ഫുട്ബോള്‍ അങ്കിള്‍
Published : Sunday,
May 01,
2011
വി.കെ. അബ്ദുള്‍ കരീം
1962 ഒക്റ്റോബര്‍ 10,
ഇന്ത്യന്‍ എക്സ്പ്രസ്
വിംകോ സ്വാംപ് ഐസിഎഫ് 4-0
ടു മേക് എംയുസി ഫൈനല്‍
ഡിസൂസ സ്ലാംസ് ഇന്‍ ഫൈന്‍ ഹാട്രിക്
മദ്രാസ് വിംകോ സ്പോര്‍ട്സ് ക്ലബ്ബ് മധുര ഫുട്ബോള്‍ അസോസിയേഷന്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതിന്‍റെ ശീര്‍ഷകം
1966 ജൂലൈ 27,
ദ ഹിന്ദു
സ്പോര്‍ട്സ് പേജില്‍ ഒരു ഹോക്കി താരം ഗോളടിക്കുന്ന ചിത്രത്തിന്‍റെ ക്യാപ്ഷന്‍, പരിഭാഷ ഇങ്ങനെ, സ്റ്റേറ്റ് ബാങ്കിന്‍റെ ഡിസൂസയുടെ ഷോട്ട് ഗോള്‍വലയില്‍ പതിക്കുന്നതു നിസഹായനായി നോക്കുന്ന സി.ഐ.എല്‍ ഗോള്‍കീപ്പര്‍ അരുള്‍നാഥന്‍.
പഴക്കമുള്ള പത്രത്താളുകളുടെ വശങ്ങള്‍ കീറിത്തുടങ്ങിയിട്ടുണ്ട്. ഫുട്ബോളിന്‍റേയും ഹോക്കിയുടേയും നാല്‍പ്പതാണ്ട് പഴക്കമുള്ള വാര്‍ത്തകളില്‍ ആവര്‍ത്തിക്കുന്ന തിളക്കമാര്‍ന്ന ഒരു പേര് ഡിസൂസ, മുഴുവന്‍ പേര് റുഫസ് ഡിസൂസ. കാലിന്‍റെ ചടുല ചലനങ്ങളില്‍ നിന്നു ഹോക്കി സ്റ്റിക്കിന്‍റെ ദ്രുത താളങ്ങളിലേക്കുള്ള ജെഴ്സിപ്പകര്‍ച്ചകളില്‍ ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച താരം. ഒരു പക്ഷേ ഇന്ത്യയില്‍ ഇത്തരത്തിലൊരു നേട്ടം കൈവരിച്ച ഒരേയൊരു താരം. ഫുട്ബോളില്‍ നിന്നു ഹോക്കിയിലേക്കും മറിച്ചും കളം മാറുമ്പോഴും ഗാലറികള്‍ ആര്‍ത്തിരമ്പിയിരുന്നു ഡിസൂസയുടെ ഗോളിന്. അന്നത്തെ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാരാണ് അതു ശരിക്കും ആസ്വദിച്ചത്. ഒരു ദിവസം റുഫസ് ഡിസൂസയുടെ ബൂട്ടുകള്‍ ഗോള്‍ വര്‍ഷിച്ചു എന്നെഴുതും. തൊട്ടടുത്ത ദിവസം ഡിസൂസയുടെ ഹോക്കി സ്റ്റിക്കില്‍ നിന്ന് ഹാട്രിക് പിറന്നു എന്നെഴുതും. അറുപതുകളില്‍ തമിഴ്നാടിന്‍റെ ഫുട്ബോള്‍, ഹോക്കി ടീമുകളില്‍ ഒരേ സമയം കളിച്ച സൂപ്പര്‍സ്റ്റാര്‍. സന്തോഷ് ട്രോഫി കോച്ചിങ് ക്യാംപ് വരെയെത്തിയിട്ടും കേരളാ ടീമില്‍ കളിക്കാന്‍ ഇടം കിട്ടാതെ പോയ താരം. കളി മാത്രമല്ല അതിനപ്പുറം ചില തന്ത്രങ്ങള്‍ കൂടി വേണ്ടിയിരുന്നു സ്വന്തം സംസ്ഥാനത്തിന്‍റെ ജെഴ്സി അണിയാന്‍ എന്നു തിരിച്ചറിയാതെ, നിരാശയോടെ നാടുവിട്ട പാവം ഫോര്‍ട്ടുകൊച്ചിക്കാരന്‍.
