Tuesday, May 22, 2012   11:04 PM IST
Vaartha BlogRSS
Loading
സുരേന്ദ്രന്‍പിള്ള ബഹുദൂരം മുന്നില്‍
Published : Thursday, March 24, 2011
|
  
Text Size
അതിരാവിലെ തുടങ്ങിയ പ്രചാരണം ചെറിയ ഉച്ചവിശ്രമത്തിനു ശേഷം പുനരാരംഭിക്കുമ്പോഴും വി. സുരേന്ദ്രന്‍പിള്ള എംഎല്‍എ ഊര്‍ജസ്വലനായിരുന്നു. മണ്ഡലം നിലനിര്‍ത്തുമെന്ന വാശിയോടെയും ആത്മവിശ്വാസത്തോടെയുമാണ് സിറ്റിങ് എംഎല്‍എയുടെ വോട്ടഭ്യര്‍ഥന. പ്രവര്‍ത്തകരോടൊപ്പം ജംക്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള വോട്ടഭ്യര്‍ഥനയാണ് ഈഘട്ടത്തില്‍. മുപ്പതോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ പിള്ളയെ അനുഗമിക്കുന്നു.

കടകളും കച്ചവടസ്ഥാപനങ്ങളും കയറിയിറങ്ങി സുരേന്ദ്രന്‍പിള്ള വോട്ടഭ്യര്‍ഥിക്കുന്നു, ഒപ്പം സമീപത്തെ വീടുകളിലും. ശ്രീവരാഹം ജംക്ഷനിലെ കച്ചവടസ്ഥാപനങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം സുരേന്ദ്രന്‍പിള്ള സന്ദര്‍ശിച്ചത്. എംഎല്‍എ എന്ന നിലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം മണ്ഡലത്തില്‍ സുരേന്ദ്രന്‍പിള്ളയെ സുപരിചിതനാക്കിയിരിക്കുന്നു. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞുകഴിഞ്ഞു. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്നു പൂര്‍ത്തിയാകും.

അടുത്തഘട്ടത്തില്‍ 148 ബൂത്തുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തുമെന്നു സുരേന്ദ്രന്‍പിള്ള. ഇതിനിടയില്‍ കോര്‍ണര്‍ മീറ്റിങുകളും കുടുംബയോഗങ്ങളും നടക്കും. ഒന്നാംതീയതിക്കു ശേഷം വാഹനപ്രചരണം ആരംഭിക്കും.

എതിര്‍ സ്ഥാനാര്‍ഥികളെക്കാള്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നിലായത് തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കുമെന്നു സുരേന്ദ്രന്‍പിള്ള പറയുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എംഎല്‍എയെന്ന നിലയിലുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് വിജയത്തിനു സഹായിക്കും. ജനങ്ങളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നെതെന്നും പിള്ള.

തെരഞ്ഞെടുക്കപ്പെട്ടാല്‍ വലിയതുറ ഫിഷിങ് ഹാര്‍ബറിന്‍റെ നിര്‍മാണം ആരംഭിക്കുന്നതിനു പ്രഥമപരിഗണന നല്‍കുമെന്നു പിള്ളയുടെ വാഗ്ദാനം. യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാര്‍ അടുത്ത സ്നേഹിതനാണെങ്കിലും പലകാര്യങ്ങള്‍ക്കും അദ്ദേഹത്തിനു ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നു സുരേന്ദ്രന്‍പിള്ള ഓര്‍മപ്പെടുത്തുന്നു. തലസ്ഥാനത്തിന്‍റെ എംപി ആയിരുന്നിട്ടും കേന്ദ്ര നിക്ഷേപം കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ശിവകുമാര്‍ പരാജയമായിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൊന്നും കേന്ദ്രസഹായം ഉറപ്പാക്കാന്‍ എംപിയെന്ന നിലയില്‍ ശിവകുമാറിനു കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍പിള്ള ആരോപിക്കുന്നു.
Rate This News :
Latest News