ആര്‍.റിന്‍സ്
ജുഡീഷ്യല്‍ ആക്റ്റിവിസം പലപ്പോഴും അതിരു കടക്കുന്നതായി ആക്ഷേപമുണ്ടാകാറുണ്ട്. ജുഡീഷ്യല്‍ ആക്റ്റിവിസം തെറ്റിപ്പോയാല്‍ ഭരണപരമായ തീരുമാനങ്ങളെപ്പോലും തകിടം മറിക്കുകയും ജനതാത്പര്യത്തിന് എതിരായി മാറുകയും ചെയ്യാം. ഭക്ഷ്യസബ്സിഡി സംബന്ധിച്ച സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവാണ് വീണ്ടും ഇത്തരമൊരു ആശങ്ക ഉയര്‍ത്തുന്നത്.
മൂന്നുലക്ഷം രൂപയ്ക്കു മേല്‍ വാര്‍ഷികവരുമാനമുള്ളവരെ റേഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി പ്രസ്താവം. അതാകട്ടെ, പതിവു പരിധി വിട്ടുള്ളതുമായിരുന്നു. ദരിദ്രവിഭാഗങ്ങള്‍ക്കു മാത്രമായി റേഷന്‍ സബ്സിഡി പരിമിതപ്പെടുത്തണമെന്ന വിധിയും പതിവില്ലാത്ത രീതിയില്‍ത്തന്നെ.
അതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതുതന്നെ. ഏറെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന കാര്യമെന്ന നിലയ്ക്ക് റേഷന്‍ നിയന്ത്രണം സംബന്ധിച്ച ഉത്തരവുകള്‍ക്കെതിരേ പൊതു അഭിപ്രായം രൂപപ്പെട്ടിട്ടുമുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുവേണ്ടി കാര്‍ഷികരംഗത്തെ വിദഗ്ധര്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, മറ്റു നിരവധി സംഘടനകള്‍ എന്നിവരുമായൊക്കെ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഇത്രയേറെ മുന്നൊരുക്കങ്ങള്‍ നടത്തിയ സ്ഥാനത്ത്, കേവലം ആഴ്ചകളുടെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണു സുപ്രീംകോടതി ഒരു തീരുമാനത്തിലെത്തിയത്. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരി പാവപ്പെട്ടവര്‍ക്കു സൗജന്യമായി നല്‍കണമെന്നായിരുന്നു ഓഗസ്റ്റ് 12ന് ഇതുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയുടെ ആദ്യ നിര്‍ദേശം. പീപ്പിള്‍സ് യൂണിയന്‍ ഒഫ് സിവില്‍ ലിബര്‍ട്ടീസ് (ടിയുസിഎല്‍) നല്‍കിയ പൊതുതാത്പര്യഹര്‍ജിയാണു വിധിക്കാധാരം. ഈ വിഷയം പാര്‍ലമെന്‍റ് സമ്മേളത്തില്‍ ഉയര്‍ന്നപ്പോള്‍, കോടതിയുടേതു നിര്‍ദേശം മാത്രമാണെന്നു കൃഷി മന്ത്രി ശരദ് പവാര്‍ മറുപടി നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 31നു സുപ്രീം കോടതി വീണ്ടും ഈ പ്രശ്നത്തില്‍ ഇടപെട്ട് 12നു നല്‍കിയതു നിര്‍ദേശമല്ല ഉത്തരവു തന്നെയാണെന്നും അതു പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും വ്യക്തമാക്കി. കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതിലേറെ അരി കേന്ദ്രം എഫ്സിഐ വഴി സംഭരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ധാന്യം നശിക്കാനിടവരാതെ സൗജന്യമായി വിതരണം ചെയ്യണമെന്നു കോടതി ആവര്‍ത്തിച്ചു നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഇത്തരത്തില്‍ ധാന്യം സൗജന്യമായി വിതരണം ചെയ്യുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണു കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ നിലപാട്. സമ്പന്നര്‍ക്കു റേഷന്‍ നല്‍കേണ്ടതില്ലെന്ന കോടതിവിധിയോടു പൊതുവേ എതിര്‍പ്പുണ്ടാകാനിടയില്ല. പക്ഷേ, സമ്പന്നരെ കണ്ടെത്തുന്നതിന്‍റെ മാനദണ്ഡം പ്രശ്നമാകും. എപിഎല്ലുകാരെ റേഷനിങ് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം പൊതുവിതരണ മേഖലയെ തളര്‍ത്തുകയും ദരിദ്ര- ചെറുകിട-ഇടത്തരം വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതാണു യാഥാര്‍ഥ്യം.
സുപ്രീംകോടതി വിധി നടപ്പായാല്‍ കേരളത്തിലെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള അഥവാ എപിഎല്‍ ലിസ്റ്റില്‍ പെട്ട 50ലക്ഷം കുടുംബങ്ങള്‍ റേഷന്‍ സമ്പ്രദായത്തിനു പുറത്താകും. പുതുക്കാനുള്ളവര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 70ലക്ഷം കാര്‍ഡുടമകളുണ്ട്. ഇതില്‍ 20ലക്ഷം പേരാണു ബിപിഎല്‍ ലിസ്റ്റില്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം കേരളത്തില്‍ ബിപിഎല്ലുകാര്‍ 14ലക്ഷം മാത്രം. സംസ്ഥാനത്ത് ആകെ 14,400 റേഷന്‍കടകള്‍. ഇവ 14ലക്ഷം ബിപിഎല്ലുകാര്‍ക്കു മാത്രമായി ചുരുക്കേണ്ടിവരും. റേഷന്‍കടകളും പ്രതിസന്ധിയിലാകും.
