Thursday, February 09, 2012   12:08 PM IST
Supplements
Home>> News>> Kerala News
Kerala News
ടയര്‍ലോബി സാധു!
Saturday, September 04, 2010
|
|
|
മരിയന്‍ ജോര്‍ജ്

രോഗി മരിച്ചെന്നു പഠിപ്പും പത്രാസുമുള്ള ഡോക്റ്റര്‍ പറഞ്ഞാല്‍പ്പിന്നെ, താന്‍ ജീവിക്കുന്നു എന്നു പറയാന്‍ രോഗിക്ക് എന്തവകാശം? അതുപോലെ തന്നെ കേന്ദ്രം ഇറക്കുമതി തീരുവ കുറച്ചതു വഴി റബര്‍വില ഇടിയുമെന്നോ ഇടിഞ്ഞെന്നോ പറയാന്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് അവകാശമില്ല. പറഞ്ഞാല്‍ അവര്‍ കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും ആകും.

ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നു റബറിനു തീരുവ കുറഞ്ഞിട്ടുമില്ല, വില ഇടിഞ്ഞിട്ടുമില്ലെന്ന്. ആസിയാന്‍ കരാര്‍ ഒപ്പിടുന്ന ഘട്ടത്തിലും അവര്‍ ഇതുതന്നെ പറഞ്ഞു, ലേഖനങ്ങളെഴുതി. ആസിയാന്‍ കരാര്‍ കൊണ്ടൊന്നും കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരു ദോഷവും സംഭവിക്കില്ല, റബര്‍ സംരക്ഷിത പട്ടികയിലാണ്, അങ്ങനെയിങ്ങനെയൊന്നും റബറിന്‍റെ ഇറക്കുമതി തീരുവ ആരും കുറയ്ക്കുന്ന പ്രശ്നമില്ല, അഥവാ റബറിന്‍റെ തീരുവ കേന്ദ്രം കുറച്ചാല്‍ ഞങ്ങളൊക്കെ ഇവിടെയില്ലേ കര്‍ഷകരെ രക്ഷിക്കാന്‍ എന്ന് പറയാതെ പറഞ്ഞും എഴുതാതെ എഴുതിയും വച്ചിരുന്നു അന്നു യുഡിഎഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഇന്നിപ്പോള്‍ റബര്‍ ഇറക്കുമതിക്കെതിരേ ഡല്‍ഹിയില്‍ സമരത്തിനു തുനിഞ്ഞിട്ടുള്ള കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയും ഒക്കെ ആ പ്രതീക്ഷയാണു കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്.

മാസങ്ങള്‍ക്കിപ്പുറം കേന്ദ്രം റബറിന്‍റെ ഇറക്കുമതി തീരുവ കുറച്ചു. ഇരുപതില്‍നിന്ന് ഏഴര ശതമാനത്തിലേക്ക്. എവിടെപ്പോയി ആസിയാന്‍ അനുകൂല ലേഖനത്തിലെയും പ്രസംഗങ്ങളിലെയും ഉറപ്പുകള്‍. ടയര്‍ലോബി വിചാരിച്ചാല്‍ കേന്ദ്രത്തിലെ ഏതു നേതാവിനെയും വിലയ്ക്കെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇവിടത്തെ ജനങ്ങളോടു തര്‍ക്കിക്കാന്‍ ഏതെങ്കിലും യുപിഎ അനുകൂല നേതാവിനു കഴിയുമോ. ഒരു കാര്യം ആരും മറക്കേണ്ട. കേന്ദ്രത്തിലെയോ കേന്ദ്രത്തെ പിന്താങ്ങുന്ന ഇവിടത്തെയോ നേതാക്കളുടെ കര്‍ഷകസ്നേഹം കൊണ്ടൊന്നുമല്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ റബറിനു മെച്ചപ്പെട്ട വില കിട്ടിയത്. കര്‍ഷകരെ സഹായിക്കാന്‍ പോന്ന പ്രത്യേകിച്ചൊരു പദ്ധതിയും ആരും കൊണ്ടുവന്നുമില്ല.

