സൂചിക:ആശങ്ക നിര്‍ണയിക്കും
Published : Monday,
March 21,
2011
മുംബൈ
ദലാല്‍സ്ട്രീറ്റില്‍ ഈ വാരം ചലനം സൃഷ്ടിക്കുക ആഗോള ആശങ്കകളാവും. ആഗോള വിപണികളിലെ പ്രതിഫലനം ആഭ്യന്തര സൂചികകളെയും സ്വാധീനിക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ലിബിയയിലെ സൈനികാക്രമണം, ജപ്പാനിലെ ആണവ വികിരണം എന്നിവയായിരിക്കും നിക്ഷേപകര്‍ ഉറ്റുനോക്കുക. ലിബിയന്‍ വ്യോമാക്രമണം ഫ്രാന്‍സും യുഎസും ശക്തമാക്കിയാല്‍ വിപണി റെഡ്സോണ്‍ കണ്ടേക്കും.
2003ലെ ഇറാക്ക് യുദ്ധത്തിനു ശേഷം അറബ് ലോകത്ത് നടക്കുന്ന ഏറ്റവും വലിയ പാശ്ചാത്യ ഇടപെടല്‍ നിക്ഷേപകരെ ആശങ്കയിലാക്കും. ബാരലിനു 100 ഡോളറിനു മുകളില്‍ തുടരുന്ന ക്രൂഡ് ഓയില്‍ വില കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയാല്‍ സൂചികകള്‍ ഹ്രസ്വകാലത്തേക്കെങ്കിലും ഡൗണ്‍ട്രെന്‍ഡിലാകും. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം ഇപ്പോള്‍ തന്നെ നിക്ഷേപക വിശ്വാസത്തിനു തിരിച്ചടിയായിട്ടുണ്ട്.
ജപ്പാനിലെ ആണവ ദുരന്ത ഭീഷണിയാണു മറ്റൊരു ആഗോള ആശങ്ക. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയെ താറുമാറാക്കിയ ദുരന്തത്തിന്‍റെ തുടര്‍ച്ച എങ്ങനെയാവും എന്നു കാത്തിരിക്കുകയാണു നിക്ഷേപകര്‍.
ആണവ വികിരണം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു സൂചികകളെ കാര്യമായി സ്വാധീനിക്കും. ജാപ്പനീസ് വാഹന നിര്‍മാണക്കമ്പനികള്‍ പ്രതിസന്ധിയിലാകുന്നതോടെ അടുത്ത വാരം ഓട്ടോ സ്റ്റോക്കുകള്‍ക്ക് തിരിച്ചടിയാകും. വില ഉയര്‍ത്തിയതിനാല്‍ വില്‍പ്പന കുറയുമെന്ന വിലയിരുത്തലും ഓട്ടോ സെക്റ്ററിനു വെല്ലുവിളിയാകും.
റിസര്‍വ് ബാങ്കിന്‍റെ നിരക്ക് വര്‍ധനയാണു മറ്റൊരു ആശങ്ക. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഹ്രസ്വകാല വായ്പാ പലിശകള്‍ കാല്‍ ശതമാനം ഉയര്‍ത്തിയ ആര്‍ബിഐ നടപടി പൊതുവേ നിരാശ നല്‍കിയിരുന്നു. കഴിഞ്ഞ വാരം സെന്‍സെക്സ് 270 പോയിന്‍റ് നഷ്ടത്തില്‍ 17,878.81ലാണു ക്ലോസ് ചെയ്തത്. കഴിഞ്ഞ മാസം 28നാണ് ഇതിനു മുന്‍പ് ഈ നിരക്കില്‍ സൂചിക എത്തിയത്. ദേശീയ സൂചിക നിഫ്റ്റി 72.95 പോയിന്‍റ് നഷ്ടത്തില്‍ 5,373.70ല്‍ ക്ലോസ് ചെയ്തു. മൂന്നാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
ആഗോള വാര്‍ത്തകള്‍ പോസിറ്റീവല്ലാത്ത സാഹചര്യത്തില്‍ റെഡ്സോണില്‍ നിന്നുള്ള തിരിച്ചുവരവ് അത്ര സുഗമമാകില്ലെന്നും വിലയിരുത്തലുണ്ട്.
വിദേശ നിക്ഷേപകര്‍ ചിലപ്പോള്‍ ഗതി മാറ്റിയേക്കാം. കണക്കുകള്‍ പ്രകാരം 17നു വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 1,128.61 കോടി. ഇപ്പോഴത്തെ ആശങ്കകള്‍ കണക്കിലെടുത്തു വികസ്വര രാജ്യങ്ങളിലേക്കു പണമൊഴുക്ക് കൂടിയാല്‍ അതു ദലാല്‍സ്ട്രീറ്റിനു സമ്മാനിക്കുക പോസിറ്റീവ് ട്രെന്‍ഡാകും.
