ഭക്ഷ്യവില സൂചിക ഉയര്‍ന്നു
Saturday,
September 04,
2010
ന്യൂഡല്‍ഹി
ഭക്ഷ്യവില സൂചിക വീണ്ടും ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ ആശങ്കയില്‍. കഴിഞ്ഞ രണ്ടാഴ്ചയായി കുറഞ്ഞിരുന്ന ഭക്ഷ്യവില സൂചിക ഓഗസ്റ്റ് 31ന് അവസാനിച്ച വാരം 10.86 ശതമാനമായി ഉയര്‍ന്നു. മുന്‍വാരം 10.05%. ഖാരിഫ് വിളവെടുപ്പോടെ ഭക്ഷ്യോത്പന്നങ്ങളുടെ വില കുറയുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇതോടെ പ്രതിരോധത്തിലായി. വര്‍ഷകാല സമ്മേളനം കഴിഞ്ഞതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനു ചൂടു കുറവായതാണു കേന്ദ്രസര്‍ക്കാരിനുള്ള ഏക ആശ്വാസം.
ഭക്ഷ്യധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പാല്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നു. എന്നാല്‍ പച്ചക്കറികളുടെ വില കുറഞ്ഞു. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും ഇടിഞ്ഞു. വരും മാസങ്ങളില്‍ ഭക്ഷ്യവില സൂചിക ഒറ്റയക്കത്തിലെത്തുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഭക്ഷ്യവില സൂചികയും നാണയപ്പെരുപ്പവും ഉയരുന്ന സാഹചര്യത്തില്‍ ആര്‍ബിഐ ഈ മാസം 16നുള്ള വായ്പാഅവലോകനത്തില്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങിയേക്കുമെന്നും സൂചന. ഈവര്‍ഷം നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്ക് ഇതിനകം മൂന്നുതവണ നിരക്ക് പരിഷ്കരിച്ചിരുന്നു.
ഇന്ധനവില സൂചിക 12.71 ശതമാനമായി ഉയര്‍ന്നു. മുന്‍വാരം 12.57%. അവശ്യവസ്തുക്കളുടെ വില 14.75 ശതമാനത്തില്‍ നിന്നു 15.19 ശതമാനമായി വര്‍ധിച്ചു.
വാര്‍ഷികാടിസ്ഥാനത്തില്‍ പയറുവര്‍ഗങ്ങളുടെ വിലയില്‍ 14% വര്‍ധന. അരി, ഗോതമ്പ് എന്നിവയ്ക്ക് യഥാക്രമം 8.05%, 7% വില കൂടി. തുടര്‍ച്ചയായ അഞ്ചു മാസം ഇരട്ടയക്കത്തില്‍ തുടര്‍ന്ന നാണയപ്പെരുപ്പം ജൂലൈയില്‍ 9.97 ശതമാനമായി കുറഞ്ഞിരുന്നു. ഭക്ഷ്യവില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.
Close...
Maximum Character Allowed -
4000