പക്ഷേ, ടയര്‍ലോബി ഒരു പതിറ്റാണ്ടോളം അവരുടെ വിലയിടിക്കല്‍ കളിയില്‍ തോറ്റുപോകുകതന്നെ ചെയ്തു. ചുളുവിലയ്്ക്കു വാങ്ങാന്‍ ഭൂഗോളത്തിലെവിടെയും റബര്‍ കിട്ടാതെ വന്നതുകൊണ്ടു മാത്രമായിരുന്നു അത്. ഇവിടെ കര്‍ഷകര്‍ക്ക് അഞ്ചുരൂപ നേട്ടമുണ്ടാകുമെന്നു വന്നാലുടനേ റബര്‍ വാങ്ങാന്‍ തായ്ലന്‍ഡിലേക്കും മലേഷ്യയിലേക്കും അന്താരാഷ്ട്രവിപണിയിലെ സകല റബര്‍ക്കടകളിലേക്കും ചാക്കുമായി ഓടുന്നതായിരുന്നല്ലൊ ടയര്‍ലോബിയുടെ പതിവ്, പതിവുതന്ത്രം. അവര്‍ കര്‍ഷകരെ പേടിപ്പിച്ചു വിലയിടിച്ചു കൊള്ളലാഭമുണ്ടാക്കുകയായിരുന്നു ഭൂരിപക്ഷം നാളുകളിലും. ഏതു ചൂഷണത്തിനും ഒരു അറുതി എന്നതു സ്വാഭാവികനിയമമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കര്‍ഷകര്‍ക്കു ഭേദപ്പെട്ട റബര്‍വില കിട്ടിയതിനു പിന്നില്‍ അതേയുള്ളു എടുത്തു പറയാന്‍. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ റബര്‍വിലയെക്കുറിച്ച് ഇവിടത്തെ കര്‍ഷകര്‍ക്കു ധാരണയുണ്ടായതു മറ്റൊരു കാര്യം.

ആഗോളീകരണത്തിന്‍റെ ഭാഗമായ ചില സാഹചര്യങ്ങള്‍ റബര്‍വിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്കു തീര്‍ച്ചയായുമൊരു പിന്തുണയായിരുന്നു. അതുകാരണം, റബര്‍വില തോന്നുംപോലെ ഇടിക്കാന്‍ കഴിയാതെ, കുടത്തില്‍നിന്നു പുറത്തുകടക്കാന്‍ സര്‍വേടവും മുട്ടിക്കൊണ്ടിരുന്ന ഭൂതത്തെപ്പോലെ, തക്കം പാര്‍ത്തിരിക്കുകയായിരുന്നു ടയര്‍ലോബി. അവര്‍ക്കുവേണ്ടി ഒടുവില്‍ കുപ്പിയുടെ അടപ്പ് നീക്കിക്കൊടുത്തു കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ.

കേരളത്തിലെ കര്‍ഷകരുടെയും അവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെയും ശക്തമായ പ്രതിഷേധവും ഇടപെടലും ഉണ്ടായപ്പോള്‍ ഇവിടത്തെ യുപിഎ അനുകൂല നേതാക്കള്‍ ഡല്‍ഹിയില്‍ പോയി. ഇറക്കുമതി തീരുവ കുറച്ചതില്‍ കുഴപ്പമില്ലെങ്കില്‍, കര്‍ഷകര്‍ക്ക് എല്ലാം സുഖകരം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ടായിരുന്നെങ്കില്‍ എന്തിനാണവര്‍ ഡല്‍ഹിയില്‍പോയതും, തങ്ങള്‍ സമ്മര്‍ദം ചെലുത്തി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനം എടുപ്പിച്ചെന്ന് അവകാശപ്പെട്ടതും എന്നു കൂടി പറയേണ്ടിയിരിക്കുന്നു. എന്തിനാണു കൂട്ടത്തിലൊരാള്‍തന്നെ, ഒരു ഘടകകക്ഷിയുടെ നേതാവുതന്നെ ഇറക്കുമതി തീരുവ കുറച്ചതിനെതിരേ നിര്‍ത്തില്ലാസമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന സംശയം തീര്‍ത്തുകൊടുക്കുകയും വേണം. ജനരോഷം തണുപ്പിക്കാനുള്ള യുഡിഎഫിന്‍റെ മൊത്തം തന്ത്രമാകാം ഈ സമരപ്രഖ്യാപനം എന്ന് ചിന്തിക്കാത്തവരല്ല കേരളസമൂഹം എന്നുവരുകിലും.

