തൃശൂര്‍
നഗരത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന 92 കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ ഈസ്റ്റ് പൊലീസിനാണു തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്.
സെപ്റ്റംബര്‍ 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എസ്. ആന്‍റണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണിത്.
നഗരത്തിലെ 92 കെട്ടിടങ്ങള്‍ നിലംപൊത്താറായ നിലയിലെന്ന് ഇന്നലെ മെട്രൊ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ഹര്‍ജിക്കൊപ്പം പി.ഡി. ജോസഫ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതു പരിഗണിച്ചാണു കോടതി പൊലീസിനു നിര്‍ദേശം നല്‍കിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സംബന്ധിച്ച നടപടി കോടതിയില്‍ അറിയിക്കണം.
തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡിലെ കേരള ഭവന്‍ ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിക്കുകയും ഒരാള്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത് ഉദ്യോഗസ്ഥരുടെയും ലോഡ്ജ് ഉടമസ്ഥരുടെയും കഴിവുകേടാണെന്നു ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ ലോഡ്ജ് ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ലോഡ്ജ് ഉടമകളായി ഒന്നില്‍ കൂടുതല്‍ പേരുള്ളതിനാല്‍ എല്ലാവര്‍ക്കെതിരേയും കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ക്രിമിനല്‍ നടപടി നിയമം 190, 191 വകുപ്പുകള്‍ പ്രകാരമാണു ഹര്‍ജി സമര്‍പ്പിച്ചത്. കോര്‍പ്പറേഷന്‍ ബില്‍ഡിങ് വിഭാഗം എന്‍ജിനിയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, ഹെല്‍ത്ത് ഓഫിസര്‍ എന്നിവരുടെ പേരില്‍ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരായുന്നു.
പഴയ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, സിനിമാ തീയെറ്ററുകള്‍ എന്നിവ പരിശോധിച്ച്, തകരാന്‍ സാധ്യതയുള്ള കെട്ടിടത്തിന്‍റെ പേരില്‍ എടുത്ത നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കുന്നതിന് തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി , ഈസ്റ്റ് എസ്ഐ എന്നിവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Close...
Maximum Character Allowed -
4000