തിരുവനന്തപുരം
സ്വന്തം ലേഖകന്‍
എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്നു കൊല്ലം എസ്എന്‍ കോളെജില്‍. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പാനലും ശ്രീനാരായണ ധര്‍മവേദി പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍റെ പാനലും തമ്മില്‍ പ്രധാന മത്സരം. ഇരുവിഭാഗങ്ങളും വാശിയോടെ മത്സരത്തിനിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നമായി മാറുമെന്ന് ആശങ്ക. കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും.
ദക്ഷിണമേഖലാ എഡിജിപി പി. ചന്ദ്രശേഖരന്‍, എസ്പി ഹര്‍ഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാക്രമീകരണങ്ങള്‍. ധര്‍മവേദി സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് വരണാധികാരിയുമായി ഇന്നലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കി. വോട്ടര്‍മാര്‍ക്കു മാത്രമേ ഏജന്‍റുമാരാകാന്‍ കഴിയൂവെന്ന വരണാധികാരിയുടെ തീരുമാനമാണു സംഘര്‍ഷത്തിനു കാരണമായത്. എസ്പിയുടെ സാനിധ്യത്തില്‍ നടന്ന ആലോചനായോഗ തീരുമാനങ്ങള്‍ വെള്ളാപ്പള്ളിക്കുവേണ്ടി വരണാധികാരി ലംഘിച്ചെന്നായിരുന്നു ആരോപണം. സ്വതന്ത്രസ്ഥാനാര്‍ഥികളും പ്രതിഷേധിച്ചു. പൊലീസിന്‍റെ കര്‍ശന നിലപാടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്.
എസ്എന്‍ കോളെജിലും പരിസരപ്രദേശങ്ങളിലും എഡിജിപിയുടെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തി. ബൂത്തുകളില്‍ വിഡിയൊ ക്യാമറകള്‍ സ്ഥാപിച്ചു. കള്ളവോട്ട് തടയാനാണിത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ തടയാന്‍ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ പത്തിന് ആരംഭിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷനായിരിക്കും. വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കും അവതരിപ്പിക്കും. ഇവ പാസാക്കുകയും പുതിയ യോഗം ഡയറക്റ്റര്‍മാരുടെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുകയുമാണു പൊതുയോഗ മുഖ്യ അജന്‍ഡ.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ദേവസ്വം സെക്രട്ടറി സ്ഥാനങ്ങളിലേക്കു 17 പേരാണു മത്സരരംഗത്ത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളി യും ഗോകുലം ഗോപാലനും നേരിട്ട് ഏറ്റുമുട്ടുന്നു. 9,510 പേരാണു വോട്ടര്‍മാര്‍.
Close...
Maximum Character Allowed -
4000