Tuesday, May 22, 2012   10:41 PM IST
Vaartha BlogRSS
Loading
തട്ടിത്തെറിപ്പിക്കുന്ന പ്രതീക്ഷകള്‍
Published : Friday, February 18, 2011
|
  
Text Size
കൊച്ചി

ഐപിഎല്‍ മത്സരങ്ങളുടെ വേദി കൊച്ചിയില്‍നിന്നു മാറ്റാന്‍ അണിയറയില്‍ നടക്കുന്ന ശ്രമം തട്ടിത്തെറിപ്പിക്കുന്നത് ഒരു ജനതയുടെ ഏറെ നാളായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. "ഇന്‍ഡി കമാന്‍ഡോസ് കേരള'യുടെ ഹോം ഗ്രൗണ്ട് അഹമ്മദാബാദിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഫ്രാഞ്ചൈസികള്‍ ഐപിഎല്‍ സംഘാടക സമിതിക്ക് ഇന്നലെ കത്തു നല്‍കി. കഴിഞ്ഞ രണ്ടര മാസമായി കൊച്ചി കൂട്ടിക്കിഴിക്കുന്ന വിനോദ - വ്യവസായ - വാണിജ്യ സാധ്യതകളാണു ടീം ഉടമകളുടെ തീരുമാനത്തിനൊപ്പം നാടുകടത്തപ്പെടുന്നത്.

കൊച്ചിയില്‍ ഐപിഎല്ലിന് അനുയോജ്യമായ സ്റ്റേഡിയമില്ലെന്നാണു ഫ്രാഞ്ചൈസികളായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രധാന കണ്ടെത്തല്‍. കലൂരില്‍ ഇപ്പോഴുള്ള സ്റ്റേഡിയം പ്രൊഫഷനല്‍ ക്രിക്കറ്റിനു പറ്റിയതല്ല. ഒട്ടേറെ പോരായ്മകള്‍ ഈ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിനുണ്ട്. കളികാണാന്‍ വരുന്നവര്‍ക്കു മികച്ച സൗകര്യമൊരുക്കിയില്ലെങ്കില്‍ ഫ്രാഞ്ചൈസിക്കു വന്‍ നഷ്ടം വരും. ജിസിഡിഎയുടെ സ്റ്റേഡിയത്തിനു 36% വിനോദ നികുതി നല്‍കണം. ഇതും നഷ്ടത്തിനു വഴിവയ്ക്കും - ഇന്നലെ ഐപിഎല്‍ സിഇഒയ്ക്ക് ടീം മാനെജ്മെന്‍റ് നല്‍കിയ കത്തിലെ പ്രധാന പരാതികള്‍ ഇവയാണ്.

കോടികള്‍ ചെലവിട്ടു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍റെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുമ്പോഴാണു കൊച്ചി ക്രക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നടപടി. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയം കൊച്ചിയിലേതിനേക്കാള്‍ മികച്ചതാണെന്നും ചില്ലി കാശുപോലും അവിടെ വിനോദ നികുതി നല്‍കേണ്ടെന്നും കത്തില്‍ ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്‍ ഭരണ സമിതി അക്കാര്യങ്ങളൊക്കെ മുഖവിലയ്ക്കെടുത്താല്‍ കൊച്ചിയുടെ സാധ്യത തീര്‍ത്തും ഇല്ലാതാകുമെന്നുതന്നെയാണു ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. കൊച്ചിയുടെ പേരില്‍ ഐപിഎല്‍ ടീമിനെ വാങ്ങി ഇവിടെനിന്നു തടിതപ്പാന്‍ തുടക്കംമുതല്‍തന്നെ അണിയറ നീക്കം നടന്നിരുന്നു. ഇതു മറനീക്കി പുറത്തുവന്നതാണ് ഇന്നലെ ഫ്രാഞ്ചൈസി ഐപിഎല്‍ സിഇഒയ്ക്കു നല്‍കിയ കത്തിലൂടെ വ്യക്തമാക്കുന്നത്.സംസ്ഥാനത്തിന്‍റെ കായിക വികസനത്തിലെ നാഴികക്കല്ലാകുമെന്നു വിശേഷിപ്പിച്ചിരുന്ന ഐപിഎല്‍ നഷ്ടപ്പെട്ടാല്‍ കൊച്ചിക്കു നഷ്ടപ്പെടുന്ന വിദേശ നാണ്യത്തിനു കോടാനുകോടികളുടെ മൂല്യം വരും.

ഐപിഎല്‍ കഴിയുന്നതോടെ രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ കൊച്ചിയുടെ സ്പോര്‍ട്സ് ടൂറിസത്തിനും അനന്ത സാധ്യത തുറക്കപ്പെടുമെന്നാണു പ്രതീക്ഷ. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നു അയല്‍ സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്കു വരുമെന്നും പ്രതീക്ഷിക്കുന്നു.

ഐപിഎല്‍ അവസാനിക്കും വരെ രാജ്യാന്തര മാധ്യമങ്ങള്‍ കൊച്ചിയുടെ വിശേഷങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമിരുന്നു ചര്‍ച്ച ചെയ്യും. അങ്ങനെ ഫെബ്രുവരിയില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണ്‍ മേയ് വരെ നീളുമെന്നുമായിരുന്നു പ്രതീക്ഷ.

കൊച്ചിവഴിയുള്ള സുഗന്ധ്യ വ്യഞ്ജന വ്യാപാരത്തിലും ഐപിഎല്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നുറപ്പിച്ചിരുന്നു. ശ്രീലങ്കയില്‍ ക്രിക്കറ്റ് കൊണ്ടുവന്ന തേയില വ്യാപാര വളര്‍ച്ചയാണു കൊച്ചിയുടെ പ്രതീക്ഷ. സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ഐപിഎല്‍ മുന്നില്‍ക്കണ്ട് ഇവിടെ ചെയ്യാനുദ്ദേശിച്ച അടിസ്ഥാന സൗകര്യ വികസനവും വെറുതേയാകുകയാണിപ്പോള്‍. ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന കോടികളുടെ നികുതിയും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.
Rate This News :
Latest News