എത്രമേല്‍ പ്രതിരോധിക്കണം യുഡിഎഫ്
Published : Sunday,
February 13,
2011
അഞ്ജുരാജ്
തെരഞ്ഞെടുപ്പിന്‍റെ മുഖത്തു നില്‍ക്കുന്ന യുഡിഎഫിനെ വേട്ടയാടുന്ന ഭൂതം ഏതാണ്? മുമ്പെങ്ങുമില്ലാത്തത്ര അല്ലെങ്കില്‍ പ്രതീക്ഷിക്കാത്തത്ര ആശയക്കുഴപ്പത്തോടെയാണു യുഡിഎഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള റോഡ് ഷോയ്ക്ക് അരങ്ങൊരുങ്ങിയപ്പോള്‍ നൂറിനും നൂറ്റിപ്പത്തിനും മധ്യേ സീറ്റു പിടിക്കാമെന്ന ആത്മവിശ്വാസമാണു യുഡിഎഫ് ക്യാംപില്‍ നിന്നുകേട്ടിരുന്നത്.
ആകെയുണ്ടായിരുന്നത് ഒരു കല്ലുകടി മാത്രം. ഗൗരിയമ്മ ഇടഞ്ഞു നിന്നു എന്നത്. എന്നാല്‍, അത് ഒരു വഴിക്ക് ഒതുക്കിത്തീര്‍ക്കാമെന്നു കോണ്‍ഗ്രസ് നേതാക്കളോരോരുത്തരും പ്രതീക്ഷിച്ചിരുന്നു. അവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നു വ്യക്തമായത് അതാണ്.
യാത്ര കഴിഞ്ഞാലുടന്‍ കേരളവികസന കോണ്‍ഗ്രസ്. കേരളത്തിന്‍റെ വികസനത്തിനു നയരേഖ രൂപീകരിക്കല്‍. അറുപതു ദിവസങ്ങള്‍ക്കപ്പുറം കേരള നിയമസഭയില്‍ വിജയപക്ഷത്ത് ഇരിക്കാമെന്നതു സ്വാഭാവികമായ കണക്കുകൂട്ടലായിരുന്നു. ആ വഴിക്കുതന്നെ കാര്യങ്ങള്‍ മിക്കവാറും നീങ്ങുന്നു എന്നു യുഡിഎഫ് നേതൃത്വം കരുതിയിരിക്കുമ്പോഴാണ് ആദ്യ വെടി. യുഡിഎഫിലെ രണ്ടാം കക്ഷി നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരേ പഴയ സന്തതസഹചാരി റൗഫിന്‍റെ വെളിപ്പെടുത്തല്‍. മുന്‍കൂട്ടി കുഞ്ഞാലിക്കുട്ടി പൊട്ടിച്ച വെടിയുടെ അനുരണനം എന്നു പറയുന്നതായിരിക്കാം സാങ്കേതികമായി ശരി.
പിന്നാലെയെത്തി മാധ്യമവിചാരണ. കേരള മോചന യാത്ര പിന്നിട്ട ഓരോ പോയിന്‍റിലും വിഷയം കുഞ്ഞാലിക്കുട്ടി തന്നെയായി. വാര്‍ത്താ സമ്മേളനങ്ങളില്‍ ഫോക്കസ് ഐസ്ക്രീം കേസ്. അതിനിടെ സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകുന്നു. രാഷ്ട്രീയചര്‍ച്ചകളുടെ കുന്തമുന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ചായി. ഇതിനിടെ ലീഗിലെ രണ്ടാം നേതാവ് മുനീറിനെതിരേ റോഡ് നിര്‍മാണത്തില്‍ അഴിമതി കാട്ടിയതുമായി ബന്ധപ്പെട്ട തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ്. തിരുവനന്തപുരത്ത് കേരളമോചന യാത്ര സമാപിച്ചപ്പോള്‍ മാനവീയം വീഥിയില്‍ തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി, 110 നു മേല്‍ സീറ്റു നേടി അധികാരത്തിലെത്തുമെന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം.
