Thursday, February 09, 2012   8:01 AM IST
Supplements
Home>> Vaartha Life>> Trendz
Trendz
കരിങ്കണ്ണാ നോക്കൂ...
Saturday, September 04, 2010
|
|
|
വീടു പണിയുന്നവര്‍ പണ്ടൊക്കെ കെട്ടിടത്തിനു മീതെ ഒരു കോലം കെട്ടിത്തൂക്കുമായിരുന്നു. കണ്ണേറു കിട്ടാതിരിക്കാന്‍ കരിങ്കണ്ണാ നോക്ക് എന്ന് ഈ ബോര്‍ഡനരികെ എഴുതിവയ്ക്കും. ചിലയാളുകള്‍ അസൂയയോടെ നോക്കിയാല്‍ കെട്ടിടം പണിക്ക് കോട്ടം തട്ടുമെന്നാണ് അന്ധവിശ്വാസം. വീടു നിര്‍മിച്ചു കഴിഞ്ഞാല്‍ പൂമുഖത്ത് ലാഫിങ് ബുദ്ധ, ചൈനീസ് ഫ്രോഗ് എന്നിവയുടെ പ്രതിമ വയ്ക്കലാണ് അടുത്ത ഭാഗ്യപരീക്ഷണം. ഇതൊക്കെ കേരളത്തിലെ വീട്ടുടമസ്ഥരുടെ കഥ. അങ്ങു ദൂരെ അല്‍ബേനിയക്കാരും ഇത്തരം വിശ്വാസങ്ങളില്‍ ഒട്ടും പുറകിലല്ല. അവിടെ വീടുകള്‍ക്കു മുന്നില്‍ കെട്ടിത്തൂക്കുന്നത് ടെഡി ബെയറുകളാണെന്ന വ്യത്യാസം മാത്രം.

ദൃഷ്ടിദോഷം തടയാന്‍ പാവക്കുട്ടിക്കു കഴിയുമെന്നാണ് അല്‍ബേനിയക്കാര്‍ കരുതുന്നത്. ഒരു കാലത്ത് അവിശ്വാസികളുടെ രാഷ്ട്രമെന്നു പേരു കേട്ടിരുന്ന അല്‍ബേനിയയില്‍ ഇപ്പോള്‍ അന്ധവിശ്വാസം വേരുറപ്പിക്കുന്നു. വീടുകളുടെ മുന്നില്‍ തൂക്കിയിട്ടിട്ടുള്ള ടെഡി ബെയറുകള്‍ ഇതിനു തെളിവ്. കേരളത്തിലെ മന്ത്രവാദികളെപ്പോലെ അല്‍ബേനിയയിലും മന്ത്രവാദികള്‍ ചികിത്സ തുടങ്ങിയിരിക്കുന്നു. ഈ നാട്ടുകാരുടെ മനസില്‍ ആരാധനാ മൂര്‍ത്തികളായി മാറിയിരിക്കുന്നു ടെഡിബെയറുകള്‍.

അല്‍ബേനിയന്‍ തലസ്ഥാനം തിരാനിയില്‍ നിന്നു മുപ്പതു കിലോമീറ്റര്‍ അകലെയുള്ള കുക് ഗ്രാമത്തിലെ സിന എന്നയാളുടെ വീടിനു മുന്നിലൊരു ടെഡി ബെയര്‍ തൂക്കിയിട്ടുണ്ട്. കര്‍ഷകനാണ് സിന. അമ്പത്തൊന്നുകാരനായ സിനയ്ക്ക് ഇക്കാര്യത്തില്‍ രഹസ്യങ്ങളില്ല. അസൂയക്കാരെ തുരത്താനാണ് പാവക്കുട്ടിയെ വീടിനു മുന്നില്‍ തൂക്കിയിരിക്കുന്നതെന്നു പറയുന്നു സിന. ഇനിയെന്‍റെ കുടുംബത്തെ തൊടാന്‍ പോലും ആര്‍ക്കും കഴിയില്ല. സിറി ഇ കെക്ക്, ദൃഷ്ടിദോഷത്തിന്‍റെ അല്‍ബേനിയന്‍ വാക്ക്. ആ പാവക്കുട്ടിക്ക് അസാമാന്യമായ ശക്തിയുണ്ടെന്നു സിന ഉറച്ചു വിശ്വസിക്കുന്നു. സിനയെപ്പോലെ നിരവധി പേര്‍, അല്‍ബേനിയയില്‍ ടെഡിബെയറുകളില്‍ ഭാഗ്യവും സുരക്ഷിതത്വവും കാണുന്നു.

