Tuesday, May 22, 2012   11:08 PM IST
Vaartha BlogRSS
Loading
വിഴിഞ്ഞം: ലേല തീയതി നീട്ടി
Published : Friday, April 01, 2011
|
  
Text Size
വിഴിഞ്ഞം

കീഴാറൂര്‍ പ്രകാശ്

സംസ്ഥാനത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ടെന്‍ഡറില്‍ ലേലരേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടാന്‍ തുറമുഖ കമ്പനി തീരുമാനം.

മേയ് ഏഴാണു പുതുക്കിയ തിയതി. ടെന്‍ഡറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ റിക്വസ്റ്റ് ഫൊര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി) ഏപ്രില്‍ 17വരെ സ്വീകരിക്കാനായിരുന്നു മുന്‍ തീരുമാനം. ആര്‍എഫ്പി സമര്‍പ്പിക്കുന്നതിനു കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ ത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ആര്‍എഫ്പി സമര്‍പ്പണ തിയതി നീട്ടാന്‍ വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന് അനുമതി നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണു പുതിയ വിഴിഞ്ഞം ടെന്‍ഡറിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. പ്രാഥമിക ടെന്‍ഡറായ റിക്വസ്റ്റ് ഫൊര്‍ ക്വാളിഫിക്കേഷനില്‍ 14 കമ്പനികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ 12 കമ്പനികള്‍ അന്തിമ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി.

റിലയന്‍സ്, ജിഎംആര്‍, ജിവികെ, മുന്‍ദ്ര പോര്‍ട്ട്, എസ്സാ ര്‍, ഗ്ലോബല്‍ യാത്രിം ആന്‍ഡ് എസ്ടിഎഫ്എ കണ്‍സോര്‍ഷ്യം, ജയ്പ്രകാശ് അസോസിയേറ്റ്സ്, പട്ടേല്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് ലിമാര്‍ക്ക് കണ്‍സോര്‍ഷ്യം, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, വെല്‍സ്പന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ലെയ്ട്ടന്‍ കോണ്‍ട്രാക്റ്റേഴ്സ് കണ്‍സോര്‍ഷ്യം, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, സ്കില്‍ ഇന്‍ഫ്ര ആന്‍ഡ് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നിവയാണ് ആര്‍എഫ്പി സമര്‍പ്പിക്കുന്നതിനുള്ള യോഗ്യത നേടിയത്. ടെക്നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും സമര്‍പ്പിക്കുന്നതിനു മുന്നോടിയായി വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള മാര്‍ക്കറ്റിങ് സര്‍വെ നടത്തുന്ന തിരക്കിലാണ് ആര്‍എഫ്ക്യു നേടിയ 12 കമ്പനികളും.

കാവല്‍ മന്ത്രിസഭയായതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാരിനു വിഴിഞ്ഞം ടെന്‍ഡര്‍ അവാര്‍ഡ് ചെയ്യാന്‍ കഴിയില്ല. മേയില്‍ അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാരിനു മുന്നിലെത്തുന്ന സുപ്രധാന ഫയലുകളിലൊന്നാകും വിഴിഞ്ഞം ടെന്‍ഡര്‍.

ആര്‍എഫ്പി സമര്‍പ്പിക്കുന്നവരില്‍ നിന്നും ഏറ്റവും യോഗ്യതയുള്ള കമ്പനിയെ അവാര്‍ഡ് ചെയ്യുക, കേന്ദ്രസര്‍ക്കാരിന്‍റെ സെക്യൂരിറ്റി ക്ലിയറന്‍സും എന്‍വയണ്‍മെന്‍റ് ക്ലിയറന്‍സും നേടുക എന്നിവ പുതിയ സര്‍ക്കാര്‍ അധികാരമേറ്റാല്‍ മാത്രമേ നടക്കുകയുള്ളു. അടുത്തസര്‍ക്കാരിന്‍റെ വിഴിഞ്ഞം പദ്ധതിയോടുള്ള നിലപാട് അറിയാന്‍ ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നു. കോവളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ വിഷയമാണു വിഴിഞ്ഞം പദ്ധതി.
Rate This News :
Latest News