സ്വകാര്യ ബാങ്ക് കൊട്ടക് മഹീന്ദ്ര വായ്പാ പലിശ കാല്‍ ശതമാനം വര്‍ധിപ്പിച്ചു. ബിപിഎല്‍ആര്‍ അനുബന്ധ വായ്പാ നിരക്ക് 15.75 ശതമാനത്തില്‍നിന്ന് 16 ശതമാനമായി. ഒരു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും ബാങ്ക് കാല്‍ ശതമാനം പലിശ കൂട്ടിയിട്ടുണ്ട്.
ഇതിനിടെ, രണ്ടുവര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അര ശതമാനം പലിശ വര്‍ധിപ്പിച്ചു. പുതുക്കിയ പലിശ 7.75%. നിരക്ക് വര്‍ധന പ്രാബല്യത്തിലായി. രണ്ടു പുതിയ ഫിക്സഡ് മെച്യുരിറ്റി ഡെപ്പോസിറ്റുകളും ബാങ്ക് അവതരിപ്പിച്ചു.
രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്ബിഐയും ഐസിഐസിഐയും കഴിഞ്ഞദിവസം വായ്പാ- നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്‍റെ അടിസ്ഥാന വായ്പാ പലിശ നിരക്ക്(ബിപിഎല്‍ആര്‍) അര ശതമാനം ഉയര്‍ന്ന് 16.25% ആയി. ഭവന, ഓട്ടോ, കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് ഇതുവഴി പലിശ കൂടും. പുതിയ നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരും. കണ്‍സ്യൂമര്‍ വായ്പകള്‍ക്കുള്ള ഫ്ളോട്ടിങ് റഫറന്‍സ് റേറ്റിലും(എഫ്ആര്‍ആര്‍) അവര്‍ അര ശതമാനം വര്‍ധന വരുത്തി. പുതിയ നിരക്ക് 13.25%. കാനറ, ബാങ്ക് ഒഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് എന്നിവയും നിരക്കുകള്‍ പരിഷ്കരിച്ചു.
Close...
Maximum Character Allowed -
4000