Thursday, February 09, 2012   1:52 PM IST
Supplements
Home>> News>> National News
National News
നാലാമൂഴത്തില്‍ സോണിയ
Friday, September 03, 2010
|
|
|
സി. പി. രാജശേഖരന്‍

തമിഴ്നാട്ടിലെ ശ്രീ പെരുമ്പതൂരില്‍ ഒരു തെരഞ്ഞെടുപ്പു യോഗത്തിനിടെ, തനുവെന്ന ചാവേര്‍പ്പുലിയുടെ ബെല്‍റ്റ് ബോംബില്‍ രാജീവ് ഗാന്ധി ചിതറിത്തെറിക്കുമ്പോള്‍, ഇന്ദ്രപ്രസ്ഥത്തിലെ വീട്ടില്‍ രണ്ടു മക്കളുടെ പഠനകാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു സോണിയ ഗാന്ധി. മൂത്തമകന്‍ രാഹുലിനു പ്രായം 21 വയസ്. ഇളയവള്‍ പ്രിയങ്കയ്ക്കു 19 വയസാകുന്നതേയുള്ളു.

നാലുതലമുറ രാജ്യഭാരം ചുമന്ന തറവാട്ടിലെ ഇളമുറക്കാരാണു രണ്ടു മക്കളും. പ്രധാനമന്ത്രിയുടെ ധര്‍മപത്നി ആയിരുന്നെങ്കിലും രാജ്യകാര്യങ്ങളിലോ രാഷ്ട്രീയത്തിലോ ഒട്ടും താത്പര്യമില്ലായിരുന്നു, യുവത്വം വിടാത്ത ഈ വീട്ടമ്മയ്ക്ക്. മക്കളെ നന്നായി പഠിപ്പിക്കണം. അവര്‍ നല്ല നിലയില്‍ ജീവിക്കണം. ഭര്‍ത്താവ് പോലും രാഷ്ട്രീയത്തിലിറങ്ങുന്നത് ഇഷ്ടമായിരുന്നില്ല. അനുജന്‍ സഞ്ജയ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ രാജീവിനെ തടഞ്ഞുനിര്‍ത്താമായിരുന്നു. ഭര്‍തൃ മാതാവ് ഇന്ദിരാ ഗാന്ധി അംഗരക്ഷകരാല്‍ വധിക്കപ്പെടുന്നതിനു സാക്ഷിയായിരുന്നു സോണിയ. അന്നു ചോരകണ്ടു തലകറങ്ങിപ്പോയ സോണിയ, ഭര്‍ത്താവിനെ ആവതും നിര്‍ബന്ധിച്ചു; നമുക്ക് ഈ രാജ്യം വിട്ടുപോകാം.

പക്ഷേ, അങ്ങനെ വിട്ടുപോകാന്‍ പാകത്തിനുള്ളതല്ല നെഹ്റു കുടുംബത്തിന് ഇന്ത്യ . അതൊരു രാജവംശമല്ല. ജനകീയാടിത്തറയില്‍ അടിവേരുള്ള വലിയൊരു പിന്തുടര്‍ച്ചാവകാശമാണു ലക്നൗവിലെ ആനന്ദഭവനത്തില്‍ ഓരോ കാലത്തും നാമ്പിടുന്നത്. ഈ തറവാട്ടില്‍ ജനിച്ചവര്‍ മാത്രമല്ല, അവിടുത്തെ മരുമക്കള്‍ക്കും വിധിക്കപ്പെട്ടതാണ് അധികാരപ്പകര്‍ച്ചയെന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു, സോണിയ ഗാന്ധിയെന്ന നെഹറൂവിയന്‍ മരുമകളിലൂടെ. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദവിയില്‍ നാലാമതും അമര്‍ന്നിരിക്കാനുള്ള അധികാരം നേടിയിരിക്കുന്നു ഈ അറുപത്തിമൂന്നുകാരി. ഭര്‍ത്താവിനോ, ഭര്‍ത്തൃമാതാവിനോ, ഭര്‍ത്തൃമുത്തച്ഛനോ ലഭിക്കാതെ പോയ പൊന്‍തൂവല്‍കൂടിയുണ്ട് സോണിയ ഗാന്ധിയുടെ തൊപ്പിയില്‍- തുടര്‍ച്ചയായി 12 വര്‍ഷം, തുടര്‍ച്ചയായി നാലു തവണ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഏക വ്യക്തി.

