പതിവുതെറ്റിക്കാതെ രാധാകൃഷ്ണന്‍ ആചാരി
Published : Tuesday,
February 15,
2011
തിരുവനന്തപുരം
സന്‍ജിത്ത് കോലിയക്കോട്
കുത്തിയോട്ട വ്രതാനുഷ്ഠാനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ 60ന്‍റെ നിറവില്‍ രാധാകൃഷ്ണന്‍ ആചാരി. ആറ്റുകാല്‍ ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ വ്രതമ നുഷ്ഠിക്കുന്ന ബാലന്‍മാര്‍ക്കു ചടങ്ങുകള്‍ മുറതെറ്റാതെ നട ത്താന്‍ ഇദ്ദേഹത്തിന്‍റെ സാന്നിധ്യം അത്യാവശ്യം. ഇതു തുടര്‍ച്ചയായ 25ാം വര്‍ഷമാണു രാധാകൃഷ്ണന്‍ ആചാരി ചട ങ്ങിനു മേല്‍നോട്ടം വഹിക്കുന്നത്.
കുടുംബ പാരമ്പര്യമായി കൈമാറി കിട്ടുന്നതാണു കുത്തിയോട്ട ചടങ്ങിനു മേള്‍നോട്ടം വഹിക്കാനുള്ള പദവി. രാധാകൃഷ്ണന്‍ ആചാരിയ്ക്ക് അമ്മാവന്‍ അപ്പുക്കുട്ടന്‍ ആചാരിയില്‍ നിന്നാണു മേല്‍നോട്ടച്ചുമതല കൈവന്നത്. കുത്തിയോട്ട നേര്‍ച്ചയ്ക്കു പങ്കെടുക്കുന്ന അഞ്ചു വയസുമുല്‍ 13 വയസുവരെയുള്ള ബാലന്‍മാര്‍ ക്ഷേത്രത്തില്‍ തന്നെ തങ്ങിയാണു വ്രതമെടുക്കുക. ഇവര്‍ക്കൊപ്പം വ്രതത്തില്‍ തന്നെയാകും മേല്‍നോട്ടക്കാരനായ രാധാകൃഷ്ണനും. ചടങ്ങുകള്‍ തുടങ്ങിയാല്‍ പിന്നെ വീട്ടിലേക്കില്ല. ക്ഷേത്രത്തില്‍ തന്നെ തങ്ങണം. കുട്ടികളെ വെളുപ്പിനു നാലരയ്ക്ക് ഉണര്‍ത്തി കുളിപ്പിക്കുന്നതു മുതല്‍ ദിവസം ആരംഭിക്കും. ഉത്സവത്തിന്‍റെ മൂന്നാം ദിവസം മുതല്‍ മുറതെറ്റാതെ അഞ്ചുനേരം കുളി, നമസ്കാരം ഇവയെല്ലാം ചെയ്യിക്കുന്നത് ഇദ്ദേഹമാണ്.
വ്രതം പൂര്‍ത്തീയാക്കുന്നതിനിടെ 1008 നമസ്കാരങ്ങള്‍ ചെയ്യിക്കണമെന്നു ശാസ്ത്രം. ഇത്തവണ 854 കുട്ടികളെയാണു തനിക്കു ലഭിച്ചിരിക്കുന്നതെന്നു രാധാകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷത്തേതിലും കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം 960 കുട്ടികള്‍ ആറ്റുകാലില്‍ കുത്തിയോട്ട നേര്‍ച്ചയ്ക്കെത്തിയിരുന്നു.
നേര്‍ച്ച ചടങ്ങിനു കുട്ടികളെ പരിശീലിപ്പിക്കുന്നതു തൊഴിലായല്ല രാധാകൃഷ്ണന്‍ കാണുന്നത്. കടുത്ത ഭക്തനായ ഇദ്ദേഹം ഇതിനെ ദൈവം തന്നെ ഏല്‍പ്പിച്ച ചുമതലയായി കണക്കാക്കുന്നു. പാരമ്പര്യമായി കൈവന്ന തൊഴിലിലൂടെ ഒരു ഭാഗ്യവും ഇതിനിടെ തന്നെ തേടിയെത്തിയെന്നു രാധാകൃഷ്ണന്‍. സ്വന്തം മകന്‍റെ കുത്തിയോട്ട നേര്‍ച്ചയ്ക്കും പരികര്‍മിയാകാന്‍ ഭാഗ്യം ലഭിച്ചതാണ് അത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു മക്കളില്‍ മൂത്തവനായ ആനന്ദിനു വേണ്ടിയായിരുന്നു അത്. പിന്‍തലമുറക്കാരനായി ചടങ്ങിന്‍റെ ഉത്തരവാദിത്വം കൈമാറേണ്ടത് ആനന്ദിലേക്കാണ്. ഇതിന്‍റെ തുടക്കമെന്നോണം രാധാകൃഷ്ണന്‍ ആചാരിക്കു സഹായമായി ആനന്ദുമുണ്ട് ആറ്റുകാല്‍ ക്ഷേത്രത്തില്‍.
Close...
Maximum Character Allowed -
4000