ശാലാവിന്യാസം
Published : Monday,
February 07,
2011
ദീപ്തി ശൈലജ
പൂര്‍വകാലങ്ങളില്‍ കിടക്കാന്‍ ഒരിടം തേടിയ മനുഷ്യന്‍ സ്ഥലം കണ്ടെത്തിയതു ഗുഹയിലായിരുന്നു. എന്നാല്‍, ഗുഹാമുഖം വലുതും, എല്ലാത്തരം ജീവികള്‍ക്കും വാസസ്ഥലമായി ഉപയോഗിക്കാന്‍ സാധ്യത ഉള്ളതുമായിരുന്നു. അതിനാല്‍ പ്രവേശന കവാടത്തില്‍ ചെറിയ കല്ലുകള്‍ അടുക്കി, കടക്കാന്‍ ഒരിടം മാത്രം ബാക്കിയാക്കി, മറ്റുള്ള ഭാഗം മുഴുവന്‍ അടച്ചു സുരക്ഷിതമാക്കി. പ്രവേശനകവാടം അടയ്ക്കാനും തുറക്കാനുമുള്ള സംവിധാനം പിന്നീടു വന്നു. ഒരുപക്ഷേ ഇതായിരിക്കാം ഗൃഹനിര്‍മാണത്തില്‍ മനുഷ്യന്‍ പ്രയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ. അന്നുതൊട്ട് ഇന്നു വരെയും ഗൃഹനിര്‍മാണരംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടന്നു വരുന്നു. ഇതിന്‍റെയെല്ലാം ആകെത്തുകയാണ് ഇപ്പോഴത്തെ നിര്‍മിതികള്‍.
ടൊയ്ലെറ്റിന്‍റെ സ്ഥാനം പണ്ടൊക്കെ വീട്ടില്‍ നിന്ന് വളരെ അകലെയായിരുന്നു. ഗൃഹത്തിന്‍റെ വടക്കു പടിഞ്ഞാറോ, തെക്കുകിഴക്കോ ഭാഗങ്ങളില്‍ മാത്രമാണു ടൊയ്ലെറ്റ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ആധുനിക നിര്‍മാണ ശൈലിയില്‍ ടൊയ്ലെറ്റിനു വീടിനുള്ളിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. ഇതില്‍ നിന്നുണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകള്‍ മറന്ന് നൂതന ഗൃഹനിര്‍മാണത്തിന്‍റെ ആഡംബര സംസ്കാരത്തെ സ്വീകരിച്ചു എല്ലാവരും. എന്നാല്‍, വാസ്തുശാസ്ത്രപരമായ സ്ഥാനങ്ങളില്‍ ടൊയ്ലെറ്റ് നിര്‍മിക്കുന്നതിലൂടെ അല്‍പ്പമെങ്കിലും ശാരീരിക ക്ലേശവും നെഗറ്റിവ് എനര്‍ജിയും കുറയ്ക്കാന്‍ സാധിക്കും.
