Tuesday, May 22, 2012   10:13 PM IST
Vaartha BlogRSS
Loading
കോവളത്ത് വേളാവ് ചാകര
Published : Friday, January 07, 2011
|
  
Text Size
കോവളം

വറുതിയിലമര്‍ന്ന തീരദേശത്തിനു ആശ്വാസമായി കോവളത്ത് വേളാവ് മീന്‍ ചാകര. ബുധനാഴ്ച രാത്രി 11നു കമ്പവലയുമായി സമുദ്ര ബീച്ചിലിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് അപ്രതീക്ഷിത ചാകരക്കൊയ്ത്ത് നടത്തിയത്. കമ്പവലയില്‍ മൂവായിത്തോളം വേളാവുകള്‍ കുടുങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. കമ്പവല തീരത്ത് അടുപ്പിക്കാന്‍ മണിക്കൂറുകളോളമെടുത്തു. അന്‍പതോളം പേര്‍ കൂറ്റന്‍ വലയുടെ അറ്റത്ത് അണിനിരന്നാണു കരയിലേക്കു വലിച്ച് അടുപ്പിച്ചത്.

വിദേശത്തും സ്വദേശത്തും വന്‍ഡിമാന്‍ഡുള്ള വിലയേറിയ മത്സ്യങ്ങളിലൊന്നാണു വേളാവ്. നെയ്യും മാംസവും കൂടുതലുള്ള വേളാവിനു വേറിട്ട രുചിയാണ്. അപൂര്‍വമായാണു വേളാവുകള്‍ കൂട്ടത്തോടെ വലയിലാകുന്നത്. ആറുമാസം മുന്‍പു പൂവാറിലും വിഴിഞ്ഞത്തും നൂറുകണക്കിനു മീനുകള്‍ വലയില്‍പ്പെട്ടിരുന്നു. കോവളത്ത് വേളാവുകളുടെ സാന്നിദ്ധ്യം ആദ്യമാണ്. സമുദ്ര, ലൈറ്റ് ഹൗസ്, ഗ്രോ ബീച്ചുകളില്‍ രാത്രികാലത്തു കമ്പവലയുമായി മീന്‍ പിടിക്കാനെത്തുന്നവര്‍ നിരവധിയുണ്ട്. മീന്‍ തേടി സ്ഥിരം ഉപഭോക്താക്കളും കോവളത്തെത്താറുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ധാരാളം മീന്‍ ലഭിച്ചതറിഞ്ഞു നാട്ടുകാര്‍ സമുദ്ര ബീച്ചിലേക്ക് പാഞ്ഞെത്തി. പത്തുകിലോയിലേറെ വലിപ്പമുള്ള വേളാവുകളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്നു ചെറുമീനുകളും. മീനൊന്നിനു 300 രൂപ മുതല്‍ 500 രൂപ വരെ ലഭിച്ചു. മീന്‍കയറ്റുമതി ഏജന്‍റുമാരും സ്ഥലത്തെത്തി. ഒരു ലക്ഷത്തോളം രൂപയുടെ വ്യാപാരം നടന്നുവെന്നു തൊഴിലാളികള്‍.



Rate This News :
Latest News