ആശങ്കയുമായി രാഷ്ട്രീയ പാളയങ്ങള്‍
Published : Thursday,
May 12,
2011
മലപ്പുറം
വേനലില്‍ വിയര്‍പ്പൊഴുക്കി രാഷ്ട്രീയകേരളത്തെ പോളിങ് ബൂത്തിലെത്തിച്ചു. കൂട്ടലും കിഴിക്കലും നടത്തിയപ്പോള്‍ പ്രതീക്ഷകള്‍ മാറിമറിഞ്ഞു. ഒടുവില്‍ രണ്ടുംകല്‍പ്പിച്ചു വിജയം തനിക്കു തന്നെയെന്നു സ്വയം മനസില്‍ ഉറപ്പിച്ചു, എന്തു വന്നാലും സ്വീകരിക്കാനുള്ള മനസന്നദ്ധത കൂടിയുണ്ടാക്കി. നാളെ ആ കാത്തിരിപ്പിനു സമാപനമാണ്. പ്രാര്‍ഥനയും വിശ്വാസവും വിശ്രമവും കഴിഞ്ഞു. പരീക്ഷയെഴുതിയ വിദ്യാര്‍ഥി ഫലം കാത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നെഞ്ചിടിപ്പോടെ അവര്‍ (രാഷ്ട്രീയ പരീക്ഷയെഴുതി കാത്തിരിക്കുന്ന സ്ഥാനാര്‍ഥികള്‍) നാളെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തും. ഉച്ചയോടെ എല്ലാമറിയും. കേരളം എങ്ങോട്ടെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും. സംസ്ഥാനം വലത്തോട്ടോ തെക്കോട്ടോ എന്നതിനേക്കാള്‍ സ്ഥാനാര്‍ഥികള്‍ക്കു പ്രധാനം ഇപ്പോള്‍ അവരുടെ വിജയം തന്നെ.
ഒരു മാസത്തെ കാത്തിരിപ്പ് മടുപ്പിക്കുന്നതാണെന്ന കാര്യത്തില്‍ ഇരുമുന്നണിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ഒരേ അഭിപ്രായം. ജയിച്ചാലും തോറ്റാലും മണ്ഡലത്തില്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഇവര്‍ ഉറപ്പു നല്‍കുന്നു. ആകാംക്ഷ അവസാനിക്കാന്‍ ഒരു ദിനം ബാക്കി നില്‍ക്കെ ജില്ലയിലെ പ്രധാന സ്ഥാനാര്‍ഥികള്‍ മനസു തുറക്കുന്നു.
സംസ്ഥാനത്തു തന്നെ ശ്രദ്ധേയമത്സരം നടന്ന മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. ഇടതു സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പി. ശശികുമാറും, ഇടതുപാളയം വിട്ടു മുസ്്ലിം ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയും തമ്മിലായിരുന്നു അത്. തികഞ്ഞ വിജയ പ്രതീക്ഷയാണു രണ്ടു പേരും പുലര്‍ത്തുന്നത്. കനത്ത മത്സരമാണു മണ്ഡലത്തില്‍ നടന്നതെന്ന് ഇരു സ്ഥാനാര്‍ഥികളും അംഗീകരിക്കുന്നു. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പ് വിരസമായിരുന്നെന്നു യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലി. വോട്ടെണ്ണല്‍ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസങ്ങളില്‍ കണക്കു കൂട്ടലുകള്‍ നടത്തിയിരുന്നു. പിന്നീട് വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം. അവധിക്കാലമായതിനാല്‍ പേരക്കുട്ടികളെല്ലാം വീട്ടിലുണ്ട്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണെന്നും മഞ്ഞളാം കുഴി അലി പറഞ്ഞു.
കടുത്ത മത്സരമാണെങ്കിലും വിജയം തനിക്കൊപ്പമാകുമെന്ന പ്രതീക്ഷയിലാണു സിറ്റിങ് എംഎല്‍എ പി. ശശികുമാര്‍. എംഎല്‍എയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളും ഭരണവിരുദ്ധ വികാരമില്ലാത്തതും അനുകൂല ഘടങ്ങളാണ്. ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലവും. ജയിച്ചാലും തോറ്റാലും തുടര്‍ന്നു പെരിന്തല്‍മണ്ണയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും ശശികുമാര്‍ പറഞ്ഞു.
താനൂര്‍ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തന്‍റെ വിജയത്തെക്കുറിച്ച് ആശങ്കകളൊന്നുമില്ല. 15000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകും. മറ്റു സ്ഥാനാര്‍ഥികളില്‍ നിന്നു വ്യത്യസ്തമായി പുസ്തക രചനയ്ക്കായാണു കഴിഞ്ഞ ഒരുമാസം രണ്ടത്താണി ചെലവഴിച്ചത്. അബ്്ദുറഹ്മാന്‍ രണ്ടത്താണി രചിച്ച മായുന്ന ചുവപ്പ് എന്ന ലേഖന സമാഹാരം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. സിറ്റിങ് എംഎല്‍എയെന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ തനിക്കു തുണയാകുമെന്നും രണ്ടത്താണി കണക്കുകൂട്ടുന്നു.
