Wednesday, February 08, 2012   8:49 PM IST
Supplements
Home>> News>> Kerala News
Kerala News
വ്രതശുദ്ധിയുമായി വിശുദ്ധ റംസാന്‍ നാളെ
Wednesday, August 11, 2010
|
|
|
കെ.വി. ഇമ്പിച്ചമ്മദ്,

മുഖ്യഖാസി, മിസ്കാല്‍പള്ളി, കുറ്റിച്ചിറ, കോഴിക്കോട്.

സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി വീണ്ടും വിശുദ്ധ റംസാന്‍. അന്നപാനീയങ്ങള്‍ വെടിഞ്ഞു വിശ്വാസികള്‍ ഇനിയുള്ള നാളുകളില്‍ സര്‍വശക്തനോടു കൂടുതല്‍ അടുക്കുന്നു. എല്ലാം അവനിലര്‍പ്പിച്ചു സദ്പ്രവൃത്തികളില്‍ മുഴുകുന്നു. ദാനധര്‍മങ്ങള്‍ അവരുടെ നോമ്പിന്‍റെ മേന്‍മ വര്‍ധിപ്പിക്കുന്നു.

ഇസ്ലാമിലെ ഒരു പ്രധാന കര്‍മമാണ് നോമ്പ്. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും നിര്‍ബന്ധമാണത്. പക്ഷെ സ്ത്രീകള്‍ക്കു ചില പ്രത്യേക സമയത്തോടനുബന്ധിച്ചു നോമ്പ് നോല്‍ക്കേണ്ടതില്ല. അവര്‍ പിന്നീടു നോമ്പ് നോറ്റു വീട്ടണം. യാത്രക്കാര്‍ക്കും ഇളവുണ്ട്. അവരും മറ്റൊരിക്കല്‍ നോമ്പു നോറ്റുവീട്ടണം. മാറാ രോഗികള്‍ നോമ്പു നോല്‍ക്കേണ്ടതില്ല. അവര്‍ പ്രായശ്ചിത്തമായി ഓരോ നോമ്പിനും ഒരു ദരിദ്രനു ഭക്ഷണം നല്‍കിയാല്‍ മതി.

പ്രഭാതം മുതല്‍ പ്രദോഷംവരെ ഭക്ഷ്യപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടു മാത്രം വ്രതമാവില്ല. ആരാധനകള്‍കൊണ്ടു ധന്യമാക്കേണ്ട വ്രതം ആര്‍ഭാടങ്ങള്‍ കൊണ്ടു പൊലിമ കെടുത്തരുത്. പാവപ്പെട്ടവന്‍റെ പ്രയാസം അറിയാനുള്ളതാണു വ്രതം.

മുഹമ്മദ് നബിയുടെ പലായനത്തിന്‍റെ രണ്ടാം വര്‍ഷമാണു മുസ്ലിംകള്‍ നോമ്പു നോറ്റു തുടങ്ങിയത്. ആയിരം മാസത്തെക്കാള്‍ പുണ്യമായ ഒരുദിനം റാംസാനിലെ അവസാന നാളുകളില്‍ ഉണ്ടെന്നു നബി പറഞ്ഞു. ഇസ്ലാം ഉള്‍പ്പടെ എല്ലാമതസ്ഥരും വിവിധ രൂപത്തില്‍ വ്രതമനുഷ്ഠിക്കാന്‍ കല്‍പ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നോമ്പിനെപ്പറ്റി പറയുന്നത്, “”സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ക്കെന്നപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു’’ എന്നാണ്.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ഈ പുണ്യമാസത്തിലാണ്. റംസാന്‍ ക്ഷമയുടെ മാസം കൂടിയാണ്. ആരെങ്കിലും നിന്നോടു വഴക്കിനു വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറണമെന്നാണു നബിതിരുമേനി അരുളിയത്.

