Tuesday, May 22, 2012   10:33 PM IST
Vaartha BlogRSS
Loading
LPG ടെര്‍മിനല്‍:IOC പിന്‍മാറുന്നു
Published : Wednesday, February 09, 2011
|
  
Text Size
കൊച്ചി

സ്വന്തം ലേഖകന്‍

പുതുവൈപ്പില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ അധീനതയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന എല്‍പിജി ബങ്കറിങ് ടെര്‍മിനല്‍ പദ്ധതിയില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പൂര്‍ണമായി പിന്മാറുന്നതായി സൂചന. പദ്ധതിക്കായി ഐഒസി മുന്നോട്ടുവച്ച ബിസിനസ് മോഡല്‍ തങ്ങള്‍ക്കു സ്വീകാര്യമല്ലെന്നു പോര്‍ട്ട് ട്രസ്റ്റ് നേരത്തേ അറിയിച്ചിരുന്നു. ടെര്‍മിനല്‍ നിര്‍മാണം സംബന്ധിച്ച് ഇന്നു കൊച്ചിയില്‍ എണ്ണക്കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കേണ്ടെന്ന് മുംബൈ ഐഒസി ആസ്ഥാനത്തുനിന്നു കൊച്ചി ഓഫിസില്‍ സന്ദേശം ലഭിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ഐഒസിക്ക് 50% ഓഹരി പങ്കാളിത്തമുള്ള ഇന്ത്യന്‍ ഓയില്‍ ടാങ്കിങ് എന്ന കമ്പനിയാണു യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

പുതുവൈപ്പില്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള 26 ഏക്കറിലാണ് എല്‍പിജി ബങ്കറിങ് ടെര്‍മിനല്‍(പാചക വാതക ഇറക്കുമതി കേന്ദ്രം) സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചിട്ടുള്ള ഇവിടെ 2009 ജൂലായില്‍ ബങ്കറിങ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ പോര്‍ട്ട് ട്രസ്റ്റ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതിനു ശേഷമാണ് ഐഒസി പോര്‍ട്ട് ട്രസ്റ്റുമായി ബന്ധപ്പെടുന്നത്. ഇതോടെ ടെന്‍ഡര്‍ നടപടികള്‍ തത്കാലം ഉപേക്ഷിച്ച് ഐഒസിക്കു നിര്‍മാണച്ചുമതല നല്‍കാന്‍ തീരുമാനിച്ചു. നിര്‍മാണത്തിന് ഐഒസി മുന്നോട്ടുവച്ച ബിസിനസ് മോഡല്‍ പോര്‍ട്ട് ട്രസ്റ്റ് അംഗീകരിച്ചില്ല. നിര്‍മാണച്ചെലവ് ലോണായി അനുവദിക്കാമെന്നായിരുന്നു ഐഒസിയുടെ നിലപാട്. എന്നാല്‍, ഇതു തങ്ങളെ വന്‍ കടക്കെണിയിലേക്കു തള്ളിവിടുമെന്നു കാണിച്ചു പോര്‍ട്ട് ട്രസ്റ്റ് നിരാകരിച്ചു.

ഐഒസിയുടെ ബിസിനസ് മോഡല്‍ അംഗീകരിച്ചാല്‍ പലിശയിനത്തില്‍ മാത്രം വന്‍ തുക പോര്‍ട്ട് ട്രസ്റ്റ്, ഐഒസിക്കു നല്‍കേണ്ടിവരുമെന്നു പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഐഒസിയെ മാറ്റി പകരം 2009ലെ ടെന്‍ഡറില്‍ തെരഞ്ഞെടുത്ത കമ്പനികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്നു തെരഞ്ഞെടുത്ത അഞ്ചു കമ്പനികളെ ഇന്നു പോര്‍ട്ട് ട്രസ്റ്റ് ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. അതില്‍ ഐഒസിക്ക് പങ്കാളിത്തമുള്ള ഇന്ത്യന്‍ ഓയില്‍ ടാങ്കിങ് എന്ന കമ്പനിയുമുണ്ട് - പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു.

പദ്ധതിയില്‍നിന്നു പൂര്‍ണമായി പിന്മാറുന്നതിന്‍റെ സൂചനയാണ് ഉപകമ്പനിയോട് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലന്ന് ഐഒസി നിര്‍ദേശിച്ചത്. തമിഴ്നാട്ടില്‍ നാഗാര്‍ജുന സ്ഥാപിക്കുന്ന എണ്ണശദ്ധീകരണ ശാലയോടു ചേര്‍ന്നു ബങ്കറിങ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ കമ്പനിയെ ക്ഷണിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. ഈ ബിസിനസില്‍ പങ്കാളികളാകാന്‍ കമ്പനിക്കുമേല്‍ രാഷ് ട്രീയ സമ്മര്‍ദവുമുണ്ട്.

Rate This News :
Latest News