മരണക്കെണിയായി പൊഴിക്കര തീരം
വിഴിഞ്ഞം
പൂവാര്‍, പൊഴിക്കര തീരം മരണക്കെണിയായി മാറി. കടലും നെയ്യാറും സംഗമിക്കുന്ന പൊഴിക്കര ബീച്ച് യുവ സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ ലൈഫ് ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതു സഞ്ചാരികളുടെ ജീവനു ഭീഷണിയാകുന്നു.
പൊഴിക്കരയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിലേറെ ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊഴിക്കരയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച ഉദയന്‍കുളങ്ങര സ്വദേശി ശ്രീജിത്താണ് ഈ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തേത്. ധനുവച്ചപുരം എന്‍എസ്എസ് കോളെജിലെ ബികോം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ശ്രീജിത്ത് മൂന്നു കൂട്ടുകാര്‍ക്കൊപ്പമാണു പൊഴിക്കര ബീച്ചിന്‍റെ സൗന്ദര്യം നുകരാനെത്തിയത്. ഓണാഘോഷ നിറവില്‍ തീരത്തു ആര്‍ത്ത് ഉല്ലസിച്ചുനടന്ന നാല്‍വര്‍ സംഘം പൊഴി മുറിച്ചു കടക്കുന്നതിനിടയിലാണു ശ്രീജിത്ത് ഒഴുക്കില്‍പ്പെട്ടത്. 21കാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ കൂട്ടുകാരായ രഞ്ജിത്ത്, രാജ്ഗോപാല്‍, വിഘ്നേഷ് എന്നിവര്‍ക്കു കഴിഞ്ഞില്ല.
തീരം കാക്കാന്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നുവെങ്കില്‍ അപകടത്തിലേക്കു ചുവടു വയ്ക്കുന്നവരെ തടയാമായിരുന്നു. പൊഴിക്കര തീരത്തു മുന്നറിയിപ്പു ബോര്‍ഡുകളോ ലൈഫ് ഗാര്‍ഡുകളോ ഇല്ല. ബീച്ചില്‍ നോക്കുകുത്തിയായി പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. ഇവിടെ രണ്ടു പൊലീസുകാരെ മാത്രമാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. അംഗബലം കുറവായതിനാല്‍ ഈ പൊലീസുകാരെ സ്റ്റേഷന്‍ ഡ്യൂട്ടിയ്ക്കായി മടക്കി വിളിക്കാറുണ്ട്. മിക്കപ്പോഴും എയ്ഡ് പോസ്റ്റില്‍ പൊലീസുകാരുണ്ടാകില്ലെന്നു ആക്ഷേപം.
വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ പൊഴിക്കരയിലെത്തുന്നുണ്ട്. ടൂറിസം സീസണ്‍ സജീവമാകുന്നതോടെ പൊഴിക്കര സഞ്ചാരികളുടെ നിറവിലാകും. ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ പൊഴിക്കരയില്‍ അപകടം നടന്നാല്‍ പുറം ലോകം അറിയാന്‍ വൈകും. ടൂറിസം വികസന സാധ്യതയുള്ള ഈ പൊഴിക്കരയില്‍ അധികൃതരുടെ ശ്രദ്ധ പതിയുന്നില്ലെന്നു ആക്ഷേപം.
തീരത്തു വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച കളരി പരിശീലന വിനോദകേന്ദ്രം അനാഥാവസ്ഥയില്‍. ഇവിടെ 25 ലക്ഷത്തോളം രൂപ ചെലവിട്ടു ചില്‍ഡ്രന്‍സ് പാര്‍ക്കും ലഘുഭക്ഷണ ശാലയും പൂന്തോട്ടവും നിര്‍മിക്കാനുള്ള പദ്ധതി കടലാസിലൊതുങ്ങി. ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളെയും ടൂറിസം പൊലീസിനെയും നിയമിക്കണമെന്ന ആവശ്യം ശക്തം.
Close...
Maximum Character Allowed -
4000