Wednesday, May 23, 2012   7:54 AM IST
Vaartha BlogRSS
Loading
തോല്‍വിയുടെ ആഘാതത്തില്‍ കോണ്‍ഗ്രസ്
Published : Sunday, May 15, 2011
|
  
Text Size
കോഴിക്കോട്

സ്വന്തം ലേഖകന്‍

കനത്ത തിരിച്ചടിയുടെ ആഘാതത്തില്‍നിന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം മോചിതമായില്ല. പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഇന്നോ നാളെയോ യോഗം ചേരുമെന്നു ഡിസിസി പ്രസിഡന്‍റ് കെ.സി. അബു. അഞ്ചു സീറ്റുകളില്‍ യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നെന്നും കൊയിലാണ്ടിയിലും വടകരയിലും എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും അദ്ദേഹം.

യുഡിഎഫിനു ഭരണം ലഭിച്ചിട്ടും ഒരു പ്രതിനിധിയെപ്പോലും സഭയിലേക്ക് അയക്കാന്‍ കഴിയാത്തതിന്‍റെ ജാള്യത കോണ്‍ഗ്രസിനെ വിട്ടുമാറിയില്ല. ഘടകക്ഷിയായ മുസ്ലിം ലീഗ്, മത്സരിച്ച അഞ്ചില്‍ മൂന്നു സീറ്റുകള്‍ നേടിയപ്പോള്‍ അഞ്ചിടത്തു മത്സരിച്ച് അവിടെയെല്ലാം തോറ്റു.

ജില്ലയിലെ മണ്ഡല വിഭജനം ഇടത് അനുകൂലമായതാണ് ഇത്ര വലിയൊരു തിരിച്ചടിക്കു കാരണമെന്നാണു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളെല്ലാം വിജയസാധ്യത നന്നേ കുറഞ്ഞതായിരുന്നെന്നും കുറ്റസമ്മതം. കുറ്റ്യാടി, കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണു മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. നാദാപുരം, കൊയിലാണ്ടി, ബാലുശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിച്ചു.

ജില്ലയില്‍ ഇടതിന്‍റെ കുത്തക സീറ്റുകളാണു നാദാപുരം, ബാലുശേരി, ബേപ്പൂര്‍. എലത്തൂര്‍, പേരാമ്പ്ര മണ്ഡലങ്ങള്‍. കൊടുവള്ളിയും തിരുവമ്പാടിയും കുന്ദമംഗലവും കോഴിക്കോട് സൗത്തും കൊയിലാണ്ടിയും വടകരയും യുഡിഎഫിനു ജയസാധ്യതയുള്ള സീറ്റുകളും. മണ്ഡലം പിറന്നതു മുതല്‍ ഇടതു മുന്നണി കൈവശം വച്ചു വരുകയാണു നാദാപുരം. ഇക്കാലംവരെ യുഡിഎഫിലെ പ്രമുഖരെല്ലാം ഇവിടെ മത്സരിച്ചു തോറ്റേ മടങ്ങിയിട്ടുള്ളൂ. അത്തരമൊരു മണ്ഡലമാണു കോണ്‍ഗ്രസിനു മത്സരിക്കാന്‍ കിട്ടിയ സീറ്റുകളില്‍ ഒന്ന്.

ബാലുശേരിയുടെയും ബേപ്പൂരിന്‍റെയും പേരാമ്പ്രയുടെയും സ്ഥിതി വ്യത്യസ്മതല്ല. ഇടതു കോട്ടയാണു ബാലുശേരി. വര്‍ഷങ്ങളായി ജയിച്ചു കയറുന്നത് ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം. ബേപ്പൂരിലും പേരാമ്പ്രയിലും ഇതുവരെ കോണ്‍ഗ്രസ് ജയിച്ചതു രണ്ടേ രണ്ടുതവണ. ഇത്തരത്തില്‍ വിജയസാധ്യത ഏറ്റവും കുറഞ്ഞ സീറ്റുകള്‍തന്നെ കോണ്‍ഗ്രസില്‍ വച്ചുകെട്ടുകയാണെന്ന ആക്ഷേപം പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. കൊയിലാണ്ടി മാത്രമായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചതില്‍ അല്‍പ്പമെങ്കിലും ജയസാധ്യതയുള്ള മണ്ഡലം. യുഡിഎഫ് കേരളത്തില്‍ വലിയ മുന്നേറ്റം നടത്തുമ്പോള്‍ കൊയിലാണ്ടി കോണ്‍ഗ്രസിനെ തുണയ്ക്കാറുണ്ട്. ഇത്തരത്തില്‍ വിജയസാധ്യതകള്‍ ഏറെ കുറഞ്ഞ മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെ തലയില്‍ വച്ചുകെട്ടുകയായിരുന്നെന്ന് ആക്ഷേപം പ്രവര്‍ത്തകര്‍കഅകുണ്ട്. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതിലും അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിലും ജില്ലാ നേതൃത്വം സമ്പൂര്‍ണ പരാജയമെന്നും ആക്ഷേപം.

തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നു പ്രവര്‍ത്തകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നു. മണ്ഡലത്തിലെ നാലു പഞ്ചായത്തുകള്‍ ഭരിക്കുന്നതു കോണ്‍ഗ്രസ്. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയും കോണ്‍ഗ്രസ് തന്നെ. എന്നിട്ടും ലീഗിന്‍റെ വാശിക്കു മുന്നില്‍ നേതൃത്വം മുട്ടുമടക്കുകയാണെന്നു പരാതിയുണ്ട്.

സീറ്റുകള്‍ വീതം വയ്ക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ക്കു പരാതി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു തെക്കന്‍ കേരളത്തില്‍ മാത്രമാണു ശ്രദ്ധ. അവിടെ ഒരു സീറ്റ് കൂടുതല്‍ കിട്ടിയാല്‍ തനിക്കു കൂടി മത്സരിക്കാന്‍ കഴിയുമോ എന്നതാണു കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാക്കളുടെ ചിന്ത. അതിനിടെ വടക്കന്‍ ജില്ലകളുടെ കാര്യത്തില്‍ പൂര്‍ണമായി ഘടകകക്ഷികള്‍ക്കു വഴങ്ങുന്നു. ജയസാധ്യതയുള്ള സീറ്റുകളുമായി ഘടകകക്ഷികള്‍ മടങ്ങുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജില്ലാ നേതൃത്വതമാണു പ്രാദേശിക കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്. ഇക്കാര്യത്തില്‍ നേതൃത്വം പൂര്‍ണമായി പരാജയമെന്നും ആക്ഷേപം.

പരാജയത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്‍റിന് എതിരേ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്.
Rate This News :
Latest News