കഴിഞ്ഞ വാരം ഏറ്റവുമധികം നേട്ടം കൊയ്തത് റിലയന്‍സ് കമ്യൂണിക്കേഷനാണ്. 9% ഉയര്‍ന്നു 105രൂപയിലെത്തി. റിലയന്‍സ് ഇന്‍ഫ്രയ്ക്കു 4% നേട്ടം. ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍ എന്നിവയും ഗ്രീന്‍സോണില്‍. മാരുതി സുസുക്കി, എച്ച്ഡിഎഫ്സി എന്നിവ ഗ്രീന്‍സോണില്‍ ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഹീറോഹോണ്ട, ഇന്‍ഫോസിസ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നേട്ടത്തില്‍.
സ്വര്‍ണം
സ്വര്‍ണവിലയില്‍ കഴിഞ്ഞവാരം ഇടിവ്. സംസ്ഥാന ത്ത് വാരാവസാ നം പവ ന് 15,640 രൂപ. വാ രാദ്യം ഇത് 15,680. ആഗോള വിപണിയിലെ വില വ്യതിയാനമാണു സംസ്ഥാനത്തും പ്രതിഫലിച്ചത്. ലിബിയന്‍ സംഘര്‍ഷവും ജപ്പാനിലെ സ്ഥിതിഗതികളും വിലയെ സ്വാധീനിച്ചു. ബോംബെ ബുള്ള്യനില്‍ പത്തു ഗ്രാമിനു 110 രൂപ നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളി വിലയില്‍ കഴിഞ്ഞ വാരം ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ അതുണ്ടായില്ല. വാരാദ്യദിനം പത്തു ഗ്രാമിനു 30 രൂപ ഉയര്‍ന്നു 20,930ലെത്തി. അടുത്ത രണ്ടു ദിനങ്ങളില്‍ 340 രൂപ കുറഞ്ഞു. വ്യാവസായിക ആവശ്യത്തില്‍ കുറവുണ്ടായതാണു കാരണം. തൊട്ടടുത്ത മൂന്നു ദിനങ്ങളിലായി 200 രൂപ കൂടി. വാരാവസാനം 20,790ല്‍. 14ന് 20,930ലെത്തിയ സ്വര്‍ണത്തിനു കഴിഞ്ഞ വാരമുണ്ടായ ഏറ്റവും കുറഞ്ഞ വില 20,590.അറബ് രാജ്യങ്ങളിലെ സംഘര്‍ഷം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാകുമെന്ന സൂചനയാണു വിദഗ്ധര്‍ നല്‍കുന്നത്. ജാപ്പനീസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനു ഡിമാന്‍ഡ് കുറവായിരുന്നു. തുടര്‍ന്നു വില കുറയുകയും ചെയ്തു. ഈ വാരം ന്യൂയോര്‍ക്കില്‍ 0.4% ഇടിഞ്ഞ് ഔണ്‍സിന് 1,416.10 ഡോളറിലെത്തി.
വില കുത്തനെ ഉയര്‍ന്ന കഴിഞ്ഞ മാസം ഗോള്‍ഡ് ഇടിഎഫില്‍ നിന്നു നിക്ഷേപകര്‍ വിട്ടു നിന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമൊഴുക്കാണു ഫെബ്രുവരിയില്‍ ഗോള്‍ഡ് ഇടിഎഫിലേക്കുണ്ടായത്. 10 ഗോള്‍ഡ് ഫണ്ടുകളിലേക്ക് 25 കോടി മാത്രമാണു ഫെബ്രുവരിയില്‍ ലഭിക്കുക. തൊട്ടു മുന്‍മാസം ലഭിച്ചത് 125 കോടി. വില്‍പ്പന 42 കോടി. ജനുവരയില്‍ ഇത് 167 കോടി. ഫെബ്രുവരിയില്‍ തൊട്ടുമുന്‍മാസത്തേക്കാള്‍ 5% സ്വര്‍ണവില കൂടി. രാജ്യാന്തര വിപണിയില്‍ 6 ശതമാനവും. ഉയര്‍ന്ന വിലയിലെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുക്കലിനു മുതിര്‍ന്നതാണു നിക്ഷേപമൊഴുക്ക് കുറയാന്‍ കാരണം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,602 കോടിയാണു ഗോള്‍ഡ് ഇടിഎഫിലെ പണമൊഴുക്ക്. മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വരും ഇത്. ഓഗസ്റ്റിലാണ് ഏറ്റവുമധികം നിക്ഷേപം ലഭിച്ചത് 514 കോടി.