ഏപ്രില്‍ 2011
മേട മാസത്തിലെ സൂര്യന്‍ കളിച്ചു തുടങ്ങുന്നതേയുള്ളൂ. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തു വെയില്‍ വീണു തുടങ്ങിയിട്ടില്ല. ഫുട്ബോളും ഹോക്കിയും ഒരേ സമയം കളിച്ചു നടന്ന അറുപതുകളിലെ താരത്തിനിപ്പോള്‍ പ്രായം എണ്‍പതിനോടടുത്തു. എന്നിട്ടും റുഫസ് ഡിസൂസയെ കാണാന്‍ രാവിലെ ഈ മൈതാനത്ത് എത്തിയാല്‍ മതി എന്നാണ് അറിഞ്ഞത്. ഫുട്ബോള്‍ കോച്ചിങ് ക്യാംപിന്‍റെ പ്രതീതി. ബൂട്ടു കെട്ടിയ കുട്ടികള്‍ കളിക്കുന്നു. അവര്‍ ഒരു എഴുപത്തൊമ്പതുകാരന്‍റെ നിര്‍ദേശങ്ങള്‍ക്കു കാതോര്‍ക്കുന്നു. കാലത്തെ അതിജീവിച്ച മനസുമായി അദ്ദേഹം ചില ഷോട്ടുകള്‍ കാണിച്ചു കൊടുക്കുന്നു. കുട്ടികള്‍ അദ്ദേഹത്തെ വിളിക്കുന്നതു ഫുട്ബോള്‍ അങ്കിള്‍ എന്ന്. അതെ, ഈ ഫുട്ബോള്‍ അങ്കിള്‍ തന്നെയാണു കഥാനായകന്‍ റുഫസ് ഡിസൂസ...
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ മണല്‍ത്തരികള്‍ക്കു പതിറ്റാണ്ടുകളായി റുഫസിനെ അറിയാം എന്നു പറയുന്നത് അതിശയോക്തിയല്ല. ആ വാക്കുകള്‍ക്ക് യഥാര്‍ഥത്തിലുള്ള അര്‍ഥം കിട്ടുകയാണ് . ഫോര്‍ട്ട് കൊച്ചി സെന്‍റ് ജോണ്‍ ബ്രിട്ടോ സ്കൂളില്‍ പഠിക്കുമ്പോള്‍ ബൂട്ട് കെട്ടിത്തുടങ്ങിയതാണ്. അന്ന് ഈ ഗ്രൗണ്ടില്‍ എത്രയോ മത്സരങ്ങള്‍. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി എല്ലാ ദിവസവും രാവിലെ ഇവിടെ കുട്ടികളെ പരിശീലിപ്പിക്കാന്‍ എത്തുന്നു. അതു മുടങ്ങിയിട്ടില്ല ഒരിക്കലും.
