Tuesday, May 22, 2012   11:15 PM IST
Vaartha BlogRSS
Loading
കമ്മിഷന്‍ അന്വേഷണം തുടങ്ങി
Published : Friday, April 08, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

സര്‍വീസില്‍നിന്നു വിരമിച്ച രജിസ്ട്രേഷന്‍ ഐജിയുടെ ഓഫിസും കാറും ചാണക വെള്ളം തളിച്ചു ശുദ്ധീകരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് 31നാണു രജിസ്ട്രേഷന്‍ ഐജി എ.കെ. രാമകൃഷ്ണന്‍ വിരമിച്ചത്. അടുത്ത ദിവസം രാവിലെ, അദ്ദേഹം ഉപയോഗിച്ചിരുന്ന കാറും ഓഫിസും ജീവനക്കാരില്‍ ചിലര്‍ ചാണകവെള്ളം തളിച്ചു ശുദ്ധീകരിച്ചുവെന്നാണു പരാതി. ഇതുസംബന്ധിച്ചു നാലാം തീയതി ഫാക്സ് മുഖേനയും അഞ്ചിനു നേരിട്ടും രാമകൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് നികുതി സെക്രട്ടറിയോടു വിശദീകരണം ചോദിച്ചു. മേയ് ഏഴിനു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിര്‍ എന്‍. ദിനകര്‍ നികുതി സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. പട്ടികജാതിക്കാരനാണെന്ന കാരണത്താല്‍ താന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മുറിയും കാറും ഏപ്രില്‍ രണ്ടിനു ചാണവെള്ളം തളിച്ചു ശുദ്ധീകരിച്ചതായി വിവരം ലഭിച്ചെന്നാണു മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നത്.

കണിക സമുദായ അംഗമായ താന്‍ വകുപ്പു തലവനായിരുന്ന ഓഫിസും പരിസരവും അശുദ്ധമാക്കിയതിനാണു ശുദ്ധികലശം നടത്തിയതെന്നും രാമകൃഷ്ണന്‍റെ പരാതിയിലുണ്ട്. നിലവില്‍ രജിസ്ട്രേഷന്‍ ഐജിയുടെ ചുമതല വഹിക്കുന്ന ജോയിന്‍റ് ഐജി സംഭവം കണ്ടില്ലെന്നു നടിച്ചതായും രാമകൃഷ്ണന്‍ ആരോപിക്കുന്നു. പട്ടികജാതി-വര്‍ഗ പീഡനം തടയുന്നതിനും തന്‍റെ പൗരാവകാശം സംരക്ഷിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, ഡിജിപി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കും രാമകൃഷ്ണന്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴുയര്‍ന്നിട്ടുള്ള പരാതികള്‍ അടിസ്ഥാന രഹിതമാണെന്നു രജിസ്ട്രേഷന്‍ ഐജിയുടെ ചുമതല വഹിക്കുന്ന ജോയിന്‍റ് ഐജി പറഞ്ഞു. ചാണകവെള്ളം തളിച്ച സംഭവം രജിസ്ട്രേഷന്‍ ഓഫിസില്‍ നടന്നിട്ടില്ല. ഇതു തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഓഫിസിലുണ്ട്. ഓഫിസ് ജീവനക്കാരില്‍ ചിലരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനു വേണ്ടിയാണു മുന്‍ ഐജി ഇങ്ങനെയൊരു കള്ളക്കഥ മെനഞ്ഞത്.

ഇത്തരം വ്യാജ പ്രചരണത്തിലൂടെ ഹരിജന്‍ സംഘടനകളെ ജീവനക്കാര്‍ക്കെതിരേ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു മുന്‍ ഐജി നടത്തിയതെന്നും ജോയിന്‍റ് ഐജി പറഞ്ഞു.

ഇതിനിടെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഓഫിസിലേക്കു ഹരിജന്‍ സംഘടനകള്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്നു വഞ്ചിയൂര്‍ പൊലീസ്, ഓഫിസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചാണകവെള്ളം തളിച്ചതുമായി ബന്ധപ്പെട്ടു സ്റ്റേഷനില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു വഞ്ചിയൂര്‍ എസ്ഐ സതികുമാര്‍ പറഞ്ഞു.
Rate This News :
Latest News