Tuesday, May 22, 2012   11:02 PM IST
Vaartha BlogRSS
Loading
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
Published : Wednesday, March 23, 2011
|
  
Text Size
തിരുവനന്തപുരം

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായെങ്കിലും പ്രതിഷേധം ശക്തമാകുന്നു. വിമത ശല്യവും ഘടകകക്ഷികളുടെ അതൃപ്തിയും കോണ്‍ഗ്രസിനു തലവേദനയായിരിക്കുകയാണ്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങളെ അവഗണിച്ചെന്നു കരുണാകരവിഭാഗം ആരോപിച്ചു. പത്മജയ്ക്കു സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രകടനം നടത്തി. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പത്മജയുടെ വീട്ടില്‍ യോഗം ചേരുകയാണിവര്‍.

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ എഎല്‍എ ശോഭന ജോര്‍ജ് റിബല്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ചു. പി.സി. വിഷ്ണുനാഥാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ചെങ്ങന്നൂരില്‍ ഹാട്രിക് വിജയം നേടിയ ശോഭനയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു തലവേദന സൃഷ്ടിക്കും.

യുഡിഎഫ് നല്‍കിയ മൂന്നു സീറ്റുകള്‍ സ്വീകാര്യമല്ലെന്നു സിഎംപിയും വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നതുള്‍പ്പെടെയുളള കടുത്ത തീരുമാനമുണ്ടാകുമെന്നാണു മുന്നറിയിപ്പ്.

ഇതിനിടെ ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്ത ജയറാം പാര്‍ട്ടിക്കെതിരേ പരാതിയുമായി രംഗത്തെത്തി. മണ്ഡലത്തില്‍ പ്രചരണം നടത്താന്‍ പാര്‍ട്ടി അനുവദിക്കില്ലെന്നാണു പരാതി. എം.ആര്‍. മുരളിക്കു വേണ്ടിയാണ് ഈ നീക്കമെന്നും പരാതിയില്‍ ആരോപിക്കുന്നു.

പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്‍റ് എ.വി. ഗോപിനാഥ് തുടര്‍ച്ചയായ രണ്ടാം ദിവസവും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ എ.റ്റി. ബെന്നിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേയും കോഴിക്കോട് ടി. സിദ്ദിഖിന്‍റെ സ്ഥാനാര്‍ഥിത്വം അവശ്യപ്പെട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

എം.എം. ഹസനു സീറ്റു നിഷേധിച്ചതില്‍ ജനശ്രീ മിഷന്‍ പ്രതിഷേധിക്കുകയും പ്രസ്താവനയിറക്കുകയും ചെയ്തു. തൃത്താല സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെതിരെയും ഒരു വിഭാഗം പ്രകടനം നടത്തി.

സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം എ വിഭാഗത്തിനാണെന്ന ആരോപണവും ശക്തമാണ്. ഈ അസ്വാസ്ഥ്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലെ പോലും വിജയത്തിനു വിലങ്ങുതടിയായിരിക്കുകയാണ്.
Rate This News :
Latest News