റേഷന്‍ നിയന്ത്രിതമാകുമ്പോള്‍ കേരളത്തിന്‍റെ വിഹിതത്തില്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കലുണ്ടാകും. സംസ്ഥാനത്തിന്‍റെ പൊതുവിതരണ മേഖല പാടേ താറുമാറാകുമെന്നു മാത്രമല്ല, കടുത്ത വിലക്കയറ്റത്തിനും വഴിവയ്ക്കും. സംസ്ഥാനത്തെ പൊതുവിപണിയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് 60,000ടണ്‍ അരി ഓരോ വര്‍ഷവും എത്തിച്ചേരുന്നുണ്ട്. ഇനി കുടുതല്‍ അരി കൊണ്ടുവരേണ്ടിവരും. സ്വാഭാവികമായി, വില കൂടാനുള്ള എല്ലാ സാധ്യതയും ഉടലെടുക്കുകയും ചെയ്യും.
പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നത് വിപണിയിലെ ഫലപ്രദമായ ഇടപെടലാണ്. പൊതുവിതരണ സംവിധാനം വഴിയുള്ള അരിവിതരണം വേണ്ടിവരുന്നില്ലെങ്കില്‍ അഥവാ സാധ്യമാകുന്നില്ലെങ്കില്‍ സര്‍ക്കാരിനു ഫലപ്രദമായി വിപണിയില്‍ ഇടപെടാന്‍ സാഹചര്യമില്ലാതാകും. എപിഎല്‍ റേഷന്‍അരി വിഹിതം ഒരു കുടുംബത്തിന് അഞ്ചു കിലോഗ്രാം വീതം വര്‍ധിപ്പിക്കാന്‍ ഈ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണം, റംസാന്‍ ഉള്‍പ്പടെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ കേരളത്തിനു കൂടുതല്‍ അരിയും പഞ്ചസാരയും അനുവദിക്കാറുണ്ട്. ഈ അരി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഏറെ സഹായിച്ചിരുന്നു. റേഷനു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പ്രതിസന്ധി രൂക്ഷമാകും. 1966ല്‍ കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം ആരംഭിച്ചതു മുതല്‍ നിലനിന്ന ഭക്ഷ്യസ്വസ്ഥതയും സുരക്ഷയുമാണ് ഇതോടെ അപകടത്തിലാകുക.
സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചു ദരിദ്രരെ കണ്ടെത്താന്‍ പുതിയ സര്‍വെ നടത്തുന്നതും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ടെറസ് വീടുള്ളവരെ ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതാണു കേന്ദ്രമാനദണ്ഡം. ഇഎംഎസ് ഭവനപദ്ധതി പ്രകാരം വീടു ലഭിച്ചവര്‍ ബിപിഎല്‍ പരിധിയില്‍ ഉള്‍പ്പെട്ടാല്‍ പോലും അവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. കാരണം ടെറസ് വീടുകളാണ് ഈ പദ്ധതിയിലുള്ളത്.
റേഷന്‍കടകള്‍ തന്നെ അപ്രസക്തമായാല്‍ എല്ലാം പുറത്തുനിന്നു വാങ്ങുന്ന കേരളമെന്ന ഉപഭോക്തൃസംസ്ഥാനത്തിന് ഏറെ ആശങ്കപ്പെടേണ്ടിവരും. സമ്പന്നരെല്ലാം അരി തേടി റേഷന്‍ കടയിലേക്കു പോകുന്നുവെന്നോ പോകേണ്ടെന്നോ ഇല്ല ഇപ്പറഞ്ഞിന്‍റെ അര്‍ഥം. അതിസമ്പന്നര്‍ റേഷന്‍ കടകളെ ആശ്രയിക്കുന്നുമില്ല. പക്ഷേ, പൊതുവിപണിയില്‍ മര്യാദവില നടപ്പിലുള്ളതു പിഡിഎസ് സിസ്റ്റം പ്രവര്‍ത്തിക്കുന്നതിനാലാണ്. അതെല്ലാം അട്ടിമറിക്കപ്പെട്ടേക്കാം ഒരു കോടതിയുത്തരവുകൊണ്ട്.
ചിലപ്പോഴെങ്കിലും കോടതി വിധികള്‍ ജനങ്ങള്‍ക്കെതിരാവുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതു നിലപാടു രൂപവത്കരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചുകഴിഞ്ഞു.
എല്ലാ പൗരന്‍മാര്‍ക്കും ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്വങ്ങളിലൊന്ന്. റൈറ്റ് ടു ഫുഡ് എന്ന ഈ മുദ്രാവാക്യം ഐക്യരാഷ്ട്ര സഭയും അംഗീകരിച്ചിട്ടുണ്ട്. റേഷനിങ് സംബന്ധിച്ച സുപ്രീംകോടതി വിധിയോടു കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ വിയോജിക്കുകയാണ്. ജനങ്ങള്‍ക്കു ദോഷകരമാകും എന്നതുകൊണ്ടാണിത്.
സര്‍ക്കാര്‍ നിലപാട് ആദ്യം ഭക്ഷ്യമന്ത്രി സി.ദിവാകരനും പിന്നീട് ക്യാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കേരളീയ സാഹചര്യങ്ങളില്‍ വിധി പ്രായോഗികമല്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി നിലപാടെടുത്തു തിരുത്തിക്കേണ്ട തീരുമാനമായി ഇതു പരിണമിച്ചിരിക്കുന്നു. . നിരന്തര ചര്‍ച്ചകളിലൂടെയും പരിശ്രമങ്ങളിലൂടെയും ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രതിസന്ധി എന്നതു ശ്രദ്ധേയം.
Close...
Maximum Character Allowed -
4000