Tuesday, May 22, 2012   11:18 PM IST
Vaartha BlogRSS
Loading
വേഷം മാറാന്‍ നിമിഷങ്ങള്‍
Published : Sunday, April 10, 2011
|
  
Text Size
വോട്ട് ചോദിക്കുന്നവരും വോട്ട് ചെയ്യിക്കുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്നവരും തങ്ങളുടെ ഭാഗം വേഷപ്പകര്‍ച്ചകള്‍ നന്നായി ആടിത്തിമിര്‍ത്ത് 2011 ഇലക്ഷന്‍ പ്രചാരണത്തിന് കൊടിയിറക്കമാകുന്നു. കത്തിവേഷമാടിയ 2006 അല്ല, വേഷംകെട്ട് വേണ്ട എന്ന് അച്യുതാനന്ദനോട് ആദ്യമേ പറഞ്ഞിരുന്നു യുഡിഎഫ്. എന്നാല്‍ കത്തി, കരി, താടിയും കൂടി ആടി അച്യുതാനന്ദന്‍ കളം കൊഴുപ്പിച്ചു. ഉമ്മന്‍ ചാണ്ടി വേഷമിട്ട് ബട്ടന്‍ കൊരുത്തുകഴിഞ്ഞില്ല, ചെന്നിത്തലയും അതേ വേഷത്തില്‍. രണ്ടു വേഷങ്ങളും കര്‍ട്ടനു പിന്നിലേക്കു നീക്കിയിരുത്തി ആന്‍റണി പാളത്തൊപ്പിയുമായി പഴയൊരു സത്യന്‍ സിനിമയിലെ റോളില്‍.

ചെങ്കൊടി നെഞ്ചോടുചേര്‍ത്ത് നിങ്ങളെന്നെ ഒരിക്കല്‍ക്കൂടി കമ്യൂണിസ്റ്റാക്കി എന്ന ഡയലോഗോടെ അച്യുതാനന്ദന്‍റെ വേഷം ആട്ടത്തിന്‍റെ പാരമ്യത്തില്‍. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷംകുടിച്ചു മരിച്ചേക്കരുത്. വിമോചന സമരകാലത്തെ ഓര്‍മിപ്പിച്ചു ഡയലോഗ്. പാര്‍ട്ടി വേറെ പാട്ടിയമ്മ വേറെ എന്ന ഡയലോഗ് മുന്‍ നാടകത്തിലായിരുന്നു. അതൊക്കെ വിട്ടു. ഇപ്പോള്‍ പുതിയ വേഷം, പുതുക്കിയ ഡയലോഗ്. നായകവേഷങ്ങള്‍ക്കു നടുവിലൂടെ ചില കോമഡിവേഷങ്ങളും എത്തി. കങ്കാളങ്ങളുടെ സെന്‍സസ് തിരക്കിനിടയിലും അഴീക്കോട്ടുനിന്ന് ഒരാള്‍. പഴയൊരു കണക്കുതീര്‍ക്കാന്‍ കിട്ടിയ വേഷം, അച്യുതാനന്ദനു മുന്നില്‍ അരച്ചാണ്‍ വയറിനുവേണ്ടി ഒരു ക്വട്ടേഷന്‍ പോരാളി.

ആനപ്രേമികള്‍, മണ്‍പാത്ര വില്‍പ്പനക്കാര്‍ മുതല്‍ സിബിഎസ്ഇ സ്കൂള്‍ മാനെജര്‍മാര്‍ വരെ വേഷവൈവിധ്യം നിറച്ചിട്ടുണ്ട്. തങ്ങളെ പരിഗണിച്ചില്ലെങ്കില്‍ വോട്ട് ചെയ്യാതെ തോല്‍പ്പിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തിയ ഒരുപിടി മുഹൂര്‍ത്തങ്ങള്‍. നര്‍മം ചാലിച്ച് കൈയടി നേടിയ ഒരു സവിശേഷ വേഷം വ്യാപാരികളുടെ പേരില്‍ നസിറുദീന്‍ സാഹിബ് നന്നായി കൈകാര്യം ചെയ്തു. ജയിച്ചാല്‍ എന്തൊക്കെ ചെയ്തുതരുമെന്ന് അദ്ദേഹം മുദ്രപത്രത്തില്‍ എഴുതിവാങ്ങി, കോണ്‍ഗ്രസുകാരോട്. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വോട്ടര്‍ക്ക് കോടതിയില്‍പ്പോയി നഷ്ടപരിഹാരം വാങ്ങാന്‍ ഉതകുന്നവിധം ഈ തമാശ അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ്, തെരഞ്ഞെടുപ്പ് നാടക ചരിത്രത്തിലെയും.