നേടുന്ന സീറ്റുകളെ സംബന്ധിച്ച് ഒരു യുഡിഎഫ് നേതാവ് നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്. അണികളില്‍ ആത്മവിശ്വാസം ഒന്നുകൂടി ജ്വലിപ്പിക്കാന്‍ അതിനു സാധിച്ചു. കെ.എം.മാണിയും ബാലകൃഷ്ണപിള്ളയും ടി.എം. ജേക്കബും എല്ലാം കത്തിക്കയറിയ വേളയായിരുന്നു ഇക്കഴിഞ്ഞ ഒമ്പതിനു കേരളമോചനയാത്രയുടെ സമാപനം. തൊട്ടടുത്ത ദിവസം സംസ്ഥാന ബജറ്റ്. ഇലക്ഷന്‍ കണക്കിലെടുത്ത് ജനപ്രിയ ബജറ്റെന്ന് എല്ലാവരും പ്രതീക്ഷിച്ചു. നടപ്പാക്കാനാവാത്ത പദ്ധതികളെന്ന പ്രചാരണത്തോടെ പ്രതിരോധിക്കാന്‍ യുഡിഎഫ് ഒന്നടങ്കം ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചതിന്‍റെ വാര്‍ത്ത വന്നത്.
അടുത്ത ദിവസം പത്രത്തലക്കെട്ടുകളില്‍ സംസ്ഥാന ബജറ്റിന്‍റെ കുത്തക നഷ്ടമായി. റിവ്യൂ ഹര്‍ജിനല്‍കാനില്ലെന്നും ജയിലിലേക്കു പോകുമെന്നും ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. യുഡിഎഫ് നേതാക്കള്‍ ഒന്നൊഴിയാതെ പിള്ളയ്ക്കു പിന്‍തുണ അറിയിച്ച് തമ്പാനൂരിലെ പാര്‍ട്ടി ഓഫിസിലേക്ക്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയും കക്ഷിനേതാക്കളും ബാലകൃഷ്പിള്ളയെ കാണാന്‍ കുതിച്ചെത്തി. പുറത്തിറങ്ങിയ നേതാക്കളാണ് റിവ്യൂ ഹര്‍ജി നല്‍കുമെന്നറിയിച്ചത്. വിധിക്കെതിരേ പരസ്യമായി എന്‍എസ്എസ് നേതൃത്വവും രംഗത്തെത്തി.
വൈകിട്ടു ബാലകൃഷ്ണപിള്ളയെ കാണാനെത്തുമ്പോള്‍ ഒരിക്കല്‍ പരസ്യമായി കലഹിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയും സമീപത്ത്. മ്ലാനത പ്രകടമായിരുന്നു. തൊട്ടുപിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയും എത്തി. അല്പനേരം രാഷ്ട്രീയ ആലോചനകള്‍. ഈ വൈകിയ പ്രായത്തില്‍ തനിക്കു വാരിക്കുഴി തീര്‍ത്തത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് ആവര്‍ത്തിച്ചു പിള്ള. വിഎസിന്‍റെ ആത്യന്തിക ലക്ഷ്യം പിണറായിയാണെന്നും പിള്ളയുടെ മുന്നറിയിപ്പ്. വിഎസിന്‍റെ കുടിപ്പകയ്ക്കു പിന്നിലെ അഴിമതിശുപാര്‍ശയും പിള്ള ആവര്‍ത്തിച്ചു. ഈസമയം പാലക്കാടായിരുന്ന ടി.എം. ജേക്കബും കോടതിവിധിയുടെ മെരിറ്റിനെ വിമര്‍ശിച്ചു-ഭാഷ അത്രമേല്‍ രൂക്ഷമല്ലെങ്കിലും. അടുത്ത ഇര ജേക്കബാണെന്ന ശ്രുതി അന്നുതന്നെ പരന്നിരുന്നു തലസ്ഥാനത്ത്. രാത്രി യുഡിഎഫ് നേതാക്കളുടെ ഭാഷയില്‍ പതര്‍ച്ച പ്രകടമായി.തൊട്ടടുത്ത ദിവസം. പ്രധാനമന്ത്രി കേരളത്തില്‍. കേരളത്തിന്‍റെ സ്വപ്ന പദ്ധതി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നു. മലയാളികളായ കേന്ദ്ര മന്ത്രിമാരുള്‍പ്പടെ നേതാക്കളെല്ലാം കൊച്ചിയില്‍. കേരളത്തിനു കേന്ദ്രത്തിന്‍റെ സമ്മാനം എന്ന പ്രചാരണങ്ങള്‍ക്കിടെ പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് സംസ്ഥാന മന്ത്രിമാരെ ഒഴിവാക്കിയെന്ന ആക്ഷേപം.
ഇതിനിടെയാണു യുഡിഎഫിലെ മറ്റൊരു പ്രമുഖനായ ടി.എം. ജേക്കബിനെതിരായ ആഘാതം വന്നത്. ജേക്കബ് പ്രതിയായ കുരിയാര്‍കുറ്റി-കാരപ്പാറ കേസിലെ പുന:പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ജേക്കബ് ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. ജേക്കബും നിയമത്തിന്‍റെ കുരുക്കിലേക്കു വീഴുന്നതോടെ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു യുഡിഎഫ്.
