പദ്മരാജനെ പ്രണയിച്ച്
Published : Wednesday,
March 09,
2011
ചൈത്ര ജെ. ലക്ഷ്മി
പദ്മരാജന്‍ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു തമിഴ്നാട്ടുകാരി. വാണിയന്‍ കുഞ്ചുവിന്‍റെ മകന്‍ രാമന്‍ ഇപ്പോഴും ഇവരുടെ മനസിന്‍റെ തിരശീലയില്‍ തെളിഞ്ഞു നില്‍ക്കുന്നു. പെരുവഴിയമ്പലം എന്ന ചിത്രം മനസിനെ എപ്പോഴും മോഹിപ്പിക്കാറുണ്ട്. മലയാള ചലച്ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവതിയുടെ പേര് ലീന മണിമേകലൈ. ഡോക്യുമെന്‍ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും തമിഴ് ചലച്ചിത്ര ലോകത്തു മാത്രമല്ല രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായിക. വനിതാദിനാചരണത്തില്‍ പങ്കെടുക്കാനായാണു ലീന മണിമേകലൈ കൊച്ചിയിലെത്തിയത്. മലയാളം തനിക്ക് അപരിചിതമല്ലെന്നു വാക്കുകളിലൂടെ വരച്ചിടുകയായിരുന്നു ലീന.
ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങളിലൂടെയാണു ലീന മലയാള സിനിമാ ലോകത്തിന്‍റെ വിസ്മയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത്. എഴുപതുകളിലെ ചിത്രങ്ങളാണു മലയാള ചലച്ചിത്ര ലോകത്തെക്കൂടുതലറിയാന്‍ ലീനയെ പ്രേരിപ്പിച്ചത്. ആദരവോടു കൂടി മാത്രമേ അന്നത്തെ മലയാള ചിത്രങ്ങളെക്കുറിച്ച് ലീനയ്ക്ക് ഓര്‍ക്കാന്‍ കഴിയൂ. പദ്മരാജന്‍റെ എല്ലാ ചിത്രങ്ങളെയും ഇഷ്ടപ്പെടുന്ന ലീനയ്ക്ക് ഭരതന്‍ ചിത്രങ്ങളോടും പ്രണയം. ഓര്‍മകളില്‍ തെളിമയോടെ നില്‍ക്കുന്ന ഒട്ടേറെ മലയാള ചിത്രങ്ങളില്‍ മുന്നില്‍ത്തന്നെയാണു പിറവി എന്ന ചിത്രം.
മലയാളത്തോട് വേറൊരു വലിയ ഇഷ്ടം കൂടിയുണ്ട് ലീന മണിമേകലൈയ്ക്ക്. മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവിക്കുട്ടി. ലീനയെക്കാണുമ്പോള്‍ മാധവിക്കുട്ടിയെ ഓര്‍മ വരുന്നുവെന്നു ചിലര്‍ പറഞ്ഞിരുന്നു. ഇതു കേള്‍ക്കുമ്പോള്‍ ലീനയ്ക്കു മതിമറക്കാനാവാത്ത സന്തോഷമാണു തോന്നുക. ലീന മണിമേകലൈയ്ക്കു ദേവതയെപ്പോലെയാണു മാധവിക്കുട്ടി. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിത്വം. അവരോളം ധൈര്യമുള്ള സ്ത്രീയുണ്ടായിരുന്നില്ല എന്നാണു ലീനയുടെ അഭിപ്രായം. മൈ സ്റ്റോറി, സമ്മര്‍ ഇന്‍ കല്‍ക്കട്ട, ചന്ദനമരങ്ങളുടെ തമിഴ് പതിപ്പ്...ഇഷ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ മുന്‍പന്തിയില്‍ത്തന്നെ. ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവര്‍ അമ്മയാണെന്നാണു ലീനയ്ക്കു തോന്നുക. ചില പുസ്തകങ്ങള്‍ വായിക്കുമ്പോഴാകട്ടെ അടുത്ത കൂട്ടുകാരിയാണെന്നും. വ്യത്യസ്ത ഭാവങ്ങളൊന്നിക്കുന്നു മാധവിക്കുട്ടിയില്‍. പുസ്തകങ്ങളിലൂടെ അറിഞ്ഞ്, മനസില്‍ സ്നേഹിച്ച മാധവിക്കുട്ടിയെ നേരില്‍ കഥാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതു ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖങ്ങളിലൊന്ന്.