പുതിയ വീട് പണിതു തുടങ്ങിയപ്പോഴാണ് സിനയ്ക്ക് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഭാര്യ മരിച്ചു, വസ്തുതര്‍ക്കം. കനത്ത മഴയില്‍ കൃഷി നശിച്ചു. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും കണ്ണു തട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു സിന വിശ്വസിക്കുന്നു. വീടിനു മുന്നില്‍ ടെഡി ബെയര്‍ കെട്ടിത്തൂക്കിയപ്പോള്‍ സ്ഥിതി മാറി. പ്രശ്നങ്ങളോരോന്നായി ഒഴിഞ്ഞു. കുടുംബത്തിന്‍റെ രക്ഷകന്‍ ആ പാവക്കുട്ടിയാണെന്ന് സിന ഉറച്ചു വിശ്വസിക്കുന്നു. മന്ത്രത്തകിട്, ചുവന്ന പതാക, ഹോഴ്സ്ഷൂ, വെളുത്തുള്ളി തുടങ്ങിയവയൊക്കെ വിശ്വാസത്തിന്‍റെ ഭാഗമായി അല്‍ബേനിയന്‍ വീടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഒരുപാടു നിര്‍ഭാഗ്യവാന്മാര്‍ക്കു ഭാഗ്യത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നയാളാണു തിരാനയിലെ നാല്‍പ്പതുകാരി മെറീമി കോബ. അല്‍ബേനിയയില്‍ അറിയപ്പെടുന്നതു ജെറി ഇ മീര്‍ എന്ന്. അതായത് നല്ല സ്ത്രീ. ദൈവവുമായി നേരിട്ടു ബന്ധമുള്ളവരെ വിശേഷിപ്പിക്കുന്ന പേരാണു ജെറി ഇ മീര്‍. മെറീമി ഉണ്ടാക്കുന്ന മരുന്നുകള്‍ക്ക് ഏത് രോഗവും മാറ്റാനുള്ള അത്ഭുതസിദ്ധിയുണ്ടെന്നു നിരവധി പേര്‍ വിശ്വസിക്കുന്നു. ഒരു ദിവസം പത്തിലധികം പേര്‍ ജെറീമിയെ കാണാനെത്തുന്നു. തൊഴിലില്ലായ്മ മുതല്‍ മാരക രോഗങ്ങള്‍ക്കു വരെ ജെറീമി ചികിത്സിക്കും. ക്ലയന്‍റ്സ് തരുന്നതു മേടിക്കും, വലിയ ഫീസില്ലെന്നു ചുരുക്കം.

അല്‍ബേനിയ എങ്ങനെ അന്ധവിശ്വാസികളുടെ നാടായി? 1945 മുതല്‍ 1992 വരെ കമ്യൂണിസ്റ്റ് ഭരണമായിരുന്നു അല്‍ബേനിയയില്‍. അന്ധവിശ്വാസങ്ങളെല്ലാം അക്കാലത്തു നാടു കടന്നു. എന്നാല്‍ 92ല്‍ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചപ്പോള്‍, പൂര്‍വികരുടെ അന്ധവിശ്വാസങ്ങള്‍ ചികഞ്ഞെടുക്കാന്‍ തുടങ്ങി പുതിയ തലമുറ. അരക്ഷിതാവസ്ഥയില്‍ നിന്നാണ് ഇത്തരം അന്ധവിശ്വാസമുണ്ടാകുന്നതെന്ന് പുരോഗമനവാദികള്‍ പറയുന്നു. കൃത്യമായ നിയമങ്ങളുടെ അഭാവവും, നിയമം നടപ്പാക്കാത്തതും ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് അന്ധവിശ്വാസത്തിലാണ്..

പഴയ നോക്കുകുത്തി മാറി. ആ സ്ഥാനം ടെഡിബെയര്‍ ഏറ്റെടുത്തു. അന്ധവിശ്വാസത്തിലും ഒരു ആധുനികത....

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code