കൊച്ചി
ശബരിമലയില്‍ നിത്യപൂജയും ഭക്തര്‍ക്കു പ്രവേശനവും നടപ്പാക്കാനാവുമോ എന്ന കാര്യം ബന്ധപ്പെട്ട വിദഗ്ധരടങ്ങിയ സമിതി പരിഗണിക്കണമെന്നു ഹൈക്കോടതി.
ഭക്തജനങ്ങളുടെ എണ്ണം ഒരോവര്‍ഷവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടു കോടതി നിര്‍ദേശിച്ചത്. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമാകാത്ത തരത്തില്‍ ഇക്കാര്യത്തില്‍ മൂന്നുമാസത്തിനകം തീരുമാനമെടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും പി. ഭവദാസനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഭക്തജനത്തിരക്കു കുറയ്ക്കാന്‍ പതിനെട്ടാംപടിക്കു വീതികൂട്ടുന്ന കാര്യം ആലോചിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ചീഫ് എന്‍ജിനീയറും എക്സിക്യൂട്ടിവ് എന്‍ജിനീയറുമടങ്ങുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നു കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണു പൂജയും ദര്‍ശനവും വര്‍ഷംമുഴുവന്‍ നടപ്പാക്കുന്ന കാര്യം ഗൗരവമായി ആലോചിക്കണമെന്ന കോടതി നിര്‍ദേശം.
വിശ്വാസത്തെയും ആചാരങ്ങളെയും പാരമ്പര്യത്തെയും ബാധിക്കാതെ ആവശ്യമായ നിയന്ത്രണങ്ങളോടെ എന്നും ദര്‍ശനം സാധ്യമാകുമോ എന്നതിലാണ് ബോര്‍ഡ് വിദഗ്ധാഭിപ്രായം തേടേണ്ടത്. വര്‍ഷംമുഴുവന്‍ പൂജ നടത്താനും ഭക്തര്‍ക്കു ദര്‍ശനത്തിനു വേണ്ടി നട തുറക്കാനും നിലവിലുള്ള സാഹചര്യത്തില്‍ തടസമൊന്നും കാണുന്നില്ല.
കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ചു വനത്തിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്ര മുന്‍കാലത്തു ദുഷ്കരമായിരുന്നു. ഇപ്പോള്‍ ആവശ്യമായ സൗകര്യങ്ങളും വാഹനഗതാഗതവുമുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തിനു തടസമാകില്ല. അന്നത്തെ സ്ഥിതിവിശേഷം പരിഗണിച്ചായിരിക്കാം പ്രത്യേക സീസണില്‍ മാത്രം നട തുറന്നിരുന്നത്. ശബരിമല തീര്‍ഥാടകരുടെ ആത്യന്തിക ലക്ഷ്യം ക്ഷേത്രദര്‍ശനമാണ്. ഇക്കാര്യം പരിഗണിക്കേണ്ടതാണ്.
ഭക്തജനങ്ങള്‍ക്കു സുഗമമായി ദര്‍ശനം നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല എന്ന പരാതിയിലാണ് പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നതുള്‍പ്പെടെ കാര്യങ്ങള്‍ സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശ്രീകോവിലിന്‍റെ വാതിലിനു വീതി കൂട്ടുന്നതിനും എതിര്‍പ്പുണ്ടാകില്ലെന്നാണു കരുതിയത്. ഭക്തരുടെ ക്ഷേമമാണു കോടതിയുടെ ലക്ഷ്യം. ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍, ദേവസ്വം കമ്മിഷണര്‍ എന്നിവര്‍ ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായി ദേവസ്വം ബോര്‍ഡിനു റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
പടിയുടെയും ശ്രീകോവിലിന്‍റെയും വീതികൂട്ടല്‍ വിശ്വാസത്തെയും വാസ്തുശാസ്ത്രത്തെയും ക്ഷേത്രവാസ്തുവുമായി ബന്ധപ്പെട്ട മറ്റ് ആചാരങ്ങളെയും ദോഷകരമായി ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ ശ്രീകോവിലിന്‍റെ വാതിലിനും പടികള്‍ക്കും വീതി കൂട്ടുന്നത് അനുവദിക്കാനാവില്ല. മാത്രമല്ല പടിക്ക് വീതി കൂട്ടിയാല്‍ തിരുമുറ്റത്ത് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാവാത്ത സാഹചര്യമുണ്ടാകുമെന്നും അതുകൊണ്ടു തന്നെ നിര്‍ദേശം ഉദ്ദേശിച്ച ഫലമുണ്ടാക്കില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. തിരുമുറ്റം വലുതാക്കണമെങ്കില്‍ ദേവസ്വം ഓഫിസ് കെട്ടിടമുള്‍പ്പെടെയുള്ളവ മാറ്റിപ്പണിയേണ്ടി വരുമെന്നും സത്യവാങ്മൂലത്തിലുണ്ട്- ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍, ദേവസ്വം കമ്മിഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നു ഹൈക്കോടതി വിലയിരുത്തി. വിശ്വസനീയമായ വസ്തുതകളെ ആധാരമാക്കിയല്ല റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ട അധികാരികളുടെ നിര്‍ദേശപ്രകാരമാണു ചെയ്യേണ്ടത്.
Close...
Maximum Character Allowed -
4000