തിരുവനന്തപുരം, ന്യൂഡല്‍ഹി
സ്വന്തം ലേഖകര്‍
ലോട്ടറി വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങളെ ഒറ്റയ്ക്കു പ്രതിരോധിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ്. ഈ മാസം ഒമ്പതിനു കോഴിക്കോട്ട് പരസ്യസംവാദം നടത്തുമെന്നും രമേശ് ചെന്നിത്തലയ്ക്ക് അടക്കം ആര്‍ക്കും സംവാദത്തില്‍ പങ്കെടുക്കാമെന്നും അദ്ദേഹം മെട്രൊവാര്‍ത്തയോടു പറഞ്ഞു.
ഗുസ്തിക്കാരെപ്പോലെ എന്നും രാവിലെ വെല്ലുവിളി നടത്താതെ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയാണു തോമസ് ഐസക് ചെയ്യേണ്ടതെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
കോഴിക്കോട് സംവാദം തീരുമാനിച്ച ശേഷം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടും അവര്‍ വന്നില്ലെന്നു തോമസ് ഐസക് പറഞ്ഞു. സംവാദത്തില്‍ ആര്‍ക്കും എന്തും ചോദിക്കാം. എല്ലാത്തിനും മറുപടി നല്‍കാന്‍ തയാര്‍. വെല്ലുവിളികള്‍ നടത്താതെ സംവാദത്തില്‍ പങ്കെടുക്കുകയാണു പ്രതിപക്ഷ നേതാക്കള്‍ ചെയ്യേണ്ടത്. സാധാരണക്കാര്‍ക്കു ചോദ്യങ്ങള്‍ എഴുതിത്തന്നോ നേരിട്ടോ ചോദിക്കാം.
സംസ്ഥാന സര്‍ക്കാരിന്‍റെ ലോട്ടറികള്‍ നിരോധിക്കുന്നതിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം.വി. ജയരാജന്‍ എതിര്‍ക്കുന്നതില്‍ തെറ്റില്ല. നിരവധി സാധാരണക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുന്ന പ്രശ്നമാണിത്. ഏജന്‍റുമാരുടെ അസോസിയേഷന്‍ നേതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹം പറയുന്നതും പാര്‍ട്ടി നിലപാടാണ്.
പാര്‍ട്ടിയുടെ അറിവോടെയാണു ലോട്ടറി നിരോധിച്ചത്. ദേശാഭിമാനി സാന്‍റിയാഗോ മാര്‍ട്ടിനില്‍നിന്നു സംഭാവന സ്വീകരിച്ചതു തെറ്റായിപ്പോയെന്നു പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തുകയും ചെയ്തു- തോമസ് ഐസക് പറഞ്ഞു.
ലോട്ടറിയുമായി ബന്ധപ്പെട്ട സംവാദത്തില്‍ യുഡിഎഫ് പ്രതിനിധിയായി ഒരാളെ ചുമതലപ്പെടുത്തുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഈ പ്രതിനിധിയുമായി സംവാദത്തിനുണ്ടെങ്കില്‍ ധനമന്ത്രി അറിയിക്കണം. യുഡിഎഫിന്‍റെ ആരോപണങ്ങള്‍ക്കു വസ്തുനിഷ്ഠമായ മറുപടി പറയണം. വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകള്‍ വ്യത്യസ്തമാണ്.
മുഖ്യമന്ത്രിയോടു പോലും നിലപാടു വ്യക്തമാക്കാന്‍ കഴിയാത്ത മന്ത്രി എങ്ങനെയാണു യുഡിഎഫിനോടു കാര്യങ്ങള്‍ വിശദീകരിക്കുക? ലോട്ടറി വിഷയത്തില്‍ 16 മുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Close...
Maximum Character Allowed -
4000