തിരുവനന്തപുരം
സ്വന്തം ലേഖകന്‍
സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ ഫീസിന്‍റെ കാര്യത്തില്‍ നിലനിന്നിരുന്ന അവ്യക്തത നീങ്ങി. സ്വാശ്രയ മെഡിക്കലിലെ 50% സര്‍ക്കാര്‍ സീറ്റിലെ മുന്‍ നിശ്ചയിച്ച ഫീസ് ഘടന മാറ്റി പ്രവേശനപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണു പ്രവേശനകാര്യത്തില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം മാറിയത്.
പുതിയ വിജ്ഞാപനത്തില്‍ കരാറിലുണ്ടായിരുന്ന ത്രിതല ഫീസ് ഘടന പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ 50% സീറ്റില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 14% സീറ്റിലേക്ക് 25,000 രൂപയും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന 26% സീറ്റില്‍ 45,000 രൂപയും 10% സീറ്റില്‍ 1,38,000 രൂപയും നല്‍കണം.
പ്രവേശനം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷമായിരിക്കും സ്വാശ്രയ മെഡിക്കല്‍- ഡെന്‍റല്‍ കോളെജുകളില്‍ നിലവിലുള്ള ഫീസിളവു ലഭിക്കുന്നതെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അലോട്ട്മെന്‍റ് സമയത്ത് എസ്സി/എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ ഒഴികെ എല്ലാവരും സ്റ്റേറ്റ് മെറിറ്റ് ഫീസായ 1,38,000 രൂപ അടയ്ക്കണം.
ഫീസ് ആനുകൂല്യം ലഭിക്കുന്നവര്‍ക്ക്, അധികമായി അടച്ച തുക മടക്കി നല്‍കും. ബന്ധപ്പെട്ട അധികാരികള്‍ ഫീസ് വര്‍ധിപ്പിക്കുകയാണെങ്കില്‍ ഈ ഫീസ് എല്ലാ വിദ്യാര്‍ഥികളും ഒടുക്കണമെന്നും പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
വ്യാഴാഴ്ച പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ സ്വാശ്രയമ ഡെിക്കല്‍കോളെജുകളില്‍ 50% സര്‍ക്കാര്‍ സീറ്റുകളിലേക്കും 1,38,000 രൂപ ഫീസ് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ത്രിതല ഫീസ് ഘടനയെക്കുറിച്ചു വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, രാത്രിയോടെ സര്‍ക്കാര്‍ സീറ്റില്‍ പഴയ നിരക്കില്‍ ഫീസ് തുടരുമെന്നു മന്ത്രി എം.എ. ബേബി വ്യക്തമാക്കി. കമ്മിഷണറുടെ വിജ്ഞാപനത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
തുടര്‍ന്നു കമ്മിഷണര്‍ പഴയ വിജ്ഞാപനം പിന്‍വലിച്ചു. ഇന്നലെ രാവിലെ 11ഓടെ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫീസ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നതിനാല്‍ രാവിലെ 10ന് ആരംഭിക്കേണ്ടിയിരുന്ന ഓപ്ഷന്‍ രജിസ്ട്രേഷന്‍ പുതിയ വിജ്ഞാപനം വന്നശേഷം 11.30ഓടെയാണ് ആരംഭിക്കാനായത്. ഈ മാസം എട്ടിനു വൈകിട്ട് അഞ്ചുവരെയാണ് ഓപ്ഷന്‍ രജിസ്ട്രേഷന്‍. 13നു വൈകിട്ട് അഞ്ചാംഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീക രിക്കും.
ബാങ്ക് ഗ്യാരന്‍റി സര്‍ക്കാര്‍ അറിവോടെ: മാനെജ്മെന്‍റുകള്‍
സ്വാശ്രയ മെഡിക്കല്‍ മാനെജ്മെന്‍റ് സീറ്റുകളിലെ പ്രവേശനത്തിന് 22 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്‍റി കൂടി വേണമെന്ന നിബന്ധന സര്‍ക്കാരിന്‍റെയും ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെയും അറിവോടെയെന്നു മെഡിക്കല്‍ മാനെജ്മെന്‍റ് അസോസിയേഷന്‍. ഇതേത്തുടര്‍ന്നാണു പ്രോസ്പെക്റ്റസില്‍ നാലുവര്‍ഷത്തെ ഫീസിന്‍റെ ബാങ്ക് ഗ്യാരന്‍റിയെന്ന നിബന്ധന വച്ചത്.
മെഡിക്കല്‍ സീറ്റിലേക്കുള്ള പ്രവേശനത്തിനു ബാങ്ക് ഗ്യാരന്‍റി വാങ്ങാമെന്നു സുപ്രീംകോടതി വിധിയുണ്ട്. ~5.5 ലക്ഷം നല്‍കി പ്രവേശനം നേടിയശേഷം രണ്ടാംവര്‍ഷം വിദ്യാര്‍ഥികള്‍ വിട്ടുപോയാല്‍ മാനെജ്മെന്‍റുകള്‍ക്കാണു നഷ്ടം. ഇത് ഒഴിവാക്കാനാണു നാലുവര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരന്‍റിയായി വാങ്ങുന്നതെന്നും മാനെജ്മെന്‍റുകള്‍ വിശദീകരിച്ചു. ഗ്യാരന്‍റിയുടെ പലിശ വിദ്യാര്‍ഥിക്കു നല്‍കും. നേരത്തേ പ്രൊസ്പെക്റ്റസില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പ്രൊസ്പെക്റ്റസിലും ഉള്‍പ്പെടുത്തിയത്.
സര്‍ക്കാരുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയ്ക്കു ശേഷം സ്വാശ്രയ കോളെജ് മാനെജ്മെന്‍റുകളുടെ വെബ്സൈറ്റിലെ പ്രൊസ്പെക്റ്റസിലാണു പുതിയ വ്യവസ്ഥ ചേര്‍ത്തത്. ~22 ലക്ഷം ബാങ്ക് ബാലന്‍സോ അത്രയും വിലയുള്ള വസ്തുവിന്‍റെ ഈടോ ഇല്ലാതെ ബാങ്ക് ഗ്യാരന്‍റി ലഭിക്കില്ലെന്നിരിക്കെ സാധാരണക്കാരായ വിദ്യാര്‍ഥികളെയെല്ലാം ഒറ്റയടിക്ക് ഒഴിവാക്കുന്നതാണ് ഈ വ്യവസ്ഥ. ~5.5 ലക്ഷം വാര്‍ഷിക ഫീസും അഞ്ചുലക്ഷം തിരികെ നല്‍കുന്ന നിക്ഷേപവുമെന്ന വ്യവസ്ഥയ്ക്കു പുറമെയാണു ഗ്യാരന്‍റി. ഈ വ്യവസ്ഥ കാരണം സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് വേണ്ടത്ര വിദ്യാര്‍ഥികളെ ലഭിക്കാനിടയില്ല. 13ന് ഇക്കാര്യം മാനെജ്മെന്‍റുകള്‍ സുപ്രീംകോടതിയെ അറിയിക്കും.
അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന പി.എ. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും മാനെജ്മെന്‍റുകള്‍. മാനെജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കിയാല്‍ കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കേണ്ടിവരുമെന്നു മുഹമ്മദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം, സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളെജുകളിലെ പ്രവേശനത്തില്‍ കമ്മിറ്റി ഇടപെടുന്നില്ലെന്നു മാനെജ്മെന്‍റുകള്‍ കുറ്റപ്പെടുത്തി.
Close...
Maximum Character Allowed -
4000