കൊച്ചി പുതുവര്‍ഷം വരവേറ്റു
Published : Saturday,
January 01,
2011
കൊച്ചി/ഫോര്‍ട്ട്കൊച്ചി
നഗരം പുതുവര്‍ഷത്തെ വരവേറ്റു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ആഘോഷപ്പൊലിമ തെല്ലൊന്നു കുറഞ്ഞെങ്കിലും പതിവുവിടാന്‍ കൊച്ചി തയാറായില്ല. നവവത്സര പ്രഭ പകര്‍ന്നു ഫോര്‍ട്ട്കൊച്ചി കടപ്പുറത്തു പാപ്പാഞ്ഞിമാര്‍ കൂട്ടത്തോടെ കത്തിയമര്‍ന്നു.. ആണ്ടുപിറപ്പിന്‍റെ വിശേഷമറിയിച്ചു കപ്പലുകളില്‍നിന്നു സൈറന്‍ മുഴങ്ങി.. ആവേശം അത്യുന്നതിയിലെത്തിച്ചു കരിമരുന്നു പ്രയോഗവുമായതോടെ 2011നു ഗംഭീര സ്വാഗതം..!
ക്രിസ്മസ് തലേന്നു തുടങ്ങിയ ആഘോഷങ്ങളുടെ പരിസമാപ്തികൂടിയായിരുന്നു ന്യൂഇയര്‍ ദിനത്തലേന്നത്തെ നഗരരാവ്. വൈദ്യുതി ദീപങ്ങള്‍കൊണ്ട് അലങ്കരിച്ച നഗരവീഥികളിലും പ്രധാന കേന്ദ്രങ്ങളിലും വൈകിട്ട് ഏഴു മുതല്‍തന്നെ പുതുവത്സരാഘോഷം തുടങ്ങി. മറൈന്‍ഡ്രൈവ് കേന്ദ്രീകരിച്ചായിരുന്നു നഗരമധ്യത്തിലെ ആഘോഷങ്ങള്‍. ഒമ്പതു മണിയോടെ മഴ തുടങ്ങി. നിനച്ചിരിക്കാതെ മഴ പെയ്തതോട ഓപ്പണ്‍സ്റ്റേജില്‍ നടന്ന പരിപാടികളെല്ലാം നിര്‍ത്തിവച്ചു. മറൈന്‍ഡ്രൈവ് വോക്വേയിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ നൃത്തപരിപാടികളും ഗാനമേളയുമൊക്കെ അരങ്ങേറുന്നതിനിടെയായിരുന്നു രസംകൊല്ലിയായി പെരുമഴ. ഒരു മണിക്കൂറോളം തടസപ്പെട്ട പരിപാടികള്‍ രാത്രി പത്തുമണിയോടെ പുനരാരംഭിച്ചെങ്കിലും മഴ വീണ്ടുമെത്തിയതോടെ പരിപാടികള്‍ ഉപേക്ഷിക്കുകയായിരുന്നു. പെരുമഴയില്‍ നഗരത്തില്‍ നടത്താനിരുന്ന മിക്ക പരിപാടികളും മുടങ്ങി. നിരത്തുകളില്‍ മുട്ടൊപ്പം വെള്ളംപൊങ്ങി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നതിനാല്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പിലുള്ള ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെതന്നെ ഫോര്‍ട്ട്കൊച്ചി കടപ്പുറം പപ്പാഞ്ഞിമാരെക്കൊണ്ടു നിറഞ്ഞിരുന്നു. രാത്രി ഏഴു മണിമുതല്‍ വിദേശികളടക്കം ജനസഞ്ചയവും ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നു. അലങ്കാര ദീപങ്ങള്‍ക്കു നടുവില്‍ ചെറിയ കൂട്ടങ്ങളായി ആട്ടവും പാട്ടും പാതിരാവരെ നീണ്ടു. രാത്രി 10.15ഓടെ കനത്ത മഴ പെയ്തെങ്കിലും 11.30ഓടെ മഴ മാറി. കടപ്പുറത്തു നങ്കൂരമിട്ടിരുന്ന കപ്പലുകളില്‍നിന്നു രാത്രി 12നു സൈറന്‍ മുഴങ്ങി. കൂട്ടംകൂട്ടമായി ചേര്‍ന്ന് ഒരുക്കിവച്ചിരുന്ന പപ്പാഞ്ഞികള്‍ ഒന്നിച്ചു കത്തിച്ചു. കാര്‍ണിവല്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കിയ കൂറ്റന്‍ പപ്പാഞ്ഞികത്തിക്കലിനായിരുന്നു തിരക്കേറെ. മഴ പെയ്തതോടെ ആളുകള്‍ കൂട്ടത്തോടെ മടങ്ങിയതിനാല്‍ പുതുവര്‍ഷം പിറന്നശേഷമുള്ള ആഘോഷങ്ങളില്‍ തിരക്കു കുറവായിരുന്നു.
നഗരത്തിലെ ഹോട്ടലുകളിലെ ന്യൂഇയര്‍ ആഘോഷങ്ങളെ മഴ കാര്യമായി ബാധിച്ചില്ലെങ്കിലും ആളുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു. പ്രസിദ്ധ കലാകാരന്മാര്‍ അണിനിരക്കുന്ന ന്യൂഇയര്‍ സ്റ്റേജ് ഷോകള്‍ പല മുന്‍നിര ഹോട്ടലുകളും സംഘിടിപ്പിച്ചിരുന്നു. മറൈന്‍ഡ്രൈവ് ഗേറ്റ്വേ ഹോട്ടലില്‍ നടന്ന ന്യൂഇയര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശികളടക്കം നൂറുകണക്കിനാളുകളെത്തി. റാപ്സോഡിലഗോര്‍ അറ്റ് ഗേറ്റ്വേ എന്നു പേരിട്ടപരിപാടിയില്‍ മുഖ്യ ക്ഷണിതാവായി ഡിജെ ആര്യനെത്തിയത് ആവേശമായി.
കാസിനോ, ലെ-മെറിഡിയന്‍, ഗോകുലം പാര്‍ക്, റമദ റിസോട്ട്, ഡ്രീംസ് തുടങ്ങിയ മുന്തിയ ഹോട്ടലുകളിലെല്ലാം പുലരുംവരെ പരിപാടികള്‍ അരങ്ങേറി.
Close...
Maximum Character Allowed -
4000