Thursday, February 09, 2012   11:49 AM IST
Supplements
Home>> News>> World News
World News
മുന്തിരിത്തോട്ടം ഞാന്‍ മറക്കാം
Saturday, September 04, 2010
|
|
|
ഇസ്രയേലും പലസ്തീനും അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിങ്ട ണില്‍ ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ഈ പ്രസ്താവനയ്ക്ക് ഒരു വൈന്‍ തോട്ടവുമായി എന്തു ബന്ധം?. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ആരെയൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്നതിന് നല്ല ഉദാഹരണമാണ് ഈ സംഭവം. ജെറുസലേമില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയാണ് ഓഫ്റ എന്ന പ്രദേശം. അവിടെ ആറരയേക്കറില്‍ ഒരു മുന്തിരിത്തോട്ടം. യോരാം കോഹന്‍ എന്ന നാല്‍പ്പത്തൊമ്പതുകാരന്‍റേതാണത്. ഇസ്രയേലിലും പലസ്തീനിലും അറിയപ്പെടുന്ന വൈന്‍ നിര്‍മാതാവാണ് യോരാം. യോരാമും ഈ മുത്തിരിത്തോട്ടവും ഒരു പ്രതീകമാണ്. ഓഫ്റയില്‍ വീടുവച്ച് കൃഷിയുമൊക്കെയായി ജീവിക്കുന്ന ഇസ്രയേലികളുടെ പ്രതീകം.

രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇസ്രയേല്‍, പലസ്തീന്‍ ചര്‍ച്ചയ്ക്കു കളമൊരുങ്ങുന്നത്. തര്‍ക്ക പ്രദേശങ്ങള്‍ പലസ്തീനു വിട്ടു കൊടുത്തുകൊണ്ട് ഒരു ഒത്തുതീര്‍പ്പാണ് ഉരുത്തിരിയുന്നതെങ്കിലോ എന്ന ആശങ്കയുണ്ട് ഇവര്‍ക്ക്. അങ്ങനെ സംഭവിച്ചാല്‍ ഏറെക്കാലത്തെ സമ്പാദ്യം, നട്ടു നനച്ചുണ്ടാക്കിയ കൃഷി, കിടപ്പാടം...ഇതെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട് ഇവര്‍ക്ക്.

1967 മുതലുള്ള തര്‍ക്കമാണിത്. പലസ്തീന്‍റെ മണ്ണിലെ ജൂവിഷ് സെറ്റില്‍മെന്‍റുകളാണ് പ്രശ്നം. ഇസ്രയേലുകാര്‍ ഇതിനെ ബിബ്ലിക്കല്‍ ലാന്‍ഡ് എന്നു വിളിച്ചു. ഇവിടം സ്വന്തമാക്കുക എന്നത് ദൈവം നല്‍കിയ അവകാശമാണെന്ന് അവര്‍ കരുതുന്നു. ഒഫ്റ സെറ്റില്‍മെന്‍റ് ലാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന, ഇസ്രയേലിന്‍റെ അധികാര പരിധിയിലുള്ള ഭൂമിയില്‍ പാര്‍ക്കുന്നവര്‍ അപ്പോള്‍ എന്തു ചെയ്യും? അവരെല്ലാം സ്വന്തം ഭൂമി വിട്ടുകൊടുത്തേ പറ്റൂ. മറ്റെന്തെങ്കിലും ജോലി നോക്കി ഇസ്രയേലില്‍ എവിടെയെങ്കിലും ജീവിക്കാം.

