കറുത്ത പൗര്‍ണമി
Published : Saturday,
March 12,
2011
വി.കെ. സഞ്ജു
മാര്‍ച്ച് 19ന് അതിമനോഹരമായ ഒരാകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാനിരിക്കുകയായിരുന്നു ലോകം. ചന്ദ്രന്‍ ഭൂമിയോട് അസാധാരണമാം വിധം അടുത്തു വരുന്ന അപൂര്‍വ പ്രതിഭാസം, അതിനു സൂപ്പര്‍മൂണ്‍ എന്നു പേര്. ബഹിരാകാശ കണക്കുകളില്‍ സൂപ്പര്‍മൂണിനു നേരേ മാര്‍ച്ച് 19 എന്ന ദിവസം കുറിക്കപ്പെട്ടപ്പോള്‍ തന്നെ പ്രവചനങ്ങളും വന്നു തുടങ്ങി, കാഴ്ചയുടെ ആ മഹോത്സവത്തില്‍ മതിമറക്കാനുള്ള നിയോഗം ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ളവര്‍ക്കു ലഭിച്ചെന്നു വരില്ല!
1955, 1974, 1992, 2005... ചരിത്രത്തില്‍ സൂപ്പര്‍മൂണ്‍ അടയാളപ്പെടുത്തിയിട്ടുള്ള വര്‍ഷങ്ങള്‍. അവയ്ക്കെല്ലാം അകമ്പടിയായി ആകാശത്തെ ദൃശ്യവിസ്മയത്തിന്‍റെ കാഴ്ച മങ്ങാന്‍ പ്രാപ്തമാം വിധം കൊടിയ ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ ഇവിടെ ഭൂമിയില്‍ വന്നവതരിച്ചിരുന്നു. ഇത്തവണ അങ്ങനെയൊരു വിധി വന്നു ചേര്‍ന്നതു ജപ്പാന്. ഉദയസൂര്യന്‍റെ നാട്ടില്‍ ചാന്ദ്രകോപത്തിന്‍റെ ജ്വാലകള്‍ ഭൂകമ്പമായും രാക്ഷസത്തിരകളായും ആഞ്ഞടിച്ചു.
സൂപ്പര്‍മൂണും പ്രകൃതിക്ഷോഭങ്ങളും തമ്മിലുള്ള ബന്ധത്തിന് ശാസ്ത്രീയ അടിത്തറ നല്‍കാനായിട്ടില്ല, പതിറ്റാണ്ടുകള്‍ നീണ്ട പഠനങ്ങള്‍ക്കു ശേഷവും. വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും തീവ്രത വര്‍ധിപ്പിക്കുന്നതില്‍ കവിഞ്ഞൊരു സ്വാധീനം ചന്ദ്രനു ഭൂമിയില്‍ ചെലുത്താന്‍ കഴിയില്ലെന്നു തന്നെ തറപ്പിച്ചു പറഞ്ഞു, ബഹിരാകാശ ഗവേഷണ രംഗത്തെ കുലപതികള്‍. പക്ഷേ, 2005 ജനുവരി 10 എന്ന തീയതി അവരുടെ വിശ്വാസ തീവ്രതയില്‍ തന്നെയാണ് സുനാമിയായി ആഞ്ഞടിച്ചത്. കാരണം, അതിനു കൃത്യം രണ്ടാഴ്ച മുന്‍പ് (2004 ഡിസംബര്‍ 26) ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ മഹാവിക്ഷോഭം ഇന്തോനേഷ്യ മുതല്‍ ഇന്ത്യ വരെയുള്ള തീരദേശങ്ങള്‍ അനുഭവിച്ചറിഞ്ഞു, ഇന്നത്തെ തലമുറയുടെ ഓര്‍മകളിലെ ഏറ്റവും ഭീദിതമായ സുനാമിയുടെ നേര്‍ക്കാഴ്ചയായി.