രാജീവിന്‍റെ ഭാര്യയായി 1968 ലാണ് സോണിയ ഇന്ത്യയിലെത്തിയത്. നെഹറുവിന്‍റെ കൊച്ചുമകന്‍, ഇന്ദിരാഗാന്ധിയുടെ സീമന്ത പുത്രന്‍ ഇറ്റലിക്കാരിയായ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ കല്യാണം കഴിച്ചു! ഇന്ദ്രപ്രസ്ഥത്തിലെയും ലക്നോവിലെയും ഉപശാലകളില്‍ കുശുകുശുപ്പുകള്‍ ഒരുപാടുയര്‍ന്നു. മിശ്രവിവാഹങ്ങളും പുരോ ഗമന വാദങ്ങലും ഒരുപാടു കണ്ട ആനന്ദഭവന് അതു പക്ഷേ, അത്ര വലിയ വാര്‍ത്ത ആയിരുന്നില്ല.

പിന്നെയും ഏറെക്കാലം സോണിയ ഇറ്റലിക്കാരിയായിത്തന്നെ ഇന്ത്യയി ല്‍ ജീവിച്ചു. പക്ഷേ, മുന്‍കോപക്കാരിയായ ഇന്ദിരാ ഗാന്ധിയുടെ പോലും മനം കവര്‍ന്ന മരുമകളായി സോണിയ. ഇന്ത്യക്കാരിയായ ഇളയ മരുമകള്‍ മേനക, ഇന്ദിരയുടെ മനസില്‍ നിന്നും വസതിയില്‍ നിന്നും പുറത്തായപ്പോ ഴും സോണിയയ്ക്ക് അവരുടെ ഹൃദയത്തിലായിരുന്നു ഇരിപ്പിടം. സാരി ധരിച്ചും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയും രാഖി കെട്ടിയും ഹോളി ഘോഷിച്ചും സോണിയ വഴിയേ ഇന്ത്യക്കാരിയാവുകയായിരുന്നു.

രാജീവ് കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ രണ്ടു മക്കളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ചു വീടിന്‍റെ അകത്തളങ്ങളിലെവിടോ നിലവിളിച്ചുകിടന്ന സോണിയ പിന്നീടുള്ള ദിവസങ്ങളില്‍ ആലോചിച്ചത് ഇന്ത്യ വിട്ടു മറ്റെവിടെയെങ്കിലും പോയി ജീവിക്കാനായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു അവര്‍ക്കു വേണ്ടി കരുതി വച്ചത്. രാജീവ് ഗാന്ധിവധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ 1991 ലെ പൊ തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍, അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി ഛിന്നഭിന്നമായി. നരസിംഹറാവുവിനും തുടര്‍ന്നു വന്ന സീതാറാം കേസരിക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. തന്നെയുമല്ല, ബാബറി മസ്ജിദ് സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഏറെ ദുര്‍ബലപ്പെടുകയും ബിജെപി ശക്തിപ്പെടുകയും ചെയ്തു.

പാര്‍ട്ടിയെ നയിക്കാന്‍ ആളില്ലാത്ത അവസ്ഥ. ഉപജാപകരും ഉപദേശകരും സോണിയ ഗാന്ധിയിലേക്കു കണ്ണെറിഞ്ഞു. നോ..! അതുമാത്രമായിരുന്നു മറുപടി. 1997 ല്‍ പാര്‍ട്ടി കോല്‍ക്കത്ത പ്ലീനററി സമ്മേളനം. പാര്‍ട്ടി ഒന്നടങ്കം സോണിയയെ ക്ഷണിച്ചു. പാര്‍ട്ടിക്കു മറ്റൊരു ബദലില്ലായിരുന്നു. മനസില്ലാ മനസോടെ അവര്‍ സമ്മതം മൂളി. മൂന്നു രൂപ മെംബര്‍ഷിപ്പ് എടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക്. കഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍. പിന്നീടിങ്ങോട്ടു തുടര്‍ച്ചയായി 12 വര്‍ഷം, നാലു തവണ. അതേ, സോണിയയ്ക്കല്ലാതെ മറ്റൊരു നേതാവിനും ലഭിക്കാതെ പോയ അംഗീകാരം.