അച്ഛന്‍റേയും
അമ്മയുടേയും വഴി
സ്പോര്‍ട്സ് പാരമ്പര്യവും പേറി 1932ല്‍ ജനനം. അച്ഛന്‍ ലൂയിസ് ഡിസൂസ പ്രമുഖ ഹോക്കി ഗോള്‍ കീപ്പറായിരുന്നു. അമ്മ ഡെറോത്തി ഡിസൂസ ബാസ്ക്കറ്റ് ബോള്‍ താരം. ഹോക്കിയുടെ ആദ്യ പാഠങ്ങള്‍ അച്ഛനില്‍ നിന്ന്. ഫുട്ബോളില്‍ ദക്ഷിണ വച്ചതു ഫോര്‍ട്ട് കൊച്ചി യംഗ്സ്റ്റേഴ്സ് ക്ലബ്ബിലെ കെ. എം. അബൂക്കയുടെ പാദങ്ങളില്‍. ക്ലബ്ബ് തലത്തില്‍ നിന്ന് സ്റ്റേറ്റ് തലത്തിലേക്കുള്ള ഉയര്‍ച്ച പെട്ടെന്നായിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ തിരുക്കൊച്ചി സംസ്ഥാനത്തിന്‍റെ ക്യാപ്റ്റനായി പ്രഫഷണല്‍ രംഗത്തേക്ക്. മൂന്നു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫിക്കുള്ള കോച്ചിങ് ക്യാംപില്‍. എന്നാല്‍ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞില്ല. സ്വന്തം കഴിവില്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്ന റുഫസിനു ഒന്നു മനസിലായി. ഇതില്‍ എന്തേ കളിയുണ്ട്.
ആ കളിക്കു കൂട്ടു നില്‍ക്കാന്‍ കഴിയാതെ നിരാശയോടെ റുഫസ് കളം മാറ്റി. തമിഴ്നാട് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ടി. എന്‍. ഗോവിന്ദരാജിന്‍റെ നേതാജി സ്പോര്‍ട്സ് ക്ലബ്ബിലേക്കു വിളി വന്നത് 1960ല്‍. മനസു നിറയെ കാല്‍പ്പന്തിന്‍റെ ആവേശവുമായി മദ്രാസിലെത്തി. അടുത്ത വര്‍ഷം വിംകോ സ്പോര്‍ട്സ് ക്ലബ്ബില്‍. മദ്രാസ് ലീഗില്‍ ഇരുപത്തൊന്നു ഗോളുകള്‍ അടിച്ച് മലയാളത്തുകാരന്‍ ടോപ്സ്കോററായി. അന്ന് ആ പുരസ്കാരം വാങ്ങിയതു ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ വിഖ്യാത നേതാവ് അണ്ണാദുരൈയില്‍ നിന്ന്.
അഞ്ചു സംസ്ഥാനങ്ങളും ശ്രീലങ്കയും പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ തമിഴ്നാടിനെ വിജയത്തിലെത്തിച്ചതോടെ റുഫസിന്‍റെ പെരുമ കടല്‍ കടന്നു. അന്നു ഫൈനലിലെ വിന്നിംഗ് ഗോള്‍ ഉള്‍പ്പെടെ പതിനൊന്നു ഗോളുകള്‍. ക്ലബ്ബുകള്‍ ഈ സ്റ്റാര്‍ സ്ട്രൈക്കറെ റാഞ്ചാന്‍ കാത്തു നിന്നു. 1962ല്‍ എസ്ബിഐയില്‍. എസ്ബിഐയുടെ ഹോക്കി ടീമിലും കളിച്ചു. വൈകാതെ തമിഴ്നാട് സംസ്ഥാന ഹോക്കി ടീമിലും കളിച്ചു. അക്കാലത്തെ പ്രമുഖ പത്രങ്ങളെല്ലാം റുഫസിനെ ആവോളം പുകഴ്ത്തി. എന്നാല്‍ അതിലൊന്നുമല്ല റുഫസ് സന്തോഷിക്കുന്നത്. ഫുട്ബോള്‍, ഹോക്കി കളങ്ങളില്‍ എക്കാലത്തേയും പ്രമുഖ താരങ്ങള്‍ക്കൊപ്പമാണ് അന്നു കളിക്കാന്‍ കഴിഞ്ഞത്. ഗോള്‍ കീപ്പര്‍ സെയ്ത് തങ്കരാജ്, എസ്. എസ്. നാരായണന്‍, പാക്കിസ്ഥാനില്‍ നിന്നു വന്ന അസീസ് ലത്തീഫ്, സലിം മന്ന, ജെര്‍ണയില്‍ സിംഗ്, ഒളിംപ്യന്‍ റഹ്മാന്‍, പി.കെ. ബാനര്‍ജി, കിംഗ് ഒഫ് ട്രിബിള്‍ എന്നു വിശേഷിപ്പിച്ചിരുന്ന അഹമ്മദ് ഖാന്‍, ചുനി ഗോസ്വാമി, 1956ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ ഹാട്രിക്ക് നേടിയ നെവിള്‍ ഡിസൂസ...ഇവര്‍ക്കൊപ്പമുള്ള പോരാട്ടങ്ങള്‍, സൗഹൃദങ്ങള്‍...