356,577 കിലോമീറ്ററായിരിക്കും മാര്‍ച്ച് 19ന് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം. ഇന്തോനേഷ്യയിലെ ഭൂകമ്പവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമിയും സംഭവിച്ച 2005ല്‍പ്പോലും അത്രയടുത്തെത്തിയിരുന്നില്ല ഭൂമിയും ചന്ദ്രനും. എന്നിട്ടും അന്നത്തെ സുനാമി മാത്രമല്ല, യുഎസിനെ പിടിച്ചുലച്ച കത്റീന കൊടുങ്കാറ്റും സൂപ്പര്‍മൂണ്‍ ദുരന്തങ്ങളായിത്തന്നെ മുദ്രകുത്തപ്പെട്ടു. 1974ലെ സൂപ്പര്‍മൂണിനു മുന്‍പുമുണ്ടായി കാലത്തിന്‍റെ ആഞ്ഞടിക്കല്‍ പോലൊരു കൊടുങ്കാറ്റ്, ട്രെയ്സി എന്ന പേരില്‍ ഓസ്ട്രേലിയയില്‍. 1955ലും 1992നും വന്‍തോതില്‍ ആള്‍നാശം സൃഷ്ടിച്ച പ്രകൃതി ദുരന്തങ്ങള്‍ സൂപ്പര്‍മൂണുമായി ബന്ധപ്പെടുത്തി പറഞ്ഞു കേള്‍ക്കുന്നില്ല. എങ്കിലും കാലാവസ്ഥയുടെ തീവ്രഭാവങ്ങളും പ്രകൃതിയിലെ നിര്‍ണായക മാറ്റങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും ചെറിയ ഭൂകമ്പങ്ങളുമൊക്കെ കാത്തുവച്ചിരുന്നു കാലം അന്നൊക്കെയും.
ജപ്പാന്‍റെ തീരത്തു തുടങ്ങി തെക്കോട്ട് പായുന്ന സുനാമത്തിരകളില്‍ അവസാനിക്കുന്നില്ല സൂപ്പര്‍മൂണ്‍ ഉയര്‍ത്തുന്ന ദുരന്ത ഭീതികള്‍. ന്യൂസിലന്‍ഡിലും ചൈനയിലും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നു ചെറുതെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഭീതി വളര്‍ത്താന്‍ പര്യാപ്തമായ ചില ഭൂചലനങ്ങള്‍. അടുത്തുവരുന്നതേയുള്ളൂ മാര്‍ച്ച് 19. അന്നു സൂര്യനസ്തമിക്കുമ്പോള്‍ പൂര്‍ണചന്ദ്ര പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമിയുടെ ചില കോണുകളിലെ മനുഷ്യരുടെയങ്കിലും മനസുകളില്‍ അമാവാസിയായിരിക്കുമെന്നു പ്രവചിക്കുന്നവരെ ജ്യോതിശാസ്ത്രജ്ഞരെന്നല്ല, ജ്യോതിഷികളെന്നു വിളിക്കാന്‍ തിടുക്കപ്പെടുന്നവരുണ്ട്. പക്ഷേ, ചന്ദ്രനു ഭൂമിയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം തിരിച്ചറിയാന്‍ കടലിലേക്കു നോക്കണ്ട, ഭ്രാന്തന്‍ എന്നര്‍ഥമുള്ള ലുണാറ്റിക് എന്ന പദത്തിലേക്കു നോക്കിയാല്‍ മതി, വാവടുക്കുമ്പോള്‍ തീവ്രമാകുന്ന മനോവിഭ്രാന്തികളുടെയും ആസ്ത്മയുടെയും കേട്ടറിവുകളെക്കുറിച്ചോര്‍ത്താല്‍ മതി.
മനുഷ്യ മനസുകളെയും ശരീരങ്ങളെയും വരെ ആവേശിക്കാന്‍ ശേഷിയുള്ള ചാന്ദ്ര പ്രഭാവത്തിന്‍റെ യഥാര്‍ഥ കരുത്ത് ഇനിയും പൂര്‍ണമായി തിരിച്ചറിയപ്പെട്ടിട്ടില്ല. അതു തിരിച്ചറിയാനുള്ള കൂടുതല്‍ തീവ്രമായ ശ്രമങ്ങള്‍ക്കൊരു നിമിത്തമായേക്കാം ജപ്പാന്‍. അതിനേറ്റവും യോജിച്ച നിദാനങ്ങളാണല്ലോ സുനാമിയും ജപ്പാനും തമ്മിലുള്ള അഭേദ്യബന്ധം. സുനാമി എന്ന വാക്കു തന്നെ വരുന്നത് ജപ്പാനില്‍നിന്നാണ്. ജാപ്പനീസ് ഭാഷയില്‍ സു എന്നാല്‍ ഹാര്‍ബറെന്നും നാമി എന്നാല്‍ തിരകളെന്നും അര്‍ഥം!
Close...
Maximum Character Allowed -
4000