എതിര്‍പ്പുണ്ടായത് ഒരിക്കല്‍ മാത്രം- 2000 ല്‍. അന്ന് ജിതേന്ദ്ര പ്രസാദ് മത്സരരംഗത്തിറങ്ങിയെങ്കിലും ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അധികാരമാണ് ഒരു ശരാശരി ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍റെ വീക്നെസ്. സോണിയ ഗാന്ധിയെ ശക്തിപ്പെടുത്തുന്നത് അവര്‍ക്ക് ഈ വീക്നെസ് ഇല്ലാത്തതും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ശേഷം ആദ്യം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടന്ന 1999 ല്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. പാര്‍ട്ടി പദവിയില്‍ ഇന്ത്യ സോണിയ ഗാന്ധിയെ അംഗീകിരിക്കുന്നില്ല എന്നായിരുന്നു രാഷ്ട്രീയ ജ്യോതിഷികളുടെ പ്രവചനം. ജിതേന്ദ്ര പ്രസാദയെ സോണിയയ്ക്കെതിരേ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചതും ഈ പരാജയം തന്നെ. പക്ഷേ, പാര്‍ട്ടി പിന്മാറിയില്ല. സോണിയയും.

ഇന്ത്യ തിളങ്ങുന്നു എന്ന അമിതാവേശവുമായി തെരഞ്ഞെടുപ്പു നേരിട്ട ബിജെപി സഖ്യത്തെ 2004 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം അട്ടിമറിച്ചു. അതു സോണിയ എന്ന രാഷ്ട്രീയ നേത്രിയുടെ ഉയര്‍ച്ചയുടെ പടവുകള്‍ പണിതു. രാജ്യം നേരിട്ട ഏറ്റവും വലിയ അധികാര സംഘര്‍ഷമായിരുന്നു 2004 കണ്ടത്. ഒരു വശത്ത് പരാജിതരായ ഭരണപക്ഷം. മറുപക്ഷത്ത് ഒരുമയില്ലാത്ത പ്രതിപക്ഷം. തകര്‍ന്നടിഞ്ഞ മൂന്നാംമുന്നണിക്കു പ്രതീക്ഷയില്ല. കോണ്‍ഗ്രസിന് ഭരിക്കാന്‍ ഭൂരിപക്ഷവുമില്ല. എല്ലാ കണ്ണുകളും ഇടതു ചേരിയില്‍. അവസരം കിട്ടിയാല്‍ ഒരു കൈ നോക്കാമെന്നു ജ്യോതി ബസു. എന്നാല്‍, കേന്ദ്രത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം.

തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവ സങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരണം നടക്കുന്നില്ല. ചരിത്രപരമായ മണ്ടത്തരമെന്നു ജ്യോതി ബസു വിശേഷിപ്പിച്ച രാഷ്ട്രീയ നിലപാടുകള്‍ക്കൊടുവില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനു പുറത്തു നിന്നു പിന്തുണ നല്‍കാന്‍ തീരുമാനിക്കുന്നു. മറിച്ചായിരുന്നു സിപിഎം തീരുമാനമെങ്കില്‍, ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം മറ്റൊന്നാവുമായിരുന്നു.