റാങ്കോടെ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷം മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി വേണ്ടെന്നു വെച്ചു സിനിമാ ലോകത്തെത്തിയ ആളാണു ലീന. ഭാരതിരാജ, ചേരന്‍ തുടങ്ങിയവര്‍ക്കൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണു ലീന സിനിമയില്‍ എത്തിയത്. തമിഴ് സാഹിത്യത്തില്‍ പ്രൊഫസറായിരുന്ന അച്ഛന്‍ ആര്‍. രഘുപതി ഭാരതിരാജ ചിത്രങ്ങളെക്കുറിച്ചു ഗവേഷണ പ്രബന്ധം തയാറാക്കിയിരുന്നു. എന്നും ഭാരതിരാജ ചിത്രങ്ങള്‍ കണ്ട് കണ്ട് ഓരോ ചിത്രത്തിലേയും സംഭാഷണങ്ങള്‍ പോലും മനപാഠമാക്കിയിരുന്നു. അച്ഛന്‍റെ മരണശേഷം അദ്ദേഹം തയാറാക്കിയ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിനു സഹായം തേടിയാണു ഭാരതിരാജയെ സമീപിക്കുന്നത്. ഭാരതിരാജ അന്നു താജ്മഹല്‍ എന്ന സിനിമ ചെയ്യുന്ന സമയമായിരുന്നു. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ആയി ചേരാന്‍ ഭാരതിരാജ ലീനയോടു നിര്‍ദ്ദേശിക്കുകയായിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങളുടെ ഭാരം മൂലം മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ ലീന നിര്‍ബന്ധിതയായി. എന്നാല്‍ അപ്പോഴേക്കും സിനിമ എന്നതു ലീനയുടെ മനസില്‍ കുടിയേറിയിരുന്നു. ഇതോടെ കുറച്ചു കാലത്തിനു ശേഷം ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ലീന തിരിച്ചെത്തി. ഇത്തവണ ടെലിവിഷന്‍ സീരിയലുകള്‍ ചെയ്യുന്ന സി. ജെറാള്‍ഡിന്‍റെ സഹായിയായാണു രംഗപ്രവേശം ചെയ്തത്.
പിന്നീടു സംവിധായകന്‍ ചേരനൊപ്പം പ്രവര്‍ത്തിച്ചു. ആദ്യത്തെ ഡോക്യുമെന്‍ററി മാത്തമ്മ. പിന്നീട് ഒട്ടേറെ ഡോക്യുമെന്‍ററികള്‍. ഗോഡസ് എന്ന ഡോക്യുമെന്‍ററി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ കോന്‍ച് പുരസ്കാരവും ഐഎഡബ്ല്യുആര്‍ടി അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫിലിം കോംപറ്റീഷനിലെ പുരസ്കാരവും നേടി. സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണു ലീനയ്ക്ക് ഇഷ്ടം. വൈകാരികപരമായി അടുപ്പം തോന്നുന്ന വിഷയങ്ങളാണു കൂടുതലും തിരക്കഥയില്‍ കൈകാര്യം ചെയ്യാറ്. യാത്രകളിലൂടേയും വായനയിലൂടെയും കിട്ടുന്ന അറിവുകളും പലപ്പോഴും ലീനയെ സ്വാധീനിക്കാറുണ്ട്. ലാഭം പ്രതീക്ഷിക്കുന്ന സിനിമകളല്ല എന്നതു കൊണ്ടു തന്നെ നിര്‍മാതാക്കളെ ലഭിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
സെങ്കടല്‍ എന്ന ചിത്രമാണ് അവസാനമായി പൂര്‍ത്തിയായത്. ഈ ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതോടെ ചിത്രം വിവാദത്തിലായി. ശ്രീലങ്കയിലെ തമിഴ് മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ പ്രതിബന്ധങ്ങള്‍ മറികടന്നു ചിത്രത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു ലീന. ഒപ്പം പുതിയ തിരക്കഥയുടെ പണിപ്പുരയിലും. രണ്ടു തിരക്കഥകള്‍ ഏറക്കുറെ തയാറായിട്ടുണ്ട്. സംഘ കാലഘട്ടത്തില്‍ തുടങ്ങി മധ്യകാലഘട്ടവും ഇന്നത്തെ കാലഘട്ടവും ഉള്‍പ്പെടുന്ന ഒരു കാവ്യാത്മകമായ സബ്ജക്റ്റാണു മനസിലുള്ളത്. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണു മനസ് നിറയെ.
കേരളത്തോടു വേറൊരു ബന്ധം കൂടിയുണ്ട് ലീന മണിമേകലൈയ്ക്ക്. ലീനയുടെ സഹോദരന്‍ ഇളങ്കോ വിവാഹം ചെയ്തിരിക്കുന്നത് ഒരു ചെങ്ങന്നൂര്‍ക്കാരിയെയാണ്. ലീനി അന്ന ഏബ്രഹാം. കേരളത്തോടുള്ള ആത്മബന്ധത്തിനു തെളിവുകള്‍ നിരത്തുന്നു ലീന. കേരളത്തിലെ വെറുമൊരു വഴിയാത്രക്കാരിയല്ല താന്‍, ഒരു സന്ദര്‍ശകയുമല്ല. എത്രയോ യാത്രകള്‍ക്കിടയിലൂടെ കേരളം തന്നെയും താന്‍ കേരളത്തെയും സ്വന്തമാക്കി. കേരളം എന്നെ സ്നേഹിക്കുന്നുണ്ട്. അതേ പോലെ താന്‍ കേരളത്തെയും.
Close...
Maximum Character Allowed -
4000