സീറ്റിന്‍റെ പേരില്‍ ആടിയ വേഷങ്ങള്‍ രസാവഹം. ശോഭന ജോര്‍ജ് ചിലങ്ക കെട്ടിയെങ്കിലും തുള്ളാന്‍ തുടങ്ങുംമുന്‍പ് കാലുളുക്കി. മാണി ആദ്യം മദയാനയായും പിന്നീട് മാടപ്രാവായും അരങ്ങില്‍. ചൂണ്ട ചുരുട്ടിവയ്ക്കാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ ചൂണ്ടയിട്ടുകൊണ്ടിരുന്ന ഹസന്‍റെ അധികജോലി സമരം. ഹസനിസ്റ്റ് ചൂണ്ടയില്‍ കൊത്താതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. കെ.കെ. രാമചന്ദ്രന്‍റെ രംഗം ശോകാര്‍ദ്രം. കണ്ണീര്‍ നിറവ്. രാമചന്ദ്രന്‍ ഇപ്പോള്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് മുരളി. ഓ തമ്പ്രാ..! മുരളി ഒന്നു തിരിച്ചുവന്നുകാണാന്‍ വ്രതമെടുത്ത് കഴിഞ്ഞുപോന്നതാണ്. വന്നപ്പോള്‍ രാമചന്ദ്രന് കഞ്ഞി വീണ്ടും കയ്യാലപ്പുറത്ത്.

മൂന്നുരൂപയുമായി മൂന്നുവര്‍ഷം പിന്നാലെ നടന്നിട്ട് മുരളിക്ക് കിട്ടിയ കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് സിന്ധു ജോയിക്ക് രമേശ് ചെന്നിത്തല കുത്തിക്കൊടുത്തത് മൂന്നു മിനിറ്റുകൊണ്ട്. ഉമ്മച്ചാ എന്ന് അട്ടഹസിച്ച് ഇതില്‍ ഒരാള്‍ മുന്‍ നാടകത്തില്‍ നിലപാട് നിന്നത് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീടിന്‍റെ ഉമ്മറമുറ്റത്ത്. മറ്റേയാള്‍ കേരളം മുഴുവന്‍ നടന്ന് ആര്‍ത്തുവിളിച്ചു. എടുത്തോളാമെന്നു രണ്ടുപേരും കട്ടായം പറഞ്ഞു. ഒടുവില്‍ എടുത്തു. കോണ്‍ഗ്രസില്‍. സിന്ധുവിന്‍റെ വേഷപ്പകര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിക്കു വോട്ട് ചെയ്യരുതെന്നു നേരത്തേ പറഞ്ഞവരോട് ഒരു തിരുത്ത്. വോട്ട് നമ്മുടെ ഉമ്മന്‍ ചാണ്ടിക്കു മാത്രം.

അച്യുതാനന്ദന് സീറ്റ് കൊടുത്തില്ലെങ്കില്‍ പ്രകാശ് കാരാട്ടിനെ ഡൈവോഴ്സ് ചെയ്യുമെന്നു വൃന്ദ കാരാട്ട് ഭീഷണിപ്പെടുത്തിയപ്പോഴാണ് സീറ്റ് ഉറച്ചതെന്ന് സിന്ധുവിന്‍റെ കഥാപാത്രം തട്ടിമൂളിക്കുന്നു. അല്ലെങ്കില്‍ യെച്ചൂരിയുടെ കൂടെ ഇറങ്ങിപ്പോകുമെന്നും വൃന്ദ പറഞ്ഞാരുന്നോ ചേടത്തീ എന്ന് വിദൂഷകന്‍റെ ആത്മഗതം. വിപ്ലവ വനിത ഒഴിഞ്ഞുപോയതില്‍ വിദൂഷകന്‍ ഒരു ഭാഗത്ത് ആശ്വാസം കാണുമ്പോള്‍ മറുഭാഗത്ത് ഉണ്ടോ ഒരു ഭയം ഉയരുന്നു. തമ്പ്രാന്‍ മരിച്ചാല്‍ കിണ്ടിയില്‍ വെള്ളവുമായി തമ്പ്രാട്ടിക്കു പകരം കരയാനിരിക്കുന്ന എത്രയെത്ര വേഷപ്പകര്‍ച്ചകള്‍ കൂടി ഈ തെരഞ്ഞെടുപ്പ് നാടകത്തിന്‍റെ അവസാനരംഗത്ത് ഇനി കാണാന്‍.
Rate This News :
Latest News