കോണ്‍ഗ്രസിന് ഇടുപക്ഷ പിന്തുണ യാദൃശ്ചികമായിരുന്നു, അപ്രതീക്ഷിതവും. ഈ പിന്തുണയില്‍ അധികാരത്തിലെത്താമെന്ന അവസ്ഥ. തെരഞ്ഞെടുപ്പു നയിച്ച സോണിയ ഗാന്ധിയല്ലാതെ പാര്‍ട്ടിക്കു മറ്റൊരു പ്രധാനമന്ത്രിയോ? ചോദ്യം തന്നെ ഉദിച്ചില്ല. പക്ഷേ, ഉത്തരം പറയേണ്ട സോണിയ മാത്രം മിണ്ടിയില്ല. സോണിയയുടെ ഉത്തരത്തിനു വേണ്ടി ഒന്നും രണ്ടുമല്ല, നാലു ദിവസം രാഷ്ട്രം കാത്തിരുന്നു. അവര്‍ പ്രധാനമന്ത്രിയാവുന്നതിനെ ബിജെപി പല്ലും നഖവും ഉപയോഗിച്ചെതിര്‍ത്തു. ഒരു വിദേശ വനിത സ്വതന്ത്ര ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായാല്‍ താന്‍ തല മുണ്ഡനം ചെയ്തു ഹിമാലയം കയറുമെന്നു സുഷമ സ്വരാജ് പ്രഖ്യാപിച്ചു.

എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും സോണിയയ്ക്കു പിന്നില്‍ അടിയുറച്ചു. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് തന്നെ നിശ്ചയിക്കട്ടെയെന്ന് ഇടതുപക്ഷവും വിധിച്ചു. മാധ്യമ രാജാക്കന്മാര്‍ സോണിയയ്ക്കുവേണ്ടി പുതിയ തലക്കെട്ടുകള്‍ പരതി. ഉപശാലകളില്‍ തന്ത്രങ്ങള്‍ പലതു മെനയപ്പെട്ടു. ഒടുവില്‍ പത്താം നമ്പര്‍ ജന്‍പഥില്‍ നിന്നു സോണിയ മൗനം വെടിഞ്ഞു- ഇല്ല, പ്രധാനമന്ത്രിയാവാന്‍ ഞാനില്ല.

അവിശ്വസനീയമായിരുന്നു ആ തീരുമാനം, പ്രഖ്യാപനം. സോണിയ അല്ലെങ്കില്‍പ്പിന്നെ പ്രധാനമന്ത്രി ആര്? നെറ്റികള്‍ ചുളിഞ്ഞു. അഭ്യൂഹങ്ങള്‍ പലതുയര്‍ന്നു. ഒടുവില്‍ സോണിയ ഗാന്ധി തന്നെ ഉത്തരവും നല്കി- ഡോ. മന്‍മോഹന്‍ സിങ്. ഒരു സംഘടനയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സോണിയാ ഗാന്ധിയും സര്‍ക്കാരിനെ മന്‍മോഹന്‍സിങ്ങും നയിക്കുന്ന അവസ്ഥ. ഇതിനു മുന്‍പ് ഒരിക്കലും ഇന്ത്യയില്‍ ഇങ്ങനെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായിട്ടില്ല. ഇത്രയും യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന രണ്ടു നേതാക്കളും.

അധികാരമല്ല തന്‍റെ ലക്ഷ്യമെന്നു സോണിയ പലവട്ടം തെളിയിച്ചിട്ടുണ്ട്. മന്‍മോഹന് ഒരവസരം മാത്രം നല്കി, വേണമെങ്കില്‍ രണ്ടാമൂഴം തനിക്കു വാഴാമായിരുന്നു. ആദ്യവട്ടത്തെപ്പോലെ എതിര്‍പ്പ് രണ്ടാം വട്ടം ഉണ്ടായി ല്ല എന്നതു തന്നെ കാരണം. ഒരു പക്ഷേ, സോണിയ മാറിനിന്ന് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാനും തടസമുണ്ടായിരുന്നില്ല. അതിനും മുതിര്‍ന്നില്ല, രാഷ്ട്രീയത്തില്‍ അപാരമായ പക്വത പാലിക്കുന്ന ഈ നേത്രി. മറ്റാരാണെങ്കിലും രാഹുലിന് കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനമെങ്കിലും വെള്ളിത്താലത്തില്‍ വച്ചു നീട്ടുമായിരുന്നു. പ്രിയങ്കയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലുള്ള ഏതെങ്കിലുമൊരു ആഡംബരക്കസേര നല്‍കുമായിരുന്നു. മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് അഴിമതി കാട്ടാന്‍ എന്തെങ്കിലുമൊരു സാഹചര്യം സൃഷ്ടിച്ചു കൊടുക്കുമായിരുന്നു. പക്ഷേ, ഇതൊന്നും സംഭവിച്ചില്ല.