താനൂരില്‍ ഇത്തവണ അട്ടിമറി നടക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു സ്ഥാനാര്‍ഥി ഇ. ജയന്‍. 1000ല്‍ താഴെ വോട്ടുകള്‍ക്കു വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. താനൂര്‍ ദേവധാര്‍ സ്കൂള്‍ പിടിഎ പ്രസിഡന്‍റായ ഇ. ജയന്‍ സ്കൂളിലെ പുതിയ കെട്ടിടം നിര്‍മാണത്തിന്‍റെ തിരക്കിലായിരുന്നു. തിരൂര്‍ അര്‍ബന്‍ ബാങ്ക് ഭാരവാഹി കൂടിയായ ജയന്‍ ബാങ്ക് ആവശ്യത്തിനായി മുംബൈയിലും പോയിരുന്നു.
ഹാട്രിക് വിജയം ഉറപ്പാണെന്ന് വണ്ടൂര്‍ എംഎല്‍എ എ.പി. അനില്‍കുമാര്‍. 20,000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പ്. മണ്ഡലത്തില്‍ കഴിഞ്ഞ ഒരു മാസവും സജീവമായിരുന്നു. കല്യാണങ്ങളിലും മറ്റും പങ്കെടുത്തു. എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ രണ്ടു തവണ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വണ്ടൂരിലെ ജനങ്ങള്‍ തനിക്ക് അവസരം നല്‍കുമെന്ന ഉറപ്പിലാണ് അനില്‍കുമാര്‍.
നിലമ്പൂരില്‍ അട്ടിമറി വിജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പ്രൊ. തോമസ് മാത്യു. സിറ്റിങ് എംഎല്‍എ മണ്ഡലത്തില്‍ വികസന പദ്ധതികളൊന്നും മണ്ഡലത്തില്‍ നടപ്പാക്കിയിട്ടില്ല. നടന്ന തെരഞ്ഞെടുപ്പിനു ശേഷം ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ ധാരാളം സമയം കണ്ടെത്തി. ചുങ്കത്തറ മാര്‍ത്തോമ കോളജിലെ പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞെങ്കിലും ഔദ്യോഗികമായി ചെയ്തുതീര്‍ക്കാന്‍ ഒരുപാട് പ്രവൃത്തികള്‍ ബാക്കിയുള്ളതു തീര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ജയിച്ചാലും തോറ്റാലും സജീവമായി രാഷ്ട്രീയത്തില്‍ ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 35 വര്‍ഷമായി സംസ്ഥാന നിയമസഭയില്‍ നിലമ്പൂരിന്‍റെ പ്രതിനിധിയായ ആര്യാടന്‍ മുഹമ്മദ് ഇടത്- വലതു മുന്നണികള്‍ക്കു സ്വീകാര്യനാണ്. ഈ വ്യക്തിപ്രഭവം കൊണ്ടുതന്നെ ജനങ്ങള്‍ തന്നെ നിയമസഭയിലേക്കു തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു തര്‍ക്കമില്ല. തെരഞ്ഞടുപ്പ് നടന്നതിനു ശേഷം രണ്ടു തവണ അദ്ദേഹം തിരുവനന്തപുരത്തു പോയി ഔദ്യോഗിക കാര്യങ്ങള്‍ നോക്കിയിരുന്നു. തെരഞ്ഞെടുപ്പു നടന്നതിനു ശേഷം തന്‍റെ നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം നിരന്തരം സമ്പര്‍ക്കത്തിലായിരുന്നു. നിലമ്പൂരില്‍ അട്ടിമറി നടക്കുമെന്നു ചിലര്‍ പ്രചരിപ്പിക്കുന്നതില്‍ യാഥാര്‍ഥ്യമില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ആരോഗ്യമുള്ള കാലത്തോളം രാഷ്ട്രീയത്തില്‍ തുടര്‍ന്നു പോകാനാണ് ആര്യാടന്‍റെ തീരുമാനം.
ഭരണ വിരുദ്ധ വികാരമില്ലാത്ത തെരഞ്ഞെടുപ്പായതിനാല്‍ തികഞ്ഞ പ്രതീക്ഷയിലാണു തിരൂരിലെ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.പി. അബ്്ദുള്ളക്കുട്ടി. ഫലമറിയാന്‍ ഒരു മാസം നീണ്ട കാത്തിരിപ്പ് കഠിനം. എന്നാലും വിവിധ പരിപാടികളുമായി മണ്ഡലത്തില്‍ സജീവം. എക്സിറ്റ് പോളുകളില്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് കുറച്ചു സീറ്റുകള്‍ മാത്രമാണു പ്രവചിക്കുന്നത്. ഇതും മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന്‍റെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. തോറ്റാലും ജയിച്ചാലും മണ്ഡലത്തില്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
കൊണ്ടോട്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദുണ്ണി ഹാജി തന്‍റെ ഭൂരിപക്ഷത്തെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. യുഡിഎഫിന്‍റെ ഉരുക്കുകോട്ടയാണെന്നു കൊണ്ടോട്ടി ഇത്തവണയും തെളിയിക്കും. എപ്പോഴും പ്രവര്‍ത്തകര്‍ക്കിടയിലായതിനാല്‍ കഴിഞ്ഞ ഒരു മാസവും പ്രത്യേകതകളില്ലാതെ കടന്നുപോയി. യുഡിഎഫിലെ അനൈക്യം ഇത്തവണ തനിക്കു തുണയാകുമെന്നാണു മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി പി.സി. നൗഷാദ്. നല്ല രീതിയില്‍ പ്രചാരണം നടത്താന്‍ സാധിച്ചു. ജയിച്ചാലും തോറ്റാലും മണ്ഡലത്തില്‍ തന്നെ ഉണ്ടാകുമെന്നും നൗഷാദും ഉറപ്പു നല്‍കുന്നു.
Close...
Maximum Character Allowed -
4000