അരുവിക്കര പഞ്ചായത്തില്‍ യാത്ര ദുരിതപൂര്‍ണം
Published : Saturday,
February 12,
2011
നെടുമങ്ങാട്
പ്രധാന റോഡുകളെല്ലാം തകര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര പഞ്ചായത്തില്‍ യാത്ര ദുരിതപൂര്‍ണം. അമിതഭാരം കയറ്റിയ ടാങ്കര്‍ ലോറികളുടെ അനിയന്ത്രിത യാത്ര മൂലമാണു റോഡുകള്‍ തകര്‍ന്നതെന്നു നാട്ടുകാര്‍. തലസ്ഥാന നഗരിയിലെ വിവിധ ആശുപത്രികള്‍ക്കും വന്‍ ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുന്നത് അരുവിക്കര ഡാമില്‍ നിന്നു ടാങ്കര്‍ ലോറികളിലാണ്. പ്രതിദിനം 300ല്‍ അധികം കുടിവെള്ള ടാങ്കര്‍ ലോറികള്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ വഴി തലസ്ഥാന നഗരിയിലേക്കു പോകുന്നുണ്ട്.
അരുവിക്കര- വട്ടിയൂര്‍ക്കാവ്, അരുവിക്കര ഡാം- അഴീക്കോട്, അരുവിക്കര- വെള്ളനാട്, അരുവിക്കര- നെടുമങ്ങാട്, അരുവിക്കര-മൈലം-കാച്ചാണി, അരുവിക്കര-ഭഗവതിപുരം-തിരുവനന്തപുരം തുടങ്ങിയ പ്രധാന റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. അരുവിക്കര ഡാം റോഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ ക്വാര്‍ട്ടേഴ്സിനു മുന്നിലുള്ള ഭാഗത്തെ മണ്ണ് ഒലിച്ചിറങ്ങി ഓട നികന്നു റോഡിലേക്കു വ്യാപിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ചെളിക്കെട്ടും രൂക്ഷമാണ്.
റോഡില്‍ വെള്ളം കെട്ടിനിന്നു വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. അരുവിക്കര- വട്ടിയൂര്‍ക്കാവ് റോഡില്‍ കുമ്മി പമ്പ് ഹൗസിനു സമീപം റോഡ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അഴീക്കോട്- അരുവിക്കര റോഡില്‍ കക്കോട്, വെമ്പന്നി, വട്ടക്കുളം, മുള്ളിലവിന്‍മൂട് തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും തകര്‍ന്ന നിലയിലാണ്.
അരുവിക്കര- കാച്ചാണി റോഡ് വഴി കാല്‍നട യാത്രപോലും ദുരിതപൂര്‍ണം. ആറുമാസങ്ങള്‍ക്കു മുന്‍പു പുനരുദ്ധരിച്ച ഈ റോഡ് അശാസ്ത്രീയമായി ടാറിങ് നടത്തിയതിനാലാണു തകര്‍ന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിലെ അഴിമതിമൂലമാണു റോഡ് തകര്‍ന്നതെന്നാരോപിച്ചു വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ടാങ്കര്‍ ലോറികളുടെ അമിതഭാരം മൂലം തകര്‍ന്ന റോഡുകളില്‍ വാഹനാപകടങ്ങളും നിത്യ സംഭവം. ഗട്ടറുകളില്‍ വീണ് ഇരുചക്ര വാഹനങ്ങളാണു കൂടുതല്‍ അപകടത്തിലാകുന്നത്.
പൊതുമരാമത്തു റോഡുകളും പഞ്ചായത്ത് റോഡുകളും ഒരുപോലെ തകര്‍ന്ന അരുവിക്കര പഞ്ചായത്തിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമെന്നു ഡ്രൈവര്‍മാരും പറയുന്നു. ടാങ്കര്‍ ലോറികളെ നിയന്ത്രിച്ചും റോഡുകള്‍ പുനരുദ്ധരിച്ചും ഗതാഗതം സുഗമമാക്കാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളണമെന്നു നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000