ചരക്കു കയറ്റുമതിക്കു തടസം
Published : Friday,
April 29,
2011
വിഴിഞ്ഞം
മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കൂട്ടത്തോടെ വിഴിഞ്ഞം തുറമുഖത്തെ കാര്‍ഗോ വാര്‍ഫില്‍ അടുപ്പിക്കുന്നതു ചരക്കു കയറ്റുമതിക്കു തടസമാകുന്നു. ചരക്കു കയറ്റാനെത്തുന്ന കപ്പലുകള്‍ ബര്‍ത്ത് ലഭിക്കുന്നതിനു മണിക്കൂറുകളോളം പുറങ്കടലില്‍ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍.
പോര്‍ട്ട് ഉദ്യോഗസ്ഥരെത്തി അനധികൃതമായി കാര്‍ഗോ വാര്‍ഫില്‍ അടുപ്പിച്ചിരിക്കുന്ന യാനങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണു കപ്പലുകള്‍ തുറമുഖത്തു നങ്കൂരമിടുന്നത്. കാര്‍ഗോ വാര്‍ഫില്‍ വലകളും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്നതും പതിവാണ്. അലക്ഷ്യമായിട്ടിരിക്കുന്ന ഇവയെ മറികടന്നാണു ചരക്കുകള്‍ കപ്പലില്‍ കയറ്റുന്നത്.
ഷെഡ്യൂള്‍ ചെയ്ത സമയത്ത് ചരക്കുമായി മടങ്ങാന്‍ കഴിയാത്തതിനാല്‍ കപ്പല്‍ ഏജന്‍റുമാര്‍ വിഴിഞ്ഞത്തെ തഴയുകയാണ്. പ്രതിമാസം 12ലേറെ കപ്പലുകള്‍ ചരക്കു കയറ്റാനെത്തിയിരുന്ന വിഴിഞ്ഞത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ ചരക്കു കപ്പലുകളാണെത്തുന്നത്. ശ്രീലങ്ക, മാലി, തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു വിഴിഞ്ഞത്തു നിന്നും ചരക്കു കയറ്റുമതി ചെയ്തിരുന്നത്. ഇപ്പോള്‍ മാലി കപ്പലുകള്‍ മാത്രമാണു വിഴിഞ്ഞത്തു വരുന്നത്. ഉരുളക്കിഴങ്ങ്, സവാള, ചെറിയ ഉള്ളി, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, തുടങ്ങിയ സാധനങ്ങളാണു വിഴിഞ്ഞത്തുനിന്നും മാലിയിലേക്കു കയറ്റി അയക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം വിഴിഞ്ഞം തുറമുഖത്തെ ഇറക്കുമതി നിലച്ചിട്ടു വര്‍ഷങ്ങളായി. കയറ്റുമതി ഏതു നിമിഷവും നിലയ്ക്കാവുന്ന സ്ഥിതിയിലേക്കു നീങ്ങുന്നു. ഗോഡൗണ്‍, ട്രാന്‍സിസ്റ്റ് ഷെഡ്, തൊഴിലാളികള്‍ക്കുള്ള വിശ്രമ മന്ദിരം, ടോയ്ലെറ്റ്, സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ പോര്‍ട്ടില്‍ ഒരുക്കണമെന്ന കപ്പല്‍ ഏജന്‍റുമാരുടെ ആവശ്യം ഇതുവരെ നടപ്പായില്ല.
വിഴിഞ്ഞം പോര്‍ട്ടിലെ തൊഴിലാളികള്‍ ആശങ്കയിലാണ്. വിഴിഞ്ഞം പോര്‍ട്ട് വികസനത്തിനു സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000