നാലുകെട്ടുകള്‍ മാത്രമുണ്ടായിരുന്ന പൂര്‍വകാലങ്ങളില്‍ വടക്കു പടിഞ്ഞാറു ഭാഗം ടോയ്ലറ്റിനായി നീക്കി വച്ചിരുന്നു. ഈ ആധുനിക കാലത്ത് ഗൃഹത്തിന്‍റെ വടക്കു പടിഞ്ഞാറോ തെക്കു കിഴക്കോ ടൊയ്ലെറ്റ് നിര്‍മിക്കാവുന്നതാണ്. മുറിയ്ക്കുള്ളില്‍ നിന്നു നേരിട്ട് ടൊയ്ലെറ്റിലേക്കു കടക്കുന്നതിനു പകരം സൗകര്യവും, ആഡംബരവും വര്‍ധിപ്പിച്ച് ഡ്രസിങ് റൂം കൂടി നിര്‍മിച്ച് അതിനുള്ളില്‍ നിന്നും ടൊയ്ലെറ്റിലേക്കു കയറാന്‍ സാധിക്കും - വാസ്തുശാസ്ത്രപ്രകാരം ഉത്തമമായ രീതി തന്നെയാണിത്. എല്ലാ ഗൃഹനിര്‍മാണരീതിയിലും ഗൃഹത്തിന്‍റെ വടക്കുപടിഞ്ഞാറു ദിക്ക് മാത്രമായി ടോയ്ലറ്റിനു മാറ്റി വയ്ക്കുക സാധ്യമല്ല. ഗൃഹത്തിന്‍റെ ദര്‍ശനം, പ്രധാന റോഡുകളുടെ സ്ഥാനം, ദിക്ക്, അടുത്തായി ക്ഷേത്രം പോലുള്ള ആരാധനാലയങ്ങള്‍ ഉണ്ടെങ്കില്‍ അവ, തുടങ്ങിയ പല കാര്യങ്ങളും പരിഗണിച്ച്, സൗകര്യങ്ങള്‍ നോക്കി ടൊയ്ലെറ്റിനു സ്ഥാനം നിശ്ചയിക്കുമ്പോള്‍ തെക്കു പടിഞ്ഞാറു മൂല (കന്നിമൂല) ഒഴിവാക്കി, തെക്കു പടിഞ്ഞാറു ഭാഗത്തു തന്നെ ടൊയ്ലെറ്റ് / ബാത്ത്റൂം പണിയാവുന്നതാണ്.
ഉദാഹരണം. ഡ്രസിങ് റൂം കന്നിമൂലയില്‍ നിര്‍മിച്ച് ഗൃഹത്തിന്‍റെ വീതിയുടേയോ, നീളത്തിന്‍റെയോ പത്തിലൊന്നു വടക്കോട്ടോ, കിഴക്കോട്ടോ നീക്കി (തെക്കു പടിഞ്ഞാറു സ്ഥാനം ഒഴിവാക്കി ) ടൊയ്ലെറ്റിനു സ്ഥാനം നിശ്ചയിക്കാം.
ഗൃഹമധ്യസൂത്രം, കര്‍ണസൂത്രം (മുന്‍ലക്കങ്ങളില്‍ വിശദീകരണമുണ്ട്) മുതലായവയില്‍ തട്ടാതെ ടോയ്ലറ്റിനു സ്ഥാനം കണ്ടെത്താന്‍ ശ്രദ്ധിക്കണം എന്നുള്ളതു പരമപ്രധാനമാണ്. ഇതുപോലെ തന്നെ ശ്രദ്ധയോടെ നിശ്ചയിക്കേണ്ടതാണു സെപ്റ്റിക് റ്റാങ്കുകളുടെ സ്ഥാനവും.
ടിപ്സ്
ഉതൃട്ടാതിയും, ഉത്രം, അത്തം, അനിഴം, പൂയം,
തഥാ രേവതി, ഉത്രാടത്തോടു രോഹിണി,
മകയിരം, ഗേഹം പണിക്കുത്തമം..
ചോതി, ചിത്തിര, മൂലമോണപുണര്‍താവിട്ടം,
വരുന്നിങ്ങനെ കൊള്ളിക്കാമതു മധ്യമം ചതയവും
മറ്റുള്ള നാള്‍ നിന്ദിതം
ഗൃഹാരംഭമുഹൂര്‍ത്തങ്ങള്‍ക്കു ( ശിലാസ്ഥാപനം ) ഉതൃട്ടാതി, ഉത്രം, അത്തം, അനിഴം, പൂയം, രേവതി, ഉത്രാടം, രോഹിണി, മകയിരം എന്നീ ഒന്‍പത് നാളുകള്‍ ഉത്തമം. ചോതി, ചിത്തിര, മൂലം, തിരുവോണം, പുണര്‍തം, അവിട്ടം, ചതയം എന്നീ ഏഴു നക്ഷത്രങ്ങള്‍ മധ്യമം. ഇവ കൂടാതെയുള്ള മറ്റു നക്ഷത്രങ്ങള്‍ അധമം അഥവാ വര്‍ജ്യമാണെന്നു മനസിലാക്കണം.
Close...
Maximum Character Allowed -
4000