Tuesday, May 22, 2012   10:51 PM IST
Vaartha BlogRSS
Loading
"എല്ലാം പാര്‍ട്ടി തീരുമാനിക്കും'
Published : Friday, March 04, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നു കെ. മുരളീധരന്‍. പ്രചാരണ രംഗത്തിറങ്ങുന്നതും മത്സരിക്കുന്നതും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ഇന്നുവരെ തന്‍റെ കാര്യം ആരോടും പറഞ്ഞിട്ടില്ല. സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. സീറ്റ് വേണമെന്ന് ആവശ്യപ്പെടുകയുമില്ല.

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രംഗത്തെത്തുന്ന മുരളീധരന്‍റെ റോളെന്താണെന്ന ചോദ്യത്തിനും, ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്നു പാര്‍ട്ടിയാണു തീരുമാനിക്കുകയെന്നു മറുപടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടു ഡല്‍ഹിക്കുപോയ കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി ചെറുപ്പക്കാരെയും സിറ്റിങ് എംഎല്‍എമാരെയും മത്സരിപ്പിക്കുന്നതിനു കോഓര്‍ഡിനേഷന്‍ ഉണ്ടാകണം.

രണ്ടിലധികം തവണ മത്സരിച്ചവര്‍ മത്സരിക്കരുതെന്ന് അഖിലേന്ത്യാ തലത്തില്‍ നിബന്ധനയില്ല. ടേമിന്‍റെ കാര്യത്തില്‍ നിബന്ധന വയ്ക്കാനാവില്ല. ജനങ്ങള്‍ തുടര്‍ച്ചയായി ഒരാളെ തെരഞ്ഞെടുക്കുന്നതു തെറ്റല്ല. ചെറുപ്പക്കാരെയും മുതിര്‍ന്ന നേതാക്കളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതിനു കഴിയണം. യൂത്ത് കോണ്‍ഗ്രസിന്‍റെ ഡിമാന്‍ഡുകള്‍ ശരിയാണ്. എന്നാല്‍ അവരെയും മുതിര്‍ന്ന നേതാക്കളെയും ഉള്‍ക്കൊള്ളാനാവണം.

വനിതകളുടെ പ്രാതിനിധ്യക്കാര്യത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ആക്ഷേപം ഉണ്ടായിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് പരാതികള്‍ ഉണ്ടായിട്ടുണ്ട് ആ പോരായ്മകള്‍ പരിഹരിക്കാനാവണം എന്നു മറുപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണമുണ്ടായിരുന്നു. ഇവിടെ പുരുഷന്മാരായ നേതാക്കള്‍ക്കൊപ്പം വനിതകള്‍ക്കും അവസരം നല്‍കണം. വിജയ സാധ്യത നോക്കി ആവണമത്.

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ പരാജയം തന്നെയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍. കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വേണ്ടവിധം വിനിയോഗിച്ചിട്ടില്ല. പട്ടികവിഭാഗങ്ങളുടെ കടം എഴുതിത്തള്ളുന്നതിനു തീരുമാനിച്ചെങ്കിലും മുതല്‍ മാത്രമാണ് എഴുതിത്തള്ളിയത്. പലിശ എഴുതിത്തള്ളിയിട്ടില്ല.

ആരോഗ്യ രംഗത്തും തകര്‍ച്ച നേരിട്ടു. വിദ്യാഭ്യാസ മേഖല താറുമാറായി.

സ്വകാര്യ മാനെജ്മെന്‍റുകള്‍ക്ക് അടിയറവച്ചു. യൂനിവേഴ്സിറ്റികള്‍ മാക്സിസ്റ്റ് പാര്‍ട്ടിക്കാരുടേതായി. കാലിക്കറ്റ് സര്‍വകലാശാലയുടെ സീക്രട്ട് റൂമില്‍ ലോക്കല്‍ സെക്രട്ടറി പ്രവേശിച്ച സാഹചര്യം നിലനില്‍ക്കുന്നു. ഇവയൊക്കെ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കും.

സുപ്രീം കോടതി പോലും തള്ളിയ വിഷയങ്ങള്‍ യുഡിഎഫിനെ ലാക്കാക്കി ഉന്നയിച്ചത് എല്‍ഡിഎഫാണ്. നേതാക്കളെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഏതറ്റവും വരെ മുന്നോട്ടു പോകുന്ന നയം അവര്‍ സ്വീകരിച്ചു. ആ ഘട്ടത്തില്‍ യുഡിഎഫ് നേതാക്കള്‍ ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറഞ്ഞു. സാധാരണ യുഡിഎഫ് ഇത്തരം സമീപനം സ്വീകരിക്കാറില്ല.

യുഡിഎഫ് പറഞ്ഞതു ശരിയാണെന്നു മുഖ്യമന്ത്രിക്കു സമ്മതിക്കേണ്ടി വന്നു. കോസ്മോപൊളിറ്റന്‍ ക്ലബ്ബിലും ഗോള്‍ഫ് ക്ലബ്ബിലും അരുണ്‍ കുമാറിനു മെംബര്‍ഷിപ്പുണ്ട്. അവിടെ കളിയും മദ്യപാനവും നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരു ക്ലബ്ബിലേക്ക് നാടുമുഴുവന്‍ നന്നാക്കാന്‍ നടക്കുന്ന ഒരാളുടെ മകന്‍ പോകാന്‍ പാടുണ്ടോ? സ്വന്തം കുടുംബം നന്നാക്കാതെയാണോ മുഖ്യമന്ത്രി നാടു നന്നാക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
Rate This News :
Latest News