Wednesday, May 23, 2012   7:43 AM IST
Vaartha BlogRSS
Loading
yours ഭാഗ്യരാജ്
Published : Tuesday, April 26, 2011
|
  
Text Size
ശാരിക ശങ്കര്‍

ഒക്കത്ത് ഒരു കുട്ടി, ഒരു കൈയില്‍ പെട്ടി, മറു കൈയില്‍ കിടക്കയും തലയിണയുമൊക്കെ അടക്കിപ്പിടിച്ചിരിക്കുന്നു...എണ്‍പതുകളുടെ തുടക്കത്തില്‍ കെ. ഭാഗ്യരാജിനെ സ്ക്രീനില്‍ കണ്ടത് ഓര്‍ക്കുകയായിരുന്നു. അപ്പോഴേക്ക് മനസില്‍ ഇളയരാജയുടെ ഈണങ്ങള്‍ ആരോ മൂളിത്തുടങ്ങി. വാ..വാ..വാത്തിയാരേ വാ, കണ്ണെത്തുറക്കണം സാമീ..., ചിന്നഞ്ചിരുക്കുയിലേ...

ഭാരതിരാജയുടെ സൂപ്പര്‍ ഹിറ്റ് കിഴക്കേ പോകും റെയിലിന്‍റെ സ്ക്രിപ്റ്റില്‍ അസിസ്റ്റ് ചെയ്തു തുടങ്ങിയ ഭാഗ്യരാജ് പിന്നെ സംവിധാനത്തിലേക്കും അഭിനയത്തിലേക്കും കടന്നു പോയി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം പിന്നെ നായകനും. എണ്‍പതുകളില്‍ മുന്താണെ മുടിച്ച്, അന്ത ഏഴ് നാള്‍കള്‍, ചിന്നവീട്..ഹിറ്റുകള്‍ ഏറെ. ഇപ്പോഴും അഭിനയത്തിലും സംവിധാനത്തിലും സജീവം. മി. മരുമകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണു കേരളത്തിലേക്കുള്ള ഭാഗ്യരാജിന്‍റെ വരവ്. സെറ്റിലേക്ക് ഭാഗ്യരാജ് എത്തി. സ്ക്രീനില്‍ കാണുന്നതു പോലുള്ള വേഗത്തിലുള്ള നടത്തം. ഡയലോഗ് ഡെലിവറിയിലെ അതേ വേഗതയുണ്ട് സംസാരത്തിലും എന്ന് പിന്നീടു മനസിലായി.

മലയാളം എന്നുമിഷ്ടം

സംസാരിച്ചു തുടങ്ങിയതു തന്നെ കേരളത്തെക്കുറിച്ചാണ്. അതിനു കാരണമുണ്ട്. അന്ത ഏഴു നാള്‍കളിലെ പാലക്കാട്ട് മാധവന്‍ എന്ന കഥാപാത്രം. പിന്നെ ഓര്‍ക്കുന്നില്ലേ ചിന്നവീട് എന്ന ചിത്രത്തില്‍ അമ്മുക്കുട്ടി എന്ന അയല്‍ക്കാരി പെണ്ണിനു മുന്നിലൂടെ ഓമലാളേ കണ്ടു ഞാന്‍ പൂനിലാവില്‍...എന്ന പാട്ടു പാടി നടക്കുന്ന കഥാപാത്രം. ആ പാട്ടിനെക്കുറിച്ചോര്‍മിപ്പിച്ചപ്പോള്‍ ഭാഗ്യരാജ് ചിരിച്ചു.

കോയമ്പത്തൂരിനടുത്തെ ഗോപിചെട്ടിപ്പാളയത്ത് ജനിച്ച ഭാഗ്യരാജിന് ചെറുപ്പത്തില്‍ത്തന്നെ മലയാളത്തോട് അടുപ്പമുണ്ട്. പാലക്കാട് നിന്നെത്തുന്ന മലയാളികള്‍ ഭാഗ്യരാജിനു കൂട്ടായി. പിന്നീട് കോടമ്പാക്കത്ത് എത്തി സിനിമയില്‍ ഒരവസരത്തിനായി കഷ്ടപ്പെടുമ്പോഴും മലയാളികളായിരുന്നു സുഹൃത്തുക്കള്‍. മണി, വിക്രം തുടങ്ങിയ കൂട്ടുകാര്‍ അന്ന് ഏറെ സഹായിച്ചു. അവര്‍ മലയാളം സംസാരിക്കുന്നതുകേട്ട് ഭാഷ നന്നായി പഠിച്ചു. പിന്നീട് സിനിമയില്‍ സജീവമായപ്പോഴും മലയാളത്തെ പലപ്പോഴും ഒപ്പം കൂട്ടി ഭാഗ്യരാജ്.

മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണു വര്‍ഷങ്ങളായി മനസിലുള്ള ഒരാഗ്രഹം. മനസില്‍ ഒരു കഥ ജനിക്കണം, അതു കഴിഞ്ഞാല്‍ ബാക്കിയെല്ലാം സംഭവിക്കും. ഇവിടേക്ക് അഭിനയിക്കാന്‍ വരുമ്പോഴും സന്തോഷമാണ്. തമിഴ് സിനിമയിലെപ്പോലെ രണ്ടു താരങ്ങളോ കൊമേഡിയന്മാരോ തിരക്കഥാകൃത്തുക്കളോ തമ്മിലുള്ള ഈഗോ ഇവിടെയില്ല. അതാണു സന്തോഷവും. മുന്താണെ മുടിച്ചിന്‍റെ വിജയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രേം നസീര്‍, മധു തുടങ്ങി താരനിര തന്നെ എത്തിയതും പിന്നീട് പലതവണ കേരളത്തിലേക്കു വന്നതും തെളിവാര്‍ന്ന ഓര്‍മകള്‍.

കഥ താന്‍ ഹീറോ

തിരക്കഥയുടെ ചക്രവര്‍ത്തിയെന്നു വിളിക്കാം ഭാഗ്യരാജിനെ. ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന എത്രയോ മനോഹര ചിത്രങ്ങള്‍. ഒന്നും ഒന്നിനോടു സാമ്യപ്പെടുത്താനാവില്ല. സംവിധായകനും തിരക്കഥാകൃത്തും മിക്കവാറും നായകനും ഒരാള്‍ തന്നെ. കഥാപാത്രങ്ങളെല്ലാവരും പരിചിതര്‍. ഭാരതിരാജയുടെ പ്രണയത്തിന്‍റെ തീവ്രത അറിയിച്ച ചിത്രങ്ങളില്‍ സഹായിയായി തുടങ്ങിയ ഭാഗ്യരാജിനെ ആ സ്കൂള്‍ ഒഫ് ഫിലിം മേക്കിങ് കീഴടക്കിയതേയില്ല. ഒന്നില്‍ത്തന്നെ തുടരാതെ വ്യത്യസ്തത പരീക്ഷിച്ചു. എന്നിട്ടും റിയലിസ്റ്റിക് സിനിമയുടെ തട്ടകത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിച്ചില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ഭാഗ്യരാജിന്‍റെ ചിത്രങ്ങളിലൂടെ സിനിമയ്ക്കു പുതിയ നിര്‍വചനങ്ങള്‍ കണ്ടെത്തി ഓരോ പ്രേക്ഷകനും. കണ്ടുമടുത്ത സങ്കേതങ്ങളില്‍ നിന്ന്, കഥയില്‍ നിന്ന്, കോമഡിയില്‍ നിന്ന് പുതുമയുടെ ഗന്ധം അറിഞ്ഞു.

കന്നി പരുവത്തിലേ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതു മുതല്‍ സുവര്‍ ഇല്ലാത ചിത്തിരങ്ങള്‍, മൗനഗീതങ്ങള്‍, അന്ത ഏഴു നാള്‍കള്‍... ഇതിനിടെ ഒരു കൈതിയിന്‍ ഡയറി എന്ന ചിത്രം ആഖ്രീ രാസ്ത എന്ന പേരില്‍ അമിതാഭ് ബച്ചനെ നായകനാക്കി ഹിന്ദിയില്‍ സംവിധാനം ചെയ്തു. തന്‍റെ മുന്‍ഗാമികളെ കൃത്യമായി നിരീക്ഷിച്ച് അവരില്‍ നിന്ന് വ്യത്യസ്തനായി ചിന്തിക്കാന്‍ കഴിഞ്ഞതാണു ഭാഗ്യരാജിന്‍റെ വിജയം. സാങ്കല്‍പ്പിക ലോകത്തുള്ള സഞ്ചാരം കുറച്ച് ജീവിതത്തിലേക്കു നോക്കാന്‍ ശ്രമിച്ചു. താരങ്ങളെ മനസില്‍വച്ച് സിനിമയെടുക്കാന്‍ ഭാഗ്യരാജ് ശീലിച്ചില്ല. കഥയുണ്ടായാല്‍ അതിന് അഭിനേതാക്കളെ കണ്ടെത്തുകയായിരുന്നു രീതി.

നായികമാരെ തെരഞ്ഞെടുക്കുമ്പോഴും ഭാഗ്യരാജ് വ്യത്യസ്തനായി. സരിത, ഉര്‍വശി, അംബിക, രാധ തുടങ്ങി കല്‍പ്പനയുടെ നായകനായും ഈ നായകന്‍ തിളങ്ങി. ഒരിക്കലും നായികയ്ക്കു വേണ്ടി അലഞ്ഞില്ല. കഥാപാത്രമാകാന്‍ യോജിക്കുമെന്നു തോന്നിയവരെ കണ്ടെത്തി, അത്ര തന്നെ. അവിടെ ഒരിക്കലും സെന്‍റിമെന്‍റ്സ് കാണിച്ചില്ല. പേഴ്സനാലിറ്റി നോക്കി അഭിനയിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നു ഭാഗ്യരാജ് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുന്നു.

