Thursday, February 09, 2012   1:43 PM IST
Supplements
Home>> News>> Kerala News
Kerala News
വീണ്ടും മാധ്യമവിഷവിപത്തുകള്‍
Wednesday, August 18, 2010
|
|
|
വി. റെജികുമാര്‍

മാധ്യമങ്ങളില്‍ ഒരാഘോഷത്തിനു കൂടി താത്കാലികവിരാമം. ഇനി അടുത്തതിനായി കാത്തിരിക്കാം. അപക്വമായ മാധ്യമപ്രവര്‍ത്തനത്തിനു ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ മികച്ച ഉദാഹരണമായി മാറി, അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് വരെ ഒരാഴ്ച പിന്നിട്ട നാടകങ്ങള്‍.

പ്രകോപനത്തിലേക്കും കലാപത്തിന്‍റെ വക്കിലേക്കും കാര്യങ്ങളെത്തിക്കുന്നതില്‍ ഓരോരുത്തരും അവരാലാകുന്നത്ര സംഭാവന ചെയ്തിരിക്കുന്നു. ആരും ഏറെയൊന്നും പിന്നോട്ടായില്ല. എന്നിട്ടും കേരളത്തില്‍ കലാപമുണ്ടാകാഞ്ഞതെന്തേ എന്ന ചോദ്യത്തിനു കിട്ടിയ ഉത്തരം രസകരമാണ്- ഈ വാര്‍ത്തകളും ചര്‍ച്ചകളുമൊക്കെ ജനം കണ്ടെങ്കിലല്ലേ കലാപമുണ്ടാകൂ!

വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ സാമാന്യമായി പാലിക്കേണ്ട ചില പ്രാഥമിക മര്യാദകളുണ്ട്. അവയൊന്നും അറിയാത്തവരല്ല ന്യൂസ് ചാനലുകളുടെ തലപ്പത്ത്. മിക്കവരും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ തന്നെ. എന്നിട്ടും എന്തേ മത്സരം കനക്കുമ്പോള്‍ ഇവര്‍ അപക്വമായ റിപ്പോര്‍ട്ടുകള്‍ക്കും കമന്‍ററികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു? രണ്ടു സംസ്ഥാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങളാണു കടന്നുപോകുന്നതെന്നും, ജലമേളകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല ഇത്തരം വാര്‍ത്തകളെന്നും ആരും പറഞ്ഞില്ല എന്നതും വിചിത്രം തന്നെ.

മഅദനിക്കെതിരേയുള്ള കേസും തുടര്‍നടപടികളും അറസ്റ്റ് വരെയുള്ള കാര്യങ്ങളും ജനങ്ങളിലെത്തിക്കേണ്ടതുണ്ട്, സംശയമില്ല. പക്ഷേ, ഒട്ടും ആധികാരികമല്ലാത്ത വാര്‍ത്തകള്‍ അതിശയോക്തിയുടെയും നാടകീയതയുടെയും മേമ്പൊടിയോടെ രാപകലില്ലാതെ ആവര്‍ത്തിക്കുമ്പോള്‍ അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതയുടെ ആഴം ഒട്ടും ചെറുതല്ല. പ്രത്യേകിച്ച്, മതങ്ങള്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രശ്നത്തില്‍. ആരൊക്കെയോ പറയുന്നതും ഓതിക്കൊടുക്കുന്നതും എക്സ്ക്ലൂസിവ് എന്നും ഫ്ളാഷ് എന്നും സംപ്രേക്ഷണം ചെയ്യാന്‍ ചാനലുകള്‍ കാണിക്കുന്ന ധൈര്യത്തിന് ഒരേയൊരു കാരണമേയുള്ളൂ- അടുത്തനിമിഷം തന്നെ അതു തിരുത്തിപ്പറയാം. അച്ചടിമാധ്യമങ്ങള്‍ക്കില്ലാത്ത സ്വാതന്ത്ര്യം.

രാവിലെ മുതല്‍ വൈകിട്ടുവരെ ഒരു വിഷയം ചര്‍ച്ചചെയ്തും തമ്മിലടിപ്പിച്ചും പെരുക്കിയെടുത്ത ശേഷം, പറഞ്ഞതൊന്നുമല്ല നടക്കുന്നതെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം മറ്റുള്ളവര്‍ക്കുമേല്‍ കെട്ടിവച്ചും പലരും മിടുക്കുകാണിച്ചിട്ടുണ്ട്. മഅദനി വിഷയം ന്യൂസ് ചാനലുകളുടെ കൊയ്ത്തുകാലമായിരുന്നു. യഥാര്‍ഥ പ്രശ്നങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനെക്കാള്‍, തെറ്റിദ്ധാരണകള്‍ പരത്തുകയും അതിലൂടെ മേല്‍ക്കൈ നേടുകയും ചെയ്യുക എന്ന തന്ത്രവും ചിലര്‍ പയറ്റി. അതിനു ചൂണ്ടിക്കാണിക്കാന്‍ ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഒരു നാടിനും അവിടത്തെ ജനങ്ങള്‍ക്കും ഉറക്കമില്ലാരാത്രികള്‍ സമ്മാനിച്ചതില്‍ ഈ ചാനല്‍ വാര്‍ത്തകള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയൊരു തര്‍ക്കത്തിലേക്കു കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കണമെന്നു നിര്‍ബന്ധമുള്ളതുപോലെയായിരുന്നു പലരുടെയും റിപ്പോര്‍ട്ടുകള്‍. മഅദനിയുടെ അറസ്റ്റ് പോലുള്ള അത്യപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഭരണകൂടങ്ങളും പൊലീസും തന്ത്രപരമായ നിശബ്ദത പാലിക്കാറുണ്ട്. എന്നാല്‍ ആ നിശബ്ദതയെ ദുര്‍വ്യാഖ്യാനം ചെയ്യാനും ആശയക്കുഴപ്പമായി ചിത്രീകരിക്കാനും ചാനലുകള്‍ നടത്തിയ ശ്രമങ്ങള്‍ക്കു പിന്നാലെ ചില പത്രങ്ങളും തുടക്കത്തില്‍ സഞ്ചരിച്ചെങ്കിലും, പിന്നീട് അവ സമചിത്തത വീണ്ടെടുത്തു എന്നതു ശ്രദ്ധേയമാണ്. ചാനല്‍ വാര്‍ത്തകളുടെ ആവര്‍ത്തനമാകാന്‍ പത്രങ്ങളെ കിട്ടിയില്ല എന്നതു മാറുന്ന പത്രപ്രവര്‍ത്തനത്തിന്‍റെ മികച്ച സൂചന തന്നെ.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code