വിഴിഞ്ഞം ലോക തുറമുഖ വ്യവസായ ഭൂപടത്തിലേക്ക്
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനോദ്ഘാടനം ഇന്ന്. ചിരകാര സ്വപ്നം പൂവണിയുന്നതിന്‍റെ ആവേശത്തിലാണു തലസ്ഥാനം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം ലോക വ്യവസായ ഭൂപടത്തില്‍ സ്ഥാനം പിടിക്കും.
അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാനാണു തുറമുഖ വകുപ്പു ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായ വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഒന്നാംഘട്ട നിര്‍മാണം .
പതിറ്റാണ്ടുകളായി പ്രതിസന്ധികളില്‍പ്പെട്ട് ഇഴഞ്ഞ വിഴിഞ്ഞം പദ്ധതിക്കു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രയത്നം മൂലമാണ് ശാപമോക്ഷം ലഭിക്കുന്നത്. നിര്‍മാണ പങ്കാളിയെ കണ്ടെത്താനുള്ള വിഴിഞ്ഞം എക്സ്പ്രഷന്‍ ഒഫ് ഇന്‍ററസ്റ്റിനു ആവേശകരമായ പ്രതികരണങ്ങളാണു ലഭിച്ചത്. വിദേശത്തും സ്വദേശത്തുമുള്ള കമ്പനികള്‍ തുറമുഖ നിര്‍മാണ പങ്കാളിയാകാന്‍ താത്പര്യം പ്രകടിപ്പിച്ചു. ആഗോള ബിസിനസ് ഭീമന്‍മാര്‍ ഉള്‍പ്പെടെ 30 കണ്‍സോര്‍ഷ്യങ്ങള്‍ പദ്ധതി ഏറ്റെടുക്കാന്‍ തയാറായതോടെ വിഴിഞ്ഞം ലോകതുറമുഖ വ്യവസായ രംഗത്തു ശ്രദ്ധേയമായ സാന്നിധ്യമായി.
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിനായി പുതിയ കര്‍മപദ്ധതിക്കു 2009 നവംബറിലാണു സര്‍ക്കാര്‍ രൂപം നല്‍കിയത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍, റോഡ്-റെയ്ല്‍ ഗതാഗത സൗകര്യമൊരുക്കല്‍, ശുദ്ധജലം-വൈദ്യുതി ലഭ്യമാക്കല്‍, പാരിസ്ഥിതിക പഠനം, ഉപദേശകരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളടങ്ങിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 450 കോടി പദ്ധതിക്കാണു സര്‍ക്കാര്‍ രൂപം നല്‍കിയത്.
തുറമുഖ നിര്‍മാണത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭ്യമാക്കി 2011 മധ്യത്തില്‍ തുറമുഖ നിര്‍മാണം ആരംഭിക്കാനാണു തുറമുഖ കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനു കഴിഞ്ഞ ജൂലൈ അഞ്ചിനു താത്പര്യപത്രം പുറപ്പെടുവിച്ചു.
താത്പര്യം അറിയിക്കാനുള്ള സമയപരിധി മൂന്നു ദിവസം മുന്‍പു അവസാനിച്ചു. ഈ കാലയളവില്‍ ലഭിച്ച 30 താത്പര്യ പത്രങ്ങളും സെപ്റ്റംബറിലെ പ്രീ-ടെന്‍ഡറില്‍ ലഭിക്കുന്ന ബിഡുകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കും.
സെക്യൂരിറ്റി ക്ലിയറന്‍സിനു ശേഷം അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ 2010 ജനുവരി അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നു അധികൃതര്‍ അറിയിച്ചു. പ്രാരംഭഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന 120 ഹെക്റ്റര്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കു 675 കോടി രൂപ ആവശ്യമെന്നാണു പ്രാഥമിക നിഗമനം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 450 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ടെന്‍ഡര്‍ നേടുന്ന കണ്‍സോര്‍ഷ്യം 2011-14 വരെയുള്ള മൂന്നുവര്‍ഷക്കാലയളവില്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ തുറമുഖ നിര്‍മാണം യാഥാര്‍ഥ്യമാക്കും. പുലിമുട്ടു നിര്‍മാണം, 110 ഹെക്റ്റര്‍ വിഴിഞ്ഞം കടല്‍ നികത്തല്‍, വാര്‍ഫിന്‍റെ മതില്‍ നിര്‍മാണം എന്നിവയ്ക്കായി 2000 കോടി രൂപ ചെലവു കണക്കാക്കിയിട്ടുണ്ട്. ഇതു സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വഹിക്കും.
യന്ത്രസാമഗ്രികളുടെ സംഭരണം, വാര്‍ഫിലെ കെട്ടിട നിര്‍മാണം, പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയ്ക്കാവശ്യമായ ചെലവുകള്‍ സ്വകാര്യ പങ്കാളിയുടെ ഉത്തരവാദിത്വമാണ്.
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനോദ്ഘാടനം നിര്‍ദിഷ്ഠ തുറമുഖ പ്രവേശനകവാടത്തിലാണ്. മുല്ലൂരില്‍ കൂറ്റന്‍ വേദി ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം-പൂവാര്‍ റോഡില്‍ നിന്നും തുറമുഖത്തേക്കു നിര്‍മിക്കുന്ന റോഡ് നിര്‍മാണത്തിന്‍റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.
Close...
Maximum Character Allowed -
4000