Thursday, February 09, 2012   6:01 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
എംഎസ് സി നഴ്സിങ് പ്രവേശനം
Friday, August 27, 2010
|
|
|
തിരുവനന്തപുരം , കോട്ടയം, കോഴിക്കോട് നഴ്സിങ് കോളെജുകളിലേക്കും സ്വാശ്രയ നഴ്സിങ് കോളെജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും ബിരുദാനന്തരബിരുദ നഴ്സിങ് (എംഎസ് സി നഴ്സിങ്) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. വിശദമായി ചുവടെ:

യോഗ്യത
നേറ്റിവിറ്റി: അപേക്ഷകര്‍ കേരളത്തില്‍ ജനിച്ച ഇന്ത്യന്‍ പൗരനായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു കരസ്ഥമാക്കിയതോ/കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതോ ആയ ബിഎസ്സി നഴ്സിങ് ബിരുദം അഥവാ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള പോസ്റ്റ് ബേസിക് നഴ്സിങ് (റഗുലര്‍) ബിരുദം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാല/കല്‍പിത സര്‍വകലാശാലയില്‍ നിന്നു നഴ്സിങ് ബിരുദം നേടിയിട്ടുള്ളവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കെറ്റ് സമര്‍പ്പിക്കണം.
സേവന പരിചയം: നഴ്സിങ് ബിരുദത്തിനും രജിസ്ട്രേഷനും ശേഷം നഴ്സിങ് സ്കൂള്‍/കുറഞ്ഞതു 100 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി/കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ് പ്രോഗ്രാം എന്നിവയിലൊന്നില്‍ ഒരു വര്‍ഷത്തെ സേവന പരിചയം അല്ലെങ്കില്‍ രജിസ്ട്രേഷനുശേഷം ഒരു വര്‍ഷത്തെ ഇന്‍റേണ്‍മെന്‍റ് / നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം 30/09/2010 നു മുന്‍പു പൂര്‍ത്തിയാക്കിയിരിക്കണം.

കുറിപ്പ്: 1) ബിഎസ്സി നഴ്സിങ് ബിരുദത്തിനു ശേഷം മറ്റു സംസ്ഥാനങ്ങളിലെ നഴ്സിങ് കൗണ്‍സിലില്‍ നിന്നു രജിസ്റ്റര്‍ ചെയ്തു കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ നിന്നു നേടിയ പ്രവൃത്തിപരിചയവും പരിഗണിക്കും. 2) പോസ്റ്റ് ബേസിക് നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ കാലയളവ് പ്രവൃത്തിപരിചയമായി പരിഗണിക്കില്ല. 3) അപേക്ഷകര്‍ കൗണ്‍സലിങ്ങിനു ഹാജരാകുമ്പോള്‍ കേരള നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ നിന്നുള്ള രജിസ്്ട്രേഷന്‍ സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണം.
തെരഞ്ഞെടുപ്പ്
സര്‍വീസ് ക്വാട്ട സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം, പ്രവേശന പരീക്ഷ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും. ഒക്റ്റോബര്‍ മൂന്നിനു തിരുവനന്തപുരത്തു പ്രവേശന പരീക്ഷ നടക്കും. പരീക്ഷയ്ക്കു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. ഒബ്ജക്റ്റിവ് മാതൃകയില്‍ 200 ചോദ്യങ്ങള്‍.
അപേക്ഷ
ജനറല്‍/സര്‍വീസ് / എസ്ഇബിസി വിഭാഗങ്ങള്‍ക്കുള്ള പൊതു അപേക്ഷാഫോമിന്‍റെ മാതൃകയും എസ്സി / എസ്ടി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അപേക്ഷാഫോമിന്‍റെ മാതൃകയും പ്രോസ്പെക്റ്റസും പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee-kerala.org   എന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷാഫോം പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഓഫിസ്/ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഓഫിസ്/ഹെല്‍ത്ത് സര്‍വീസ് ഡയറക്റ്ററുടെ ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കില്ല.
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗത്തിന് 800 രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കു 400 രൂപ മതി. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് എസ്ബിടിയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷാഫീസ് അടച്ച് ഒറിജിനല്‍ ചെലാന്‍ സഹിതം സമര്‍പ്പിക്കണം.

കേരളത്തിനു പുറത്തു താമസിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നു പ്രവേശന പരീക്ഷ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് അടയ്ക്കണം.

ജനറല്‍ മെറിറ്റ് സീറ്റുകളിലേയ്ക്കു പരിഗണിക്കപ്പെടുവാന്‍ താത്പര്യമുള്ള സര്‍വീസിലുള്ള അപേക്ഷകരും പ്രവേശന പരീക്ഷ എഴുതണം. അപേക്ഷാഫോം നിശ്ചിത ഫീസ് അടച്ച ഒറിജിനല്‍ ചെലാന്‍ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു സമര്‍പ്പിക്കേണ്ടതും, സര്‍വീസ് ക്വാട്ടയില്‍ പരിഗണിക്കപ്പെടുന്നതിന് അപേക്ഷയുടെ പകര്‍പ്പും സര്‍വീസ് സംബന്ധമായ രേഖകളും 0210-03-105-29 എന്ന ഹെഡില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ രസീതു സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവിക്കും സമര്‍പ്പിക്കണം.

സര്‍വീസ് ക്വാട്ടയിലേക്കു മാത്രം പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. എന്നാല്‍ ഇവര്‍ അപേക്ഷയും, സര്‍വീസ് സംബന്ധമായ രേഖകളും, നിശ്ചിത ഫീസ് (ജനറല്‍ : 800 രൂപ. എസ്സി/എസ്ടി: 400 രൂപ) 0210-03-105-29 എന്ന ഹെഡില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ രസീത് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് (ഡയറക്റ്റര്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍/ഡയറക്റ്റര്‍, ഹെല്‍ത്ത് സര്‍വീസ്) 15/09/2010 വൈകിട്ടു അഞ്ചിനു മുന്‍പു സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പുതിയ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്താനോ ഏതെങ്കിലും സംവരണ ആനുകൂല്യങ്ങളോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കെറ്റുകള്‍ സമര്‍പ്പിക്കുവാനോ അനുവദിക്കില്ല. അപേക്ഷാഫോമില്‍ നിശ്ചിത ഭാഗത്തു ലഭ്യമാക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ സര്‍ട്ടിഫിക്കെറ്റുകള്‍ അപേക്ഷാഫോമില്‍ തന്നെ ലഭ്യമാക്കണം. ആ മാതൃകയിലുള്ള സര്‍ട്ടിഫിക്കെറ്റുകള്‍ പ്രത്യേകമായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ അവ ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു പരിഗണിക്കില്ല.

സര്‍വീസ് ക്വാട്ട ഉള്‍പ്പെടെയുള്ള എല്ലാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്, അഡ്മിഷന്‍, സീറ്റ് അലോട്ട്മെന്‍റ് എന്നിവ സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്പെക്റ്റസിലെ നിബന്ധനകള്‍ക്കു വിധേയമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ നടത്തും.

പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 15നു വൈകിട്ട് അഞ്ചിനു മുന്‍പു നേരിട്ടോ, രജിസ്ട്രേഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖേനയോ സമര്‍പ്പിക്കണം.
 
വിലാസം
പ്രവേശന പരീക്ഷാ കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം-695 001.

പൂര്‍ണ വിജ്ഞാപനവും പ്രോസ്പെക്റ്റസും www.cee-kerala.org  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code