രാജീവിന്‍റെ സഹപ്രവര്‍ത്തകരുടെ മക്കള്‍, അതും രാഹുലിന്‍റെ പ്രായമുള്ളവര്‍ പലരും മന്‍മോഹന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിമാരായുണ്ട്. രാഹുലിനെ മന്ത്രിയാക്കാന്‍ മന്‍മോഹന്‍ സിങ് തന്നെ പല തവണ ക്ഷണിച്ചു. പക്ഷേ, സോണിയ മാത്രം നിര്‍ബന്ധിക്കുന്നില്ല. പാര്‍ട്ടിയുടെ യുവനിരയെ വാര്‍ത്തെടുക്കാനുള്ള പരിശീലനത്തിലാണു രാഹുല്‍. കോഴിക്കോട്ടെ കാപ്പിക്കടയില്‍ പൊറോട്ട കഴിച്ചും, ബിഹാറിലെ നക്സല്‍ മേഖലകളില്‍ റോന്ത് ചുറ്റിയും, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കൊപ്പം അത്താഴമുണ്ടും, പഞ്ചാബിലെ ക്യാംപസുകളില്‍ സംവദിച്ചും രാജ്യത്തിന്‍റെ ആത്മാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണു രാഹുല്‍. രാഷ്ട്രീയത്തിന്‍റെ പിന്നാമ്പുറത്തുപോലുമില്ലാതെ, അമ്മയെയും ഏട്ടനെയും സഹായിച്ച് നല്ലൊരു വീട്ടമ്മയായി പ്രിയങ്കയെ മാറ്റിയെടുത്തതും അമ്മയെന്ന നിലയില്‍ സോണിയയുടെ മകവു തന്നെ.

1983 ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം നേടിയ സോണിയാ ഗാന്ധി ഇന്ന് ഇന്ദിരാഗാന്ധിയെക്കാള്‍ പ്രബലയായ ഇന്ത്യന്‍ നേത്രിയാണ്. സാധാരണ ഇറ്റലിക്കാര്‍ സോണിയയെ അറിയില്ല. എന്നാല്‍ ഇന്ത്യയിലെ ഏത് ആദിവാസിക്കുടികളിലും സോണിയയുടെ പേര് അറിയും. 2004 ല്‍ ഫോബ്സ് മാഗസിന്‍ നടത്തിയ സര്‍വെയില്‍ ലോകത്തെ ഏറ്റവും പ്രബലയായ മൂന്നാമത്തെ വനിതാ നേതാവാണു സോണിയ. 2007 ല്‍ ദ ന്യൂസ് വീക്ക് സര്‍വെ കണ്ടെത്തിയ ലോകത്തെ നൂറ് ശക്തരായ നേതാക്കളില്‍ ഒരാളും.

ഒരു വ്യാഴവട്ടം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അപൂര്‍വമെങ്കിലും വിവാദത്തിലും കുടുങ്ങിയിട്ടുണ്ട് സോണിയ. പ്രതിഫലം പറ്റുന്ന ഓഫിസിലിരുന്ന് എംപി ആയി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് 2007 ല്‍ ലോക്സഭാംഗത്വം രാജി വയ്ക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. എന്നാല്‍ ഒട്ടും വൈകാതെ, നാലു ലക്ഷം വോട്ടിന്‍റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ റായ് ബറേലിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു രാജ്യത്തിന്‍റെ വിശ്വാസം നേടിയിട്ടുമുണ്ട് അവര്‍.

കോണ്‍ഗ്രസ് അധ്യക്ഷയായി നാലാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട സോണിയാ ഗാന്ധിക്ക് ഇനി ഇന്ത്യയില്‍ ആകാന്‍ പറ്റാത്ത പദവികളുണ്ടാവില്ല. മകനെ പ്രധാനമന്ത്രിക്കസേരയില്‍ അവരോധിച്ച അമ്മ എന്ന അത്യപൂര്‍വ വിശേഷണം മാത്രമാവും ഒരു പക്ഷേ, സോണിയയെ കാത്തിരിക്കു ന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code