേലാകും ന്യൂസിലന്‍ഡിന്‍റെ ബാറ്റിങ് ഉത്തരവാദിത്വം.
ടീം ന്യൂസ്
ഇന്ത്യ- ഇഷാന്തിന്‍റെ അഭാവത്തില്‍ അഭിമന്യു മിഥുന്‍ കളിക്കും. കൂട്ടിന് ആശിഷ് നെഹ്റയും പ്രവീണ്‍ കുമാറും. ഓപ്പണിങ് സ്പോട്ടില്‍ വീരേന്ദര്‍ സേവാഗിനൊപ്പം വിരാട് കോഹ്ലിയോ ദിനേശ് കാര്‍ത്തിക്കോ ഇറങ്ങും.
ന്യൂസിലന്‍ഡ്- ഇരുപതുകാരന്‍ കെയ്ന്‍ വില്യംസണെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. മികച്ച ബൗളറാണെങ്കിലും ആന്‍ഡി മക്കെയ്ക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവ്. ഡാരെല്‍ ടഫി, കൈല്‍ മില്‍സ്, ടിം സൗത്തി എന്നിവര്‍ക്കാകും പേസ് അറ്റാക്ക് ചുമതല.
പിച്ച് ആന്‍ഡ് കണ്ടീഷന്‍
ഏഷ്യാ കപ്പിനു ശേഷം ധാംബുള്ളയില്‍ മത്സരങ്ങളൊന്നും നടന്നിട്ടില്ല.
പച്ചപ്പ് നിറഞ്ഞ പിച്ച് ബൗളര്‍മാരെ ഏറെ സഹായിക്കും. രണ്ടാമതു ബാറ്റ് ചെയ്യുക ദുഷ്കരമാകും എന്നതിനാല്‍ ടോസ് നിര്‍ണായകം.
ഇഷാന്തിനു പരുക്ക്
കണങ്കാലിനു പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ഇന്ന് ന്യൂസിലന്‍ഡിനെതിരേ കളിക്കില്ല. സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കു പിന്നാലെ ഇഷാന്തിനും പരുക്കേറ്റത് ഇന്ത്യയെ വലയ്ക്കുന്നു.
സഹീറിന്‍റെ അഭാവ ത്തില്‍ നെഹ്റയ്ക്കൊ പ്പം ഇന്ത്യന്‍ പേസ് അറ്റാക്ക് നയിക്കേണ്ടത് ഇഷാന്തായിരുന്നു. ഈ ഡല്‍ഹി താരത്തിന്‍റെ അഭാവത്തില്‍ അഭിമന്യു മിഥുന്‍ ഇറങ്ങും. പ്രജ്ഞാ ന്‍ ഓജയാകും സ്പിന്നറു ടെ റോളില്‍. രവീന്ദ്ര ജഡേ ജയുടെ ബൗളിങ്ങിലും ഇന്ത്യന്‍ പ്രതീക്ഷ.
Close...
Maximum Character Allowed -
4000