തിരുവനന്തപുരം
അരവിന്ദ്
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്നു ടീകോമിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതു കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍. ഇതു സംബന്ധിച്ചു ലഭിച്ച വിദഗ്ധോപദേശങ്ങള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അവഗണിച്ചു. മന്ത്രിസഭയില്‍നിന്നു തന്നെ വസ്തുതകള്‍ മറച്ചുവച്ചു.
ടീകോമിന് അന്ത്യശാസന രൂപത്തിലുള്ള കത്തോ ഷോകോസ് നോട്ടീസോ നല്‍കരുതെന്നു മുഖ്യമന്ത്രിക്ക് ഉപദേശങ്ങള്‍ ലഭിച്ചിരുന്നു. ടീകോമിനു കത്തയയ്ക്കാന്‍ ഒന്നരമാസം മുന്‍പു തീരുമാനിച്ചപ്പോഴായിരുന്നു ഇത്. അതവഗണിച്ചാണു കത്തയക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചത്. അനുകൂലമായ നിയമോപദേശം നല്‍കണമെന്ന് അഡ്വക്കെറ്റ് ജനറലിന്‍റെ ഓഫിസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്ത്യശാസന രൂപത്തിലുള്ള കത്തയയ്ക്കുന്നതിന് ഉപദേശം എജിയുടെ ഓഫിസ് നല്‍കിയത്.
ഏകപക്ഷീയമായി ടീകോമിനെ ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ നിയമ നടപടികളില്‍ കുടുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരു ന്നതാണ്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു ടീകോം വീഴ്ച വരുത്തിയെന്നാരോപിക്കണമെങ്കില്‍ കരാറില്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ വ്യവസ്ഥകള്‍ പാലിക്കണം.
ഭൂമിയുടെ സ്വതന്ത്രാവകാശം, പദ്ധതി പ്രദേശത്തിനു പ്രത്യേക സാമ്പത്തിക മേഖലാ പദവി, സ്മാര്‍ട്ട് സിറ്റി കൊച്ചി കമ്പനിയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതെല്ലാം പാലിച്ച ശേഷമേ ടീകോമിനെതിരേ ആരോപണം രേഖാമൂലം ഉന്നയിക്കാവൂവെന്നായിരുന്നു ഉപദേശം. ടീകോമില്‍ നിന്നു കൈപ്പറ്റിയ 104 കോടി, അവര്‍ പദ്ധതിക്കു വേണ്ടി ഇതുവരെ ചെലവഴിച്ച പണം, ഇവ രണ്ടിനും ഇതുവരെയുള്ള പലിശ, നഷ്ടപരിഹാരം എന്നിങ്ങനെ ശതകോടികള്‍ സര്‍ക്കാര്‍ ടീകോമിനു നല്‍കേണ്ടി വരുമെന്നും ഐടി വകുപ്പും നിയമവകുപ്പും നിയമവിദഗ്ധരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
പദ്ധതിയെ നിയമക്കുരുക്കിലാക്കുന്നതിനു പകരം മധ്യസ്ഥന്മാരെ നിയോഗിച്ചു ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കണമെന്ന നിര്‍ദേശവും ഐടി വകുപ്പ് മുന്നോട്ടു വച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല.
Close...
Maximum Character Allowed -
4000