Wednesday, February 08, 2012   8:49 PM IST
Supplements
Home>> Astrology>> Vaasthu
Vaasthu
വാസ്തുപൈതൃകം
Monday, August 30, 2010
|
|
|
ദീപ്തി ശൈലജ

സമ്പന്നമായ ഭാരതീയ പൈതൃകത്തിന്‍റെ പുനര്‍ അവലോകനത്തിന്‍റെ തിരക്കിലാണു നാം. അറിയുന്തോറും അടുക്കുന്തോറും ഈ പൗരാണിമേന്മകള്‍ എല്ലാം തന്നെ ശാസ്ത്രസത്യങ്ങളായി മാറുന്നു. അവയില്‍ ഒന്നത്രേ വാസ്തുശാസ്ത്രം.

പുര അഗ്രമതേ എന്ന നിഷ്പത്തി അനുസരിച്ചു മുന്‍പേ നടക്കുന്നവനാണു പുരുഷന്‍. ഈ പുരുഷനെ വ്യക്തി എന്ന അര്‍ഥത്തിലും, ഈശ്വരന്‍ എന്ന അര്‍ഥത്തിലും വ്യാഖ്യാനിക്കാം. ചില ആചാര്യന്മാര്‍ വീട് അഥവാ ഭവനത്തെ പുരുഷന്‍ ആയി സങ്കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ചില ഗ്രന്ഥങ്ങള്‍ ഭവനത്തെ വധുവായും ഭവനകര്‍ത്താവ് അഥവാ ഗൃഹനാഥനെ വരനായും വ്യാഖ്യാനിച്ചിട്ടുണ്ട്.

വീട് മനുഷ്യനാണ് എന്ന അര്‍ഥം സ്വീകരിച്ചാല്‍ മനുഷ്യശരീരത്തിലെ അവയവങ്ങള്‍ വീടിനും ഉണ്ടാവണം. അതായതു മനുഷ്യാവയവങ്ങളും ഭവനാവയവങ്ങളും പാരസ്പര്യബന്ധത്തോടു കൂടി ആവണം എന്നു സാരം. വാസ്തുശാസ്ത്രത്തിലെ ഈ വ്യവസ്ഥയ്ക്ക് മനുഷ്യശരീരവുമായുളള അഭേദ്യബന്ധം അനിഷേധ്യം. മനുഷ്യശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് എന്ന ശാസ്ത്രീയമതം ഗൃഹത്തിനും ബാധകമാണ്. അതിനാല്‍ തന്നെ വീടിന്‍റെ പ്രാണനാണു യോനി എന്നു വ്യക്തമായ വ്യാഖ്യാനം.

ഭിത്തികളാല്‍ മൂര്‍ത്തീരൂപം പ്രാപിക്കുന്ന വീടിന്‍റെ സ്ഥൂലരൂപമാണു ശരീരം. വീടിന്‍റെ പാദുകം മനുഷ്യന്‍റെ കാലിട ആയും. സ്തൂപിക മൂര്‍ദ്ധാവായും, ഇഷ്ടികയും കല്ലും മറ്റും അസ്ഥി ആയും, ലോഹം മുതലായവയെ നഖദന്തങ്ങളായും, കുമ്മായം തുടങ്ങിയവയെ ധാതുക്കളായും, വിവിധ നിറങ്ങളെ രക്തമേദസുകളായും പൗരാണികര്‍ ധരിച്ചിരുന്നു. വാസ്തു എന്ന പദത്തില്‍ വീടു മാത്രമല്ല അടങ്ങുന്നത്. ആരാധനാലയങ്ങള്‍, കുളങ്ങള്‍, കിണറുകള്‍, കാവുകള്‍, ഉദ്യാനങ്ങള്‍, പാലങ്ങള്‍, ഗോശാലകള്‍ തുടങ്ങി എല്ലാം വാസ്തുശാസ്ത്രത്തിന്‍റെ പരിധിയില്‍ തന്നെ.

ചതുശാലാ വിന്യാസത്തിന്‍റെ ആഴങ്ങളിലേക്കു ചരിക്കുമ്പോള്‍ വാസ്തുശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി കൂടുതല്‍ മനസിലാക്കാന്‍ കഴിയും. നാലാം ചതുശാലയായ ശ്ലിഷ്ടഭിന്നാഷ്ടശാലയെക്കുറിച്ച്....