വൈകിട്ട് തിരുവനന്തപുരത്തു കേരളവികസനകോണ്‍ഗ്രസിന്‍റെ ഉദ്ഘാടനത്തിലേക്കായിരുന്നു എല്ലാ കണ്ണുകളും. പ്രധാനമന്ത്രി തലസ്ഥാനത്തേക്ക്. അതിനിടെയാണ് മറ്റൊരു കോടതി വാര്‍ത്ത പുറത്തുവരുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ സമര്‍പ്പിച്ച അപേക്ഷയില്‍ നിന്ന് കോണ്‍ഗ്രസിനെ വേട്ടയാടാന്‍ ഭൂതം കുടം തുറന്നു പുറത്തുവന്നു. പാമോയില്‍ കേസിലെ രണ്ടാം പ്രതിയാണു മുസ്തഫ. തന്‍റെ മാത്രം അറിവല്ല, പാമോയില്‍ ഇറക്കുമതിക്കു പിന്നില്‍. അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നു-മുസ്തഫയുടെ വാക്കുകള്‍ ലക്ഷ്യത്തില്‍ സ്പര്‍ശിച്ചു. ആരോ ഉദ്ദേശിച്ച ആ ലക്ഷ്യം ഉമ്മന്‍ചാണ്ടിയെന്നു വരുന്ന വിധം.
യുഡിഎഫിന്‍റെ പതര്‍ച്ച പൂര്‍ണമാവുന്നു-പ്രതിരോധ ബാധ്യതയും. ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടിവരുമെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനത്തിനുശേഷം ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഉണ്ടാവുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ഓപ്പണ്‍ ഡിഫന്‍സിനില്ലെന്നു ടി.എച്ച്. മുസ്തഫയുടെ പ്രതികരണം. ഇതിനിടെ ഗൗരിയമ്മ കൊല്ലത്ത് മറ്റൊരു വെടിപൊട്ടിച്ചു. യുഡിഎഫിനുള്ളില്‍ സീറ്റ് ക്ലെയിം ഉന്നയിക്കുന്ന ആദ്യ കക്ഷി. ഗൗരിയമ്മ ആവശ്യപ്പെട്ടത് അഞ്ച് സീറ്റ്.
ഇന്നലെ രാവിലെയും പ്രധാനമന്ത്രിയുടെ സാന്നിധ്യം കേരളത്തിലുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉദ്ഘാടനം. പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയ ക്രെഡിറ്റില്‍ കേന്ദ്രസര്‍ക്കാര്‍ മലയാളിക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പ്രതിരോധ ബാധ്യതയിലാണ്. രാഷ്ട്രീയ കേരളം പ്രതീക്ഷിക്കാത്തത്ര ഗതിമാറ്റങ്ങള്‍. അടുത്ത ഇര ആരെന്ന ആശങ്കയില്‍ ഓരോരുത്തരും. തെരഞ്ഞെടുപ്പു നേരിടുന്ന ഒരു മുന്നണിയും ഇത്രയേറെ പ്രതികൂലങ്ങള്‍ ഒറ്റയടിക്കു നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. പന്തയം ജയിപ്പിക്കേണ്ടയാള്‍ തന്നെ കോടതി കയറേണ്ടിവന്നാല്‍ കെപിസിസി നേതൃത്വവും മുകളിലേക്കു നോക്കിപ്പോകും. ഹൈക്കമാന്‍ഡ് ആരെയെങ്കിലും കേരളത്തിലേക്കിറക്കുമോയെന്ന്. പ്രതിസന്ധി രൂക്ഷമാവുകയാണെങ്കില്‍ വയലാര്‍ രവി തെരഞ്ഞെടുപ്പു നയിക്കുമെന്നു വിശ്വസിക്കുന്നവരേറെ. ഒന്നുമൊന്നും അസംഭവ്യമല്ലെന്നിരിക്കേ കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയം ഇനി കച്ചമുറുക്കുന്നത് ഈസീ വാക്കോവറിനല്ല. ജീവന്‍മരണപ്പോരാട്ടത്തിനാവും. ആക്രമിക്കാനുള്ളതിനേറെ പ്രതിരോധിക്കാനുണ്ടവര്‍ക്ക്.
Close...
Maximum Character Allowed -
4000