ബഹളത്തില്‍ മുങ്ങി അവസാന ദിനം
Published : Friday,
February 25,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
മുഖ്യമന്ത്രിക്കും മകന്‍ വി.എ. അരുണ്‍കുമാറിനുമെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ പന്ത്രണ്ടാം നിയമസഭയുടെ അവസാനദിവസം പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കല്ലുവാതുക്കല്‍ കേസില്‍ വി.എസ് ജുഡീഷ്യല്‍ കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതും ലോട്ടറികേസില്‍ മകന്‍ സിബിഐ അന്വേഷണം അട്ടിമറിച്ചതും സംബന്ധിച്ച അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി നോട്ടീസ് ചര്‍ച്ചയ്ക്കെടുനാവില്ലെന്ന നിലപാടിനെത്തുടര്‍ന്നായിരുന്നു സഭാസ്തംഭനം. ഈ വിഷയത്തില്‍ നേരത്തേതന്നെ അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. അതുകൊണ്ടുതന്നെ അടിയന്തരപ്രമേയമോ ഉപക്ഷേപമോ ആയി വിഷയം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മറുപടി പറയാന്‍ ഭയക്കുന്നത് എന്തിനാണ്? സര്‍ക്കാരിനു മറുപടി പറയാനുള്ള ഏറ്റവും നല്ല വേദി നിയമസഭയാണ്. തനിക്കും മകനുമെതിരേ അന്വേഷണത്തിനു തയാറാണെന്ന ഭാഗം നേരത്തേ തയാറാക്കിയ പ്രസ്താവനയില്‍ നിന്നും വി.എസ് വെട്ടിക്കളഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്. മുഖ്യമന്ത്രി വെട്ടിക്കളഞ്ഞ ആ ഭാഗം നിയമസഭയില്‍ പ്രഖ്യാപിച്ചാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റ് ബഹളം തുടങ്ങി. സ്പീക്കര്‍ അടുത്ത നടപടികളിലേക്ക് കടന്നു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ പി. വിശ്വനെ ക്ഷണിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറിങ്ങി.
മുഖ്യമന്ത്രിക്കും മകനുമെതിരേ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങിയതോടെ പ്രത്യാരോപണമെന്ന നിലയില്‍ ഭരണപക്ഷം കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ടു സഭയുടെ മുന്നിലേക്കുവന്നു. ഇരുപക്ഷവും മുദ്രാവാക്യം വിളി ശക്തമാക്കിയതോടെ സഭ ബഹളത്തില്‍ മുങ്ങി.
ഇതിനിടെ സ്പീക്കര്‍ ചെയറില്‍ നിന്നെഴുന്നേറ്റ് ഭരണപക്ഷത്തോടു സീറ്റിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 2011ലെ ധനവിനിയോഗ വോട്ട് ഓണ്‍ അക്കൗണ്ട് ബില്ലും പ്ലാച്ചിമട പ്രത്യേക ട്രൈബ്യൂണല്‍ ബില്ലും ചര്‍ച്ച കൂടാതെ പാസാക്കി. മൂന്നാറില്‍ ഭുമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ജോസഫ് എം. പുതുശേരി റവന്യുമന്ത്രിക്കെതിരേയും അനര്‍ട്ടിലെ നിയമനക്രമക്കേടുകളെക്കുറിച്ച് പി.സി. ജോര്‍ജ് മന്ത്രി എ.കെ. ബാലനെതിരേയും നല്‍കിയ അവകാശലംഘനത്തിനുള്ള നോട്ടീസുകള്‍ക്ക് മന്ത്രിമാരുടെ വിശദീകരണത്തെ തുടര്‍ന്ന് അനുമതി നിഷേധിച്ചതായി സ്പീക്കര്‍ അറിയിച്ചു.
തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയാവുന്നതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി സഭയ്ക്കു പുറത്തേക്ക് പോയി. പന്ത്രണ്ടാം നിയമസഭയുടെ പതിനേഴാം സമ്മേളനം പൂര്‍ത്തിയായതായി സ്പീക്കര്‍ അറിയിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. സഭാനടപടികള്‍ പൂര്‍ത്തിയായതോടെ ഭരണപക്ഷ അംഗങ്ങളും പ്രകടനമായി പുറത്തിറങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ അവസാനിച്ച പ്രകടനത്തിന് മന്ത്രിമാരായ എം. വിജയകുമാര്‍, ജോസ് തെറ്റയില്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എസ്. ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.
Close...
Maximum Character Allowed -
4000