ശ്ലിഷ്ടഭിന്നാഷ്ടശാല



സംശ്ലിഷ്ടഭിന്നശാലയെപ്പോലെ ( കഴിഞ്ഞ ആഴ്ച വിശദമാക്കിയിരുന്നു ) ശ്ലിഷ്ടഭന്നാഷ്ടശാലയ്ക്കും വാരോത്തരങ്ങളില്‍ ധ്വജയോനി ആവുന്നത് അത്യുത്തമം. അങ്കണോത്തരച്ചുറ്റ് ധ്വജം തന്നെ ആയിരിക്കണമെന്നു നിര്‍ബന്ധം. ഇതിന്‍റെ കോണ്‍ഗൃഹങ്ങളുടെ ഇരുവശത്തും അന്തരാളം ( ഇടനാഴി) കെട്ടിത്തിരിച്ച് അതാത് യോനിക്കണക്കില്‍ തന്നെ നിര്‍മിക്കണം. കോണ്‍ഗൃഹങ്ങള്‍ക്ക് അതാത് ദിക്കുകളുടെ യോനിക്കണക്കു തന്നെ വേണം. ( ഈശാന കോണ്‍ - ധ്വജം, അഗ്നികോണ്‍ - സിംഹം, നിരൃതികോണ്‍ - വൃഷഭം, വായുകോണ്‍ - ഗജം )

ഈ ചതുശാലയുടെ ദിഗ്ഗൃഹങ്ങളുടെ നെടിയ ഉത്തരങ്ങളും കോണ്‍ഗൃഹങ്ങളുടെ ഉത്തരങ്ങളും ഒന്നായിട്ടു വയ്ക്കുകയോ, സന്ധി കൂട്ടിച്ചേര്‍ത്തു വയ്ക്കുകയോ വേണം. രണ്ട് ഉത്തരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചു വയ്ക്കുക. ഇങ്ങനെ വയ്ക്കുമ്പോള്‍ അന്തരാളങ്ങളുടെ വാതിലുകളുടെ ( മുഖ്യദ്വാരം ) സ്ഥാനം മൂലം വേധം എന്ന ദോഷം വരാതിരിക്കാന്‍ അല്‍പ്പം നീക്കി ഗമനം കൊടുത്തിരിക്കണം. ( ഉത്തരങ്ങള്‍ തമ്മിലുള്ള സന്ധി വാതിലുകളുടെ നേരേ മുകളില്‍ വരാന്‍ പാടില്ല. വാതില്‍ അടയാന്‍ ബുദ്ധിമുട്ടു വരും എന്നൊരു പ്രശ്നം ഉണ്ടാകും എന്നതാണു മറ്റൊരു കാരണം )

ഇപ്രകാരം ഈ ചതുശാലയ്ക്ക് ദിഗ്ഗൃഹങ്ങളുടെയും കോണ്‍ഗൃഹങ്ങളുടെയും ഉത്തരങ്ങള്‍ക്കു ചേര്‍പ്പു കൂടാതെ അന്തരാളങ്ങളില്‍ സന്ധി മാത്രം ചെയ്യുന്നതു കൊണ്ട് ഭിന്നത്വവും, എല്ലാ ഗൃഹങ്ങള്‍ക്കും ദര്‍ശനമാത്രയില്‍ ഏകത്വം ഉള്ളതുകൊണ്ട് ശ്ലിഷ്ടത്വവും കൈവന്നിരിക്കുന്നു. ഉത്തരങ്ങള്‍ ചേര്‍പ്പുകള്‍ എല്ലാം ചേര്‍ന്നു എട്ട് എണ്ണം ( അഷ്ടം ) വരും. അങ്ങനെ ഈ ചതുശാലയ്ക്ക് ശ്ലിഷ്ടഭിന്നാഷ്ടശാല എന്നു പേര്...

കൂടുതല്‍ വാസ്തുവിശേഷങ്ങള്‍ അടുത്ത ആഴ്ച...
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code