ഇന്തക്കാലം സിനിമ റൊമ്പ ഫാസ്റ്റ്

എല്ലായിടത്തും വേഗതയാണിന്ന്. സിനിമയെ അതു വളരെപ്പെട്ടെന്നു ബാധിച്ചു. സിനിമ റിലീസായാല്‍ ആദ്യയാഴ്ച തിയെറ്ററിലെത്തുന്നതു മുപ്പതു വയസില്‍ താഴെയുള്ളവര്‍. അവരുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം കുടുംബപ്രേക്ഷകര്‍ക്കു വരാന്‍. ചെറുപ്പക്കാരുടെ ഇഷ്ടം നോക്കേണ്ടി വരുമ്പോള്‍ സിനിമയും ഫാസ്റ്റാവുന്നു. ടക് ടക് ടക് എന്ന താളത്തിലെ പാട്ടുകളും ഫൈറ്റും റൊമാന്‍സും നിര്‍ബന്ധം. ഇടയില്‍ മാനസ മൈനേ പോലൊരു പാട്ടു വന്നാല്‍ ഇപ്പോള്‍ അതു സ്വീകരിച്ചു എന്നു വരില്ല. എന്നാല്‍ ഏതു പ്രായക്കാരനേയും പിടിച്ചിരുത്താന്‍ പാകത്തിലുള്ള കഥകള്‍ വന്നാല്‍ തിരക്കും സ്പീഡുമൊന്നും അവിടെ പ്രശ്നമാകില്ലെന്നു ഭാഗ്യരാജിന് വിശ്വാസമുണ്ട്. കഥയിലേക്കു പ്രേക്ഷകനേയും കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ഏതു സിറ്റുവേഷനിലേക്കും സംവിധായകനൊപ്പം സഞ്ചരിക്കാന്‍ അവര്‍ റെഡിയാവും.

ഇതൊരു സിനിമാകുടുംബം

പരസ്പരമുള്ള സ്നേഹവും വിശ്വാസവും ബഹുമാനവും അതിലാണു ഭാഗ്യരാജ് വിശ്വസിക്കുന്നത്. നടി പൂര്‍ണിമ ജയറാം ജീവിത സഖിയായി. വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ ശരണ്യയും മകന്‍ ശന്തനുവും സിനിമയിലേക്കു തന്നെയെത്തി. പാരിജാതം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ശരണ്യ പിന്നീട് മാറി നിന്നെങ്കിലും ശന്തനു അച്ഛന്‍റെ വഴിയില്‍ത്തന്നെയാണ്. സംവിധാനമാണ് മനസില്‍. സക്കരക്കട്ടിയിലൂടെ നായകനായി തുടക്കം. വിജയപരാജയങ്ങള്‍ ഒരു നായകനില്‍ അടിച്ചേല്‍പ്പിക്കാന്‍ ഭാഗ്യരാജില്ല. നല്ല കഥാപാത്രങ്ങളും സംവിധായകനും തിരക്കഥയും കിട്ടിയാല്‍ അഭിനേതാവിന്‍റെ സമയം തെളിയും. ശന്തനുവിന് നല്ല കഥാപാത്രങ്ങള്‍ കിട്ടാനിരിക്കുന്നതേയുള്ളെന്നു ഭാഗ്യരാജ് പറയുന്നു.

ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഷൂട്ടിങ്ങിനിടയില്‍ വീണു കിട്ടിയ സമയത്തിനുള്ളിലായിരുന്നു ഈ വര്‍ത്തമാനം. കഥകള്‍ ഏറെ, ജീവിതത്തിന്‍റേയും സിനിമയുടേയും. പാതിയില്‍ മുറിഞ്ഞ ഒരു സുന്ദരഗാനം പോലെ വര്‍ത്തമാനം അവസാനിപ്പിക്കേണ്ടി വന്നു. കൈയിലിരുന്ന പുസ്തകത്തിന്‍റെ ഒരു താളില്‍ ആ കൈയൊപ്പ് വാങ്ങി. യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ ആശംസാവാചകത്തിലാണ് ശ്രദ്ധിച്ചത്. ഒരു ഭാഗ്യരാജ് ചിത്രത്തിന്‍റെ ടൈറ്റില്‍ ആംഗലേയത്തില്‍ എഴുതിയ പോലെ, വിത്ത് ബെസ്റ്റ് വിഷസ്, യുവേഴ്സ് ഭാഗ്യരാജ്...
Rate This News :
Latest News