ജെറുസലേമില്‍ നിന്ന് മുപ്പതു കിലോ മീറ്റര്‍ അപ്പുറത്തുള്ള സ്ഥലമാണ് ഒഫ്റ പ്രദേശം. ഇസ്രയേല്‍ ഈ ഭൂമിക്കുവേണ്ടി ഒഫ്റ സെറ്റില്‍മെന്‍റ് എന്ന നിയമം പ്രഖ്യാപിച്ചു. ഇസ്രയേലികള്‍ക്ക് ഇവിടെ പാര്‍ക്കാം. പലസ്തീനികള്‍ക്കു പ്രവേശനമില്ല. ഇസ്രയേല്‍ കോടതിയുടെ പ്രത്യേക പെര്‍മിഷനുണ്ടെങ്കില്‍, സെക്യൂരിറ്റിയുടെ അകമ്പടിയോടെ പലസ്തീനികള്‍ക്ക് ഇവിടെ വന്നുപോകാം. മൂവായിരത്തോളം ഇസ്രയേലികളാണ് ഇവിടെയുള്ളത്. 1983ലാണ് ഇത്രയും പേര്‍ ഒഫ്റയിലേക്കു കുടിയേറിയത്. ഇവിടെ നിന്നു കുറച്ചു ദൂരമേയുള്ളൂ പലസ്തീനിലേക്ക്. കുടിയേറിയ ജൂതന്മാര്‍ മണ്ണിളക്കി പൊന്നു വിളയിച്ചു ഇവിടെ.

ചുവന്ന ഓടിട്ട വീടുകള്‍ നിരയായി കാണാം. വെസ്റ്റ്ബാങ്കിലേതു പോലെയോ, ഈസ്റ്റ് ജെറുസലേം പോലെയോ ശക്തമായ സൈനിക സന്നാഹങ്ങള്‍ ഇവിടെയില്ല. പക്ഷേ, ഇസ്രയേലും പലസ്തീനുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ഒഫ്റ. ഇപ്പോള്‍ ഈ ഭൂമി തിരിച്ചു നല്‍കണമെന്നാ ണ് പലസ്തീന്‍റെ ആവശ്യം. 1967നു മുമ്പത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറണം. പിടിച്ചടക്കിയ പ്രദേശങ്ങളുടെ പേരിലുണ്ടാക്കിയ കരാറുകളും നിയമങ്ങളും അവസാനിപ്പിക്കണം. ഇത്രയും പലസ്തീനികളുടെ ആവശ്യം.

പലസ്തീന്‍കാരന്‍ ആബിദ് അല്‍ ഹമീദ് പറയുന്നത് മറ്റൊന്നാണ്. ഞങ്ങള്‍ വിളവിറക്കി, കൊയ്യാറായപ്പോള്‍ ഇസ്രയേലികള്‍ പിടിച്ചെടുത്തു. എന്‍റെ മുതുമുത്തച്ഛന്മാര്‍ കൃഷിയിറക്കി നല്ല വിളവെടുത്ത മണ്ണാണിത്, ഓഫ്റ എന്ന പ്രദേശത്തേക്കു നോക്കി ആബിദ് പറയുന്നു. അവിടെനിന്ന് ഇസ്രയേലികള്‍ മുന്തിരിക്കുലകള്‍ അടര്‍ത്തിക്കൊണ്ടു പോകുമ്പോള്‍ മനസു നൊമ്പരപ്പെടാറുണ്ട്. ഇവിടം കൃഷിക്ക് അനുയോജ്യമാക്കിയത് ഇസ്രയേലികളാണെന്നു പറയുന്നതൊക്കെ വെറുതെയാണ്. ഇതു വളരെ മുമ്പു തന്നെ കൃഷിയിടമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ പരിചയപ്പെട്ട വൈന്‍ നിര്‍മാതാവ് യോരാമിന് ആരോടും പ്രതിഷേധമില്ല. ചര്‍ച്ചകള്‍ക്കൊടുവിലെ ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി വിട്ടു കൊടുക്കേണ്ടി വന്നാല്‍ അതിനും മടിയില്ല. ഇനി ഈ മണ്ണില്‍ ചോരവീഴില്ലെങ്കില്‍, സമാധാനത്തിന്‍റെ മുന്തിരിക്കുലകള്‍ കായ്ക്കുമെങ്കില്‍ എന്‍റെ മുന്തിരിത്തോട്ടം ഞാന്‍ മറക്കാം. മുന്തിരിച്ചാറിന്‍റെ നിറത്തില്‍ നിന്ന് അധികം ദൂരമില്ല രക്തത്തിന്‍റെ നിറത്തിലേക്ക്...

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code