കൊച്ചി
സ്വന്തം ലേഖകന്‍
സ്വകാര്യ കമ്പനികളടക്കം രാജ്യത്തു രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍പ്പെടുമെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ പാലാട്ട് മോഹന്‍ദാസ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെ അസൗകര്യങ്ങള്‍മൂലം വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച വിവരാവകാശ നിയമം- 2005 ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു മോഹന്‍ദാസ്. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ടേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പൊതുസംവിധാനം ഉപയോഗിക്കാനാവൂ.
ഇത്തരം കമ്പനികളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നത് നേരിട്ടു കമ്പനിയില്‍നിന്നായിരിക്കില്ല. കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ സംവിധാനം വഴി വിവരങ്ങള്‍ തേടുന്നതിനു പൊതുജനത്തിന് അവകാശമുണ്ടായിരിക്കും. വിവരാവകാശ നിയമം കാര്യക്ഷമമാക്കുന്നതിനു സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മിഷന് ഇതു നല്‍കാനുള്ള അധികാരമില്ല. അതതു വകുപ്പു തലവന്മാര്‍ സര്‍ക്കാറിനെ സമീപിച്ച് ഇക്കാര്യം ആവശ്യപ്പെടണം. ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോകുന്നതു നിയമം നടപ്പാക്കുന്നതിനു വലിയ തിരിച്ചടിയാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിര്‍ബന്ധമായും വിവരാവകാശ രജിസ്റ്റര്‍ സൂക്ഷിക്കണം.
അപേക്ഷകളിന്മേലുള്ള നടപടികള്‍ ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ജില്ല കലക്റ്റര്‍, വകുപ്പ് തലവന്മാര്‍ എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കാനുള്ള സൗകര്യമൊരുക്കണം. ഓരോ സാമ്പത്തിക വര്‍ഷവും ഉദ്യോഗസ്ഥ വിന്യാസത്തില്‍ വ്യത്യാസമുണ്ടാകുന്നതുകൊണ്ട് തുടര്‍ച്ചയായ പരിശീലനം നല്‍കിയാലേ പ്രയോജനമുള്ളൂ.
വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥര്‍ ഭയപ്പെടരുത്. നയമത്തെക്കുറിച്ചുള്ള പൂര്‍ണ ഗ്രാഹ്യമുണ്ടെങ്കില്‍ നടപ്പാക്കുന്നതില്‍ പിഴവുണ്ടാകില്ല. പൗരനു കഴിയുന്നത്ര വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുമ്പോഴാണു വിവരാവകാശ നിയമം യഥാര്‍ഥ ഫലം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന വിവരാവകാശ കമ്മിഷന്‍, കോണ്‍ഫെഡറേഷന്‍ ഒഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍റര്‍ (സിവിസി), റോട്ടറി ക്ലബ് ഒഫ് കൊച്ചിന്‍ ഹാര്‍ബര്‍ എന്നിവരുമായി സഹകരിച്ചു നടത്തിയ സെമിനാര്‍ ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കലക്റ്റര്‍ ഡോ. എം. ബീന അധ്യക്ഷത വഹിച്ചു. സിഡിആര്‍എഫ് ജില്ലാ പ്രസിഡന്‍റ് അഡ്വ. എ. രാജേഷ്, കേരള പ്രതികരണ വേദി പ്രസിഡന്‍റ് ഫ്രാന്‍സിസ് പെരുന്ന, സിഡിസി പ്രസിഡന്‍റ് അഡ്വ. ജോസ് വിതയത്തില്‍, റോട്ടറി ക്ലബ് ഒഫ് കൊച്ചിന്‍ ഹാര്‍ബര്‍ പ്രസിഡന്‍റ് നളിനി വര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പൊതു വിവരാവകാശ ഓഫിസര്‍മാര്‍, അപ്പലെറ്റ് ഓഫിസര്‍മാര്‍ എന്നിവരടക്കം ആയിരത്തോളം പേരും പങ്കെടുത്തു.
Close...
Maximum Character Allowed -
4000