Tuesday, May 22, 2012   11:14 PM IST
Vaartha BlogRSS
Loading
ഗദ്ദാഫി സ്ഥാനമൊഴിയില്ല
Published : Wednesday, April 06, 2011
|
  
Text Size
ട്രിപ്പോളി

ലിബിയന്‍ നേതാവ് മുവമര്‍ ഗദ്ദാഫി സ്ഥാനമൊഴിയണമെന്ന പാശ്ചാത്യ ആവശ്യം അംഗീകരിക്കില്ലെന്നു സര്‍ക്കാര്‍. രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്കു തയാറാണ്. ലിബിയയെ ഒന്നിച്ചു നിര്‍ത്തുന്ന ശക്തിയാണ് ഗദ്ദാഫി. സൊമാലിയയിലും ഇറാക്കിലും സംഭവിച്ചതുപോലൊരു അധികാരശൂന്യതയുണ്ടാകാതിരിക്കാന്‍ അദ്ദേഹം തുടരേണ്ടത് അനിവാര്യമാണെന്നും ഗദ്ദാഫിയുടെ വക്താവ് മൂസ ഇബ്രാഹിം.

ഗദ്ദാഫിയുടെ രാജി ഒഴികെ ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്നും, സഖ്യസേന വ്യോമാക്രമണം തുടങ്ങിയ ശേഷം നടത്തുന്ന ആദ്യത്തെ വ്യക്തമായ പ്രതികരണത്തില്‍ ലിബിയന്‍ സര്‍ക്കാര്‍ അറിയിക്കുന്നു. എന്തു തരം രാഷ്ട്രീയ സംവിധാനമാണ് രാജ്യത്ത് ഏര്‍പ്പെടുത്തേണ്ടതെന്നും ചര്‍ച്ച ചെയ്യാമെന്ന് ഇബ്രാഹിം പറഞ്ഞു.

ഇതിനിടെ, എണ്ണ സമ്പന്ന നഗരമായ ബ്രെഗ തിരിച്ചുപിടിക്കാന്‍ വിമത സൈന്യം കടുത്ത പോരാട്ടം തുടരുകയാണ്. വ്യോമാക്രമണത്തില്‍നിന്ന് യുഎസ് ഫൈറ്റര്‍ വിമാനങ്ങള്‍ വിട്ടു നില്‍ക്കുന്നു. നഗരത്തിന്‍റെ പകുതിയും പിടിച്ചെടുത്തു കഴിഞ്ഞെന്നാണ് വിമത നേതാക്കള്‍ അവകാശപ്പെടുന്നത്. വന്‍ സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് ഈ നഗരത്തിന്‍റെ നിയന്ത്രണം സ്വന്തമാക്കുന്നതില്‍ ഇരുപക്ഷവും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നത്.

ഗദ്ദാഫിയുടെ ടാങ്ക് വ്യൂഹത്തിനു നേരേ സഖ്യസേന ആക്രമണം നടത്തിയതിനു പിന്നാലെ വിമത സൈന്യം നഗരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണ ശുദ്ധീകരണശാലയില്‍നിന്നു വേറിട്ടു നില്‍ക്കുന്ന ജനവാസ കേന്ദ്രമായ ന്യൂ ബ്രേഗയിലെ തെരുവുകളിലാണ് വിമതര്‍ ഇപ്പോള്‍.

ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് ഉല്‍ ഇസ്ലാം രാജ്യത്തിന്‍റെ ഭരണാധികാരിയായി ചുമതലയേല്‍ക്കുന്ന സമാധാന ഉടമ്പടി സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. ഇതു വിമതര്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഗദ്ദാഫി ഒഴിയില്ലെന്ന പ്രഖ്യാപനം. രാജ്യത്തെ ഗോത്രവര്‍ഗങ്ങളെയും മറ്റു വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്നും, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ രാജ്യത്തെ ജനാധിപത്യത്തിലേക്കും സുതാര്യ ഭരണക്രമത്തിലേക്കും നയിക്കാന്‍ കഴിയൂ എന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്തിന്‍റെ സേഫ്റ്റി വാല്‍വ് എന്നാണ് ഗദ്ദാഫിയെ അവര്‍ വിശേഷിപ്പിക്കുന്നത്.

സര്‍ക്കാര്‍ സൈന്യം സിവിലിയന്‍മാരെ കൊന്നൊടുക്കുന്നു എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ വക്താവ് തള്ളി. സായുധ കലാപത്തെയാണ് സൈന്യം നേരിടുന്നത്. രാജ്യത്തിനെതിരേ ആയുധമെടുക്കുന്നവരെ സിവിലിയന്‍മാരെന്നു വിളിക്കാനാവില്ലെന്നും മൂസ ഇബ്രാഹിം.

ഇതിനിടെ, ഗദ്ദാഫിയുടെ പിന്‍ഗാമിയെന്നു ദീര്‍ഘകാലമായി വിശേഷിപ്പിക്കപ്പെടുന്ന മകന്‍ സെയ്ഫ് ട്രിപ്പോളിയിലെ ഒരു ഹോട്ടലില്‍വച്ച് ബിബിസിക്ക് അഭിമുഖം നല്‍കിയിട്ടുണ്ട്.

വിദേശകാര്യമന്ത്രി മൂസ കൗസ ഗദ്ദാഫിയെ വഞ്ചിച്ചിട്ടില്ലെന്നും, ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യം വിട്ടതെന്നും സെയ്ഫ് അതില്‍ അവകാ ശപ്പെടുന്നു.
Rate This News :
Latest News