കാല്‍പ്പന്തിന്‍റെ
കളരി
എഴുപതുകളുടെ തുടക്കത്തില്‍ റുഫസ് കേരളത്തില്‍ തിരിച്ചെത്തി. ഇത്തവണ പ്രായശ്ചിത്തത്തിനുള്ള ശ്രമം നടത്തി സ്വന്തം നാട്. 1972ല്‍ ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചു. ഒരു സായാഹ്ന സവാരി റുഫസ് ഡിസൂസയുടെ ജീവിതത്തില്‍ പുതിയൊരു മുന്നേറ്റത്തിനു തുടക്കമിട്ടു. കുറച്ചു കുട്ടികള്‍ പന്തു തട്ടുന്നതു നോക്കി നിന്നു റുഫസ്. സ്ബ്ജൂനിയര്‍ കിരീടം നേടിയ കേരള ടീമിന്‍റെ ക്യാപ്റ്റന്‍ എം.എം. സെബാസ്റ്റ്യനായിരുന്നു കുട്ടികളില്‍ ഒരാള്‍. കൃത്യമായി ചിലതു പറഞ്ഞു കൊടുത്താല്‍ ഈ കുട്ടികള്‍ എന്തെങ്കിലുമൊക്കെ ആയിത്തീരും എന്നു മനസിലായി. പന്തും ബൂട്ടുമൊക്കെ സൗജന്യമായി നല്‍കി ഒരാള്‍ കളി പഠിപ്പിക്കുന്നു എന്നു കേട്ടപ്പോള്‍ കൂടുതല്‍ കുട്ടികള്‍ എത്തി. സ്റ്റാര്‍ സ്ട്രൈക്കറായി കളത്തില്‍ തിളങ്ങിയ റുഫസ് കളരിയ്ക്കു ഗുരുവായി, ഫുട്ബോള്‍ അങ്കിളായി. പിന്നെ നാല്‍പ്പതു വര്‍ഷങ്ങള്‍. ശിഷ്യരില്‍ കേമന്മാര്‍ നിരവധി. പി.പി. തോബിയാസ്, ഫിറോസ് ഷെറീഫ്, ജേക്കബ് വര്‍ഗീസ്, ഹാമില്‍ട്ടണ്‍ ബോബി, സെബാസ്റ്റ്യന്‍ നെറ്റോ....തമിഴ്നാടിന്‍റെ ക്യാപ്റ്റന്‍ കൂടിയായ ഹാമില്‍ട്ടണ്‍ മക്കളായ ഹെയ്ഡനേയും ആന്‍ഡ്രൂസിനേയും ബൂട്ടു കെട്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗുരുസ്ഥാനത്തു മറ്റാരേയും കണ്ടില്ല. ശിഷ്യപരമ്പരയുടെ പുതുതലമുറ...
