കിവികളുടെ ചിറകരിയുമോ?
Published : Friday,
March 25,
2011
മിര്‍പുര്‍
കിരീടവുമായേ മടക്കമുള്ളൂ എന്ന ദൃഢപ്രതിഞ്ജയ്ക്കൊത്ത് കളിക്കുന്ന ദക്ഷിണാഫ്രിക്ക ഇന്ന് ക്വാര്‍ട്ടര്‍ പോരിനിറങ്ങും. പല ലോകകപ്പുകളിലും കറുത്ത കുതിരകളുടെ ലേബല്‍ സ്വന്തമാക്കിയിട്ടുള്ള ന്യൂസിലന്‍ഡാണ് മിര്‍പുരിലെ ഷെര്‍ ഇ- ബംഗ്ലാ സ്റ്റേഡിയത്തില്‍ ഗ്രെയിം സ്മിത്തിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. തപ്പിയും തടഞ്ഞും ക്വാര്‍ട്ടറിലെത്തിയ കിവീസിന്‍റെ ചിറകരിഞ്ഞ് സെമിയിലെത്തി കിരീടത്തിലേക്ക് ഒരുപടികൂടി അടുക്കുകയെന്ന ലക്ഷ്യം ആഫ്രിക്കന്‍ രാജ്യത്തെ മുന്നോട്ടുനയിക്കുന്നു. മത്സരം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍.
ദക്ഷിണാഫ്രിക്ക
ഗ്രൂപ്പ് മത്സരങ്ങളില്‍ വെസ്റ്റിന്‍ഡീസിനെയും ഹോളണ്ടിനെയും തച്ചുതകര്‍ത്ത് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരേ തോല്‍വി വഴങ്ങി. ഇതോടെ പതിവുപോലെ പടിക്കല്‍ കലമുടയ്ക്കാന്‍ തയാറെടുക്കുന്നു സ്മിത്തും സംഘവുമെന്ന ആരോപണം ഉയര്‍ന്നു. എന്നാല്‍, ഇന്ത്യയെയും അയര്‍ലന്‍ഡിനെയും ബംഗ്ലാദേശിനെയും കീഴടക്കി തലയുയര്‍ത്തി ക്വാര്‍ട്ടറിലെത്തി, തങ്ങളെ ഇനിയതിനു കിട്ടില്ലെന്ന സൂചനയേകുകയായിരുന്നു അവര്‍. 1992, 1996, 1999 വര്‍ഷങ്ങളില്‍ സെമിയിലെത്തിയ അവര്‍ കലാശക്കളിക്കു യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.
ടീം ന്യൂസ്
സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സ് പരുക്കില്‍ നിന്ന് പൂര്‍ണമുക്തന്‍. എന്നാല്‍, വിക്കറ്റ് കീപ്പിങ് ഗ്ലൗ മോണി വാന്‍ വൈക്കിനു നല്‍കും. അങ്ങനെ വന്നാല്‍ ഫൈനല്‍ ഇലവനില്‍ നിന്ന് ഫാഫ് ഡു പ്ലെസിസ് പുറത്താകും. ഡെയ്ല്‍ സ്റ്റെയ്നും മോണി മോര്‍ക്കലും മൂന്ന് സ്പിന്നര്‍മാരും ഉള്‍പ്പെട്ടതാകും ബൗളിങ് അറ്റാക്ക്.
ന്യൂസിലന്‍ഡ്
ലോകകപ്പിനു മുന്‍പുള്ള മോശം പ്രകടനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട വിജയങ്ങളുമായാണ് എ ഗ്രൂപ്പില്‍ നിന്ന് കിവീസ് ക്വാര്‍ട്ടറിലെത്തിയത്. നാലു മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഓസീസിനും ശ്രീലങ്കയ്ക്കുമെതിരേയുള്ള പോരാട്ടങ്ങളില്‍ തോല്‍വി വഴങ്ങി. ഗ്രൂപ്പ് ചാംപ്യന്‍മാരായ പാക്കിസ്ഥാനെ 110 റണ്‍സിന് കീഴടക്കിയതാണ് കിവീസിന്‍റെ ഗ്രൂപ്പിലെ തിളക്കമുറ്റ ജയങ്ങളിലൊന്ന്.
ടീം ന്യൂസ്
കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബ്രെണ്ടന്‍ മക്കല്ലം മുക്തന്‍. ക്യാപ്റ്റന്‍ ഡാനിയെല്‍ വെറ്റോറിയും തിരികെയെത്തും. പരുക്കിന്‍റെ പിടിയിലാണെങ്കിലും ടിം സൗത്തിക്കൊപ്പം പേസ് അറ്റാക്കില്‍ പങ്കാളിയാകുക കെയ്ല്‍ മില്‍സ് തന്നെയാകുമെന്ന് ഉറപ്പ്.
പിച്ച് ആന്‍ഡ് കണ്ടീഷന്‍
സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചാകും മിര്‍പുരിലേത്. പുല്ലുനിറഞ്ഞ പിച്ചാണെങ്കിലും ഈ സ്പിന്‍ സൗഹൃദത്തിനു മാറ്റമുണ്ടാകില്ല. ചൂടേറിയ കാലവസ്ഥ പ്രതീക്ഷിക്കാം.
Close...
Maximum Character Allowed -
4000