യഥാര്‍ഥത്തില്‍ കണ്ണ്, ചെവി, നാവ്, വയര്‍ മുതലായ എല്ലാ അവയവങ്ങള്‍ക്കും അതിന്‍റേതായ വ്രതമുണ്ട്. നോമ്പുകാരന്‍ കാണാന്‍ പാടില്ലാത്തതു കാണുകയോ, കേള്‍ക്കാന്‍ പാടില്ലാത്തതു കേള്‍ക്കുകയോ, പറയാന്‍ പാടില്ലാത്തതു പറയുകയോ ചെയ്താല്‍ അവന്‍റെ നോമ്പു നഷ്ടപ്പെടും. അനാവശ്യ കാര്യങ്ങള്‍ വര്‍ജിക്കാന്‍ തയാറായില്ലെങ്കില്‍ അവന്‍ അന്നപാനാദികള്‍ ഉപേക്ഷിച്ചതുകൊണ്ടു ഫലമില്ല. പട്ടിണിപ്പാവങ്ങളുടെ വേദനകളും കഷ്്ടപ്പാടുകളും മനസിലാക്കാന്‍ വ്രതം പ്രേരണയാവണം.

വ്രതത്തിന്‍റെ കാര്യത്തില്‍ അനുകരിക്കാന്‍ പറ്റിയത് ഇസ്ലാമിന്‍റേതാണെന്നു ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞിരുന്നു. വ്രതത്തെപ്പറ്റി അന്വേഷിക്കുന്നവരോട് ഇസ്ലാമിക വ്രതം അനുഷ്ഠിക്കാന്‍ പറയുമെന്നു ഡോ. എമേര്‍സനും സൂചിപ്പിച്ചു. പല രോഗങ്ങള്‍ക്കും വ്രതം ഒരു മരുന്നാണ്. പവിത്രമായ റംസാനിലെ വ്രതം അത് അര്‍ഹിക്കുന്നവിധത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.

മനുഷ്യഹൃദയം വിമലീകരിക്കുന്നതില്‍ അന്നപാനീയങ്ങളുടെ നിയന്ത്രണത്തിനു വലിയ സ്ഥാനമുണ്ട്. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെക്കുറിച്ചും ബുദ്ധിമുട്ടുള്ളവരെപ്പറ്റിയും ഓര്‍ക്കാന്‍ അവസരം ലഭിക്കുകയാണു വിശപ്പിലൂടെ. മറ്റുള്ളവരെ തന്‍റെ അവസ്ഥയിലേക്കു താരതമ്യം ചെയ്തു സഹനത്തിലേക്കും അനുകമ്പയിലേക്കും മനുഷ്യരെ നയിച്ചുകൊണ്ടിരിക്കുകയാണു വിശപ്പ്. കൈയെത്തും ദൂരത്ത് അന്നപാനീയങ്ങള്‍ ഉണ്ടെങ്കില്‍ പോലും മിതമായിട്ടായിരുന്നു മുഹമ്മദ് നബി ഭക്ഷണം കഴിച്ചത്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ ഭക്ഷണത്തില്‍ കുറവു വരുത്തണമെന്നു പ്രവാചക ജീവിതം നമ്മെ പഠിപ്പിക്കുന്നു.

മനസ്സില്‍ ഉറവയെടുക്കേണ്ട കാരുണ്യം റംസാന്‍റെ സവിശേഷതയാണ്. ലോക ജനതയ്ക്കു കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍ തന്നെ റംസാന്‍റെ ആദ്യ 10 ദിനങ്ങളില്‍ അല്ലാഹുവോട് സദാ കാരുണ്യത്തിനായി പ്രാര്‍ഥിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. തന്നെക്കുറിച്ചറിയുക എന്നതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ അറിവ്. സ്വന്തം ശരീരത്തെ അറിയാന്‍ കഴിഞ്ഞാല്‍ മനുഷ്യന്‍റെ അവസ്ഥകളറിഞ്ഞു ക്ഷമിക്കാനും സഹിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് ആളുകളെത്തും. തന്നെ ആരെങ്കിലും ഉപദ്രവിച്ചാലും അവന്‍ തിരിച്ചൊന്നും ചെയ്യില്ല. കാരണം, ഞാനൊരു നോമ്പുകാരനാണെന്നു പറയാനാണു നോമ്പ് അവനെ പഠിപ്പിക്കുന്നത്. ഇതൊരു സവിശേഷമായ ജീവിത സന്ദേശമാണ്. തന്നെക്കുറിച്ചറിഞ്ഞു സമൂഹത്തെ മനസിലാക്കാന്‍ മനുഷ്യനെ നോമ്പുപോലെ സഹായിക്കുന്ന മറ്റൊന്നില്ലെന്നതാണു വാസ്തവം. ഈ റംസാനിലെ വ്രതം എല്ലാ നല്ല കാര്യങ്ങള്‍ക്കും കരുത്തു നല്‍കട്ടേയെന്ന് ആശംസിക്കുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code