ഇറക്കുമതി തീരുവ കുറച്ചുകൊണ്ടുള്ള ആദ്യപ്രഖ്യാപനം വന്നതു മുതല്‍ ഇതുവരെ റബര്‍വില കിലോയ്ക്ക് 20രൂപ ഇടിഞ്ഞിട്ടുണ്ട്. ഇതു വിലയിടിവല്ലെങ്കില്‍ പിന്നെ എന്താണു വിലയിടിവ്. ഇതേപടി പോയാല്‍ റബറിന്‍റെ സീസണില്‍ എന്താകും എന്ന സംശയത്തിനു ന്യായമില്ലെന്നോ. (ടയര്‍ലോബി എന്തൊക്കെ കുതന്ത്രം കാട്ടിയാലും കുറഞ്ഞ വിലയ്ക്കു കൊടുക്കാനുള്ള റബര്‍ രാജ്യത്തിനു പുറത്താരും ശേഖരിച്ചുവച്ചിട്ടില്ല എന്ന വസ്തുത നില്‍ക്കട്ടെ. അതു പക്ഷേ, ഇവിടെയാരുടെയും ആത്മാര്‍ഥതകൊണ്ടല്ലല്ലൊ.) കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ ഡല്‍ഹിയില്‍ ഇടപെട്ടതിന്‍റെ ഫലമായി ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതായി പ്രഖ്യാപനം വന്നു. എന്നിട്ടും വിലയിടിഞ്ഞു. തീരുവ കുറഞ്ഞിട്ടില്ലെന്നും റബര്‍ ഇറക്കുമതി നടന്നിട്ടില്ലെന്നും കെപിസിസി തലവന്‍ രമേശ് ചെന്നിത്തല പറയുന്നു. എങ്കില്‍പ്പിന്നെങ്ങനെ വിലയിടിയുന്നു. ഇറക്കുമതി തീരുവ കുറഞ്ഞതോ കുറഞ്ഞെന്ന പ്രചാരണമോ മുതലെടുക്കുകയാണു ടയര്‍ലോബി. ഒരു പതിറ്റാണ്ടു ചെലവാകാതിരുന്ന ആ തന്ത്രത്തിന് വീണ്ടും അവസരമുണ്ടാക്കിക്കൊടുത്തതു കേന്ദ്രസര്‍ക്കാര്‍. ഒടുവിലിപ്പോള്‍ കര്‍ഷകരെ പൂഴ്ത്തിവയ്പ്പുകാരെന്നു വിളിക്കാനുള്ള ധൈര്യംകൂടി നേടിയിരിക്കുന്നു ടയര്‍ലോബി. കേന്ദ്രസര്‍ക്കാരിന്‍റെ മൗനവാത്സല്യത്തോടെ. അതെ, നിത്യവൃത്തിക്കുവേണ്ടി റബറിനെ ആശ്രയിക്കുന്ന പത്തുലക്ഷത്തോളം കുടുംബങ്ങളാണു കുറ്റക്കാര്‍. അവരാണു പൂഴ്ത്തിവയ്പ്പുകാര്‍. ഉത്പന്നവില സ്വയം തീരുമാനിച്ച് വര്‍ഷംതോറും വിറ്റുവരവ് ബഹുശതം കോടികള്‍ വര്‍ധിപ്പിക്കുന്ന ടയര്‍ലോബി എത്ര സാത്വികര്‍.

രാജ്യത്ത് ആവശ്യത്തിനു റബറില്ല എന്നു സ്ഥാപിച്ച് ഇറക്കുമതിക്കു ശ്രമിച്ചവരാണു ടയര്‍ലോബി. അവര്‍ ഇപ്പോള്‍പ്പറയുന്നു റബര്‍കിട്ടാത്തതു കര്‍ഷകര്‍ പൂഴ്ത്തിവച്ചിട്ടാണെന്ന്. മനഃപൂര്‍വം വിലയിടിക്കാനായി ടയര്‍ലോബിയെത്തുമ്പോള്‍ അവര്‍ക്കു കഴുത്തുനീട്ടിക്കൊടുക്കണമോ, നിത്യവൃത്തിക്കു മാത്രം റബറിപ്പോള്‍ കൈവശത്തിലുള്ള കര്‍ഷകര്‍.

ഈ സീസണില്‍ റബര്‍ ഉത്പാദനം മിനിമമെന്ന് ആര്‍ക്കും അറിയാം. എന്നിട്ടും റബര്‍ കുറയാന്‍ കാരണം കര്‍ഷകരുടെ പൂഴ്ത്തിവയ്പ്പാണെന്നു പറയുന്നതൊരു കുടിലതന്ത്രം. അതു ഭരണാധികാരികളിലും ആര്‍ക്കൊക്കെയോ ഇഷ്ടമാകുന്നുണ്ട് എന്നു വേണം കരുതാന്‍. ഇറച്ചിക്കോഴികളെപ്പോലെ, വ്യവസായികള്‍ക്കു വേണ്ടുന്ന റബര്‍ ഉത്പാദിപ്പിച്ചുകൊടുക്കാനുള്ള ഇരകളായിട്ടാണല്ലൊ കേന്ദ്ര വാണിജ്യവകുപ്പ് കര്‍ഷകരെ കണ്ടുപോന്നിട്ടുള്ളത്. റബറിനെ കാര്‍ഷികവിളയായി അംഗീകരിക്കാന്‍ തയാറാകാതെ, കര്‍ഷകരുടെ കഴുത്തൊടിക്കാനും ചോരയൂറ്റാനും എന്നും ടയര്‍ലോബിക്കു സഹായം ചെയ്തുകൊടുത്തിരുന്ന കേന്ദ്രവാണിജ്യ വകുപ്പിനെ ആ പഴയ സ്വഭാവത്തിലേക്കു തിരിച്ചുകൊണ്ടുപോകുകയാണോ ആനന്ദ്ശര്‍മ എന്ന കര്‍ഷകരുടെ ആശങ്ക അടിസ്ഥാനരഹിതമല്ല.

ആനന്ദ്ശര്‍മ അവര്‍ക്ക് ആരുമല്ലായിരിക്കാം. പക്ഷേ, ഇവിടത്തെ ചെറുതും വലുതുമായ നേതാക്കള്‍, എംപിമാരും വമ്പന്‍മാരുമായവര്‍ അത്തരം നടപടികളെ പിന്തുണയ്ക്കാന്‍ രംഗത്തുവരുന്നതു നന്നല്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code