വെള്ളി
വെള്ളി വിലയിലും ഇടിവ്. സംസ്ഥാനത്ത് വാരാവസാനം കിലോയ്ക്ക് 53,300 രൂപ. ബോംബെ ബുള്ള്യനില്‍ കിലോയ്ക്ക് 920 രൂപയുടെ ഇടിവ്. ചാഞ്ചാട്ടം പ്രകടമായിരുന്ന മാര്‍ക്കറ്റില്‍ കഴിഞ്ഞ വാരം ആദ്യ ദിനം 10 രൂപ ഉയര്‍ന്നു. തുടര്‍ന്നു മൂന്നു ദിവസങ്ങളിലായി 1,780 രൂപയുടെ ഇടിവ്. എന്നാല്‍ അ വസാ ന ദിവസം ബൗണ്‍സ്ബാക്ക്. വെള്ളിയാഴ്ച 520 രൂപയും ശനിയാഴ്ച 330 രൂപയും ഉയര്‍ന്നു. രണ്ടു ദിവസങ്ങളിലായി നേട്ടം 850 രൂപ. വാരാവസാനം 53,860ല്‍. രാജ്യാന്തര വിപണിയില്‍ ഔണ്‍സിനു 35.58 ഡോളറില്‍. ആഴ്ചയവസാനം വ്യാവസായിക ആവശ്യം ഉയര്‍ന്നതാണു വില കൂടാന്‍ കാരണം.
കുരുമുളക്
കറുത്ത പൊന്നി നു നേരിയ നേട്ടം. അണ്‍ഗാര്‍ബിള്‍ഡ് കിലോയ്ക്ക് 219 രൂപ. വാരാദ്യം 217. പുതിയതിനു 214 രൂപ. ഗാര്‍ബിള്‍ഡിനു രണ്ടു രൂപ ഉയര്‍ന്നു. ഊഹക്കച്ചവടക്കാരുടെ ഇടപെടല്‍ കാരണം കഴിഞ്ഞ വാരം നേരിട്ട തിരിച്ചടിയില്‍ നിന്നു വിപണി തിരിച്ചുവന്നു.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിനു മികച്ച അന്വേഷണം ലഭിച്ചു. ഇതേത്തുടര്‍ന്നാണു നേരിയ വില വര്‍ധനയുണ്ടായത്.
വിയറ്റ്നാം പോലുള്ള മറ്റു പ്രമുഖ ഉത്പാദക രാജ്യങ്ങള്‍ വില ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടും ഇന്ത്യന്‍ കുരുമുളകിനു ഗുണകരമായി.
വരും ദിവസങ്ങളില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ ലഭ്യത കുറയുന്നതോടെ കര്‍ഷകര്‍ക്കു മികച്ച വില ലഭിക്കുമെന്നാണു വിലയിരുത്തല്‍. വിളവെടുപ്പ് തുടങ്ങിയ വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നു ചരക്ക് ഇതുവരെ എത്തിയിട്ടില്ല. വിലയില്‍ സ്ഥിരത കൈവരിക്കാനും സാധ്യത.
റബര്‍
റബര്‍ വിലയില്‍ വ ന്‍ കുതി ച്ചു ചാട്ടം. നാലാം ഗ്രെയ്ഡി നു കഴി ഞ്ഞ വാരം ഉയര്‍ന്നത് കിലോയ്ക്ക് 41 രൂപ. വാരാവസാനം 223 രൂപയില്‍. അഞ്ചാം ഗ്രെയ്ഡിനു കിലോയ്ക്ക് 40 രൂപ കൂടി. വാരാവസാനം 219 രൂപ. ലഭ്യതക്കുറവാണു വില ഉയരാന്‍ കാരണം. ആഗോള ആശങ്കകളും വിലയെ സ്വാധീനിച്ചു.
രാജ്യാന്തര വിപണിയിലും റബര്‍ വില ഉയര്‍ന്നു. ബാങ്കോക്കില്‍ വെള്ളിയാഴ്ച മാത്രം 18 രൂപ കൂടി 227 രൂപയിലെത്തി. വില വര്‍ധനയെത്തുടര്‍ന്നു കയറ്റുമതി നിര്‍ത്താനുള്ള തായ്ലന്‍ഡ് സര്‍ക്കാരിന്‍റെ തീരുമാനം വരും ദിവസങ്ങളിലും വില കൂടുന്നതിനു കാരണമായേക്കും.
ടയര്‍ കമ്പനികളുടെ കൈവശം ആവശ്യത്തിനു സ്റ്റോക്കില്ലാത്തതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ടാപ്പിങ് നടക്കാത്ത ഏപ്രില്‍, മേയ് മാസങ്ങളിലേക്കായി ടയര്‍ കമ്പനികള്‍ സാധാരണയായി വന്‍തോതില്‍ സ്റ്റോക്ക് ചെയ്യാറുണ്ട്.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ടയര്‍ കമ്പനികള്‍ സജീവമായിരുന്നില്ല.
ഈ മാസം 30 വരെ ഏഴര ശതമാനം തീരുവയില്‍ രാജ്യാന്തര വിപണിയില്‍ നിന്നു റബര്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അവസരമുണ്ട്. വരും മാസങ്ങളില്‍ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നതോടെ വില കുതിച്ചുയരും.
Close...
Maximum Character Allowed -
4000