റുഫസിന്‍റെ ട്രെയ്നിങ്ങിനെക്കുറിച്ച് അറിഞ്ഞിട്ടാണു കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഇംഗ്ലണ്ട് ഫുട്ബോള്‍ കോച്ച് ടെറിമാന്‍ ഇവിടെയെത്തി കോച്ചിങ്ങില്‍ പങ്കാളിയാവുന്നത്. കളരിയില്‍ കളത്തിലെ കളികള്‍ മാത്രമല്ല പഠിപ്പിക്കുന്നത്. നല്ല കളിക്കാരനാവാന്‍ പഠിപ്പിക്കുന്നതിനൊപ്പം നല്ല മനുഷ്യനാവാനുള്ള അഭ്യാസങ്ങളും പഠിക്കാം. ഫോര്‍ട്ടു കൊച്ചി സാന്‍റോസ് ക്ലബ്ബ് രൂപീകരിച്ചതും റുഫസാണ്. ഒരിക്കല്‍ തിരുവല്ലയില്‍ ഒരു ടൂര്‍ണമെന്‍റില്‍ കരുത്തരായ കേരള പോലീസിനെ സാന്‍റോസ് തകര്‍ക്കുമ്പോള്‍ ഐ.എം. വിജയന്‍, പാപ്പച്ചന്‍, ഗോള്‍കീപ്പര്‍ ചാക്കോ എന്നിവരടക്കം എട്ട് ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്നിരുന്നു പൊലീസ് ടീമില്‍. വി.എം റിനീഷാണ് ഇപ്പോള്‍ സാന്‍റോസ് ക്ലബ്ബിന്‍റെ പ്രസിഡന്‍റ്.
ആരോടും ഫീസ് വാങ്ങില്ല റുഫസ് ഡിസൂസ. ഗുരു ദക്ഷിണ നല്‍കിയാല്‍ അനുഗ്രഹത്തോടെ സ്വീകരിക്കും. വീട്ടിലെ ഷെല്‍ഫില്‍ പുരസ്കാരങ്ങളുടെ അടുക്കില്ല. കിട്ടിയതൊക്കെ ശിഷ്യര്‍ക്കു സമ്മാനിച്ചു. ഒരു ഹോക്കി സ്റ്റിക്ക് സൂക്ഷിക്കുന്നു. 1954ല്‍ ദേശീയ ടൂര്‍ണമെന്‍റ് കളിക്കുമ്പോള്‍ ഒളിംപ്യന്‍ നന്ദീര്‍ സിംഗ് സമ്മാനിച്ചതാണത്. അന്ന് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ആ സ്റ്റിക്ക് കൊണ്ട് യുപിക്കെതിരെ ഗോളടിച്ചു റുഫസ്. വീട്ടുകാരെക്കുറിച്ചു ചോദിച്ചാല്‍ സഹോദരങ്ങളെക്കുറിച്ചു മാത്രം പറയും. പ്രണയിച്ചതു ഫുട്ബോളിനേയും ഹോക്കിയേയും. അതില്‍ ആരെ സഖിയാക്കണം എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു എന്നു തോന്നുന്നു, ആരേയും ജീവിതത്തിലേക്കു വിളിച്ചില്ല...
സുഹൃത്തുക്കള്‍ക്ക്, ശിഷ്യന്മാര്‍ക്ക്, ആരാധകര്‍ക്ക് ഇപ്പോള്‍ റുഫസ് ഡിസൂസയെ വിളിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍, 90480 30845
ഒരു ദിവസത്തെ ട്രെയ്നിങ് അവസാനിക്കുന്നു. സംസാരിച്ചു പിരിയുമ്പോള്‍ ഒരു ഓട്ടൊഗ്രാഫ് ചോദിച്ചു. പിന്നെയാണ് ആ സിഗ്നേച്ചര്‍ നോക്കിയത്. റുഫസ് ഡിസൂസയുടെ കൈയൊപ്പും ഒരു കാല്‍പ്പന്തു കളം പോലെ...
Close